April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തൂത്തുക്കുടിക്കും വിഴിഞ്ഞത്തിനും രണ്ട് നിലപാട് എന്തിന്? പ്രധാനമന്ത്രിക്ക് മുഖ്യമന്തിയുടെ കത്ത്

തൂത്തുക്കുടിക്കും വിഴിഞ്ഞത്തിനും രണ്ട് നിലപാട് എന്തിന്? പ്രധാനമന്ത്രിക്ക് മുഖ്യമന്തിയുടെ കത്ത്

By on December 14, 2024 0 61 Views
Share

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടികാട്ടി. വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ്‌ രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ നൽകിയത്. ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസൻ്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടു വച്ചത്. വിജിഎഫ് ആയി കേന്ദ്രം നൽകുന്നത് 817.80 കോടി രൂപയാണെങ്കിലും തിരിച്ചടവിൻ്റെ കാലയളവിൽ പലിശ നിരക്കിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽ നിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10000 മുതൽ 12000 കോടി രൂപയായി തിരിച്ചടക്കണം എന്നാണ് കണക്കാക്കപ്പെടുന്നത്.

വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാൻ്റായി നൽകുന്നതാണ്. അവ വായ്പയായി പരിഗണിക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേന്ദ്ര സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നൽകിയ തുക സംസ്ഥാന സർക്കാരിനു നൽകിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിൻ്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിൻ്റെ ബാധ്യതയാക്കി മാറ്റുകയുമാണ് ചെയ്യുന്നത് എന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് പുറത്തിറക്കിയ വിജിഎഫ് മാർഗ്ഗനിർദ്ദേശങ്ങളിൽ എവിടെയും concessioneer-നെ സഹായിക്കുന്ന ഗ്രാന്റ് തിരിച്ചടക്കണമെന്ന് നിബന്ധന വെച്ചിട്ടില്ല. 2005-ൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളിൽ (പിപിപി) വിജിഎഫ് നടപ്പിലാക്കി തുടങ്ങിയതുമുതൽ ഇതുവരെ 238 പദ്ധതികൾക്കായി ₹23,665 കോടിയോളം തുക വിജിഎഫായി കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഒന്നിൽ പോലും ഇതുവരെ ഇത്തരം ലോൺ ആയി കണ്ടുള്ള തിരിച്ചടവുകൾ ഏർപ്പെടുത്തിയിട്ടില്ല.

വിജിഎഫ് സ്കീം പ്രാവർത്തികമാക്കിയത് തന്നെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുതൽമുടക്കിലുള്ള സംസ്ഥാനങ്ങളുടെ അധികഭാരം ലഘൂകരിക്കാൻ ഉദ്ദേശിച്ചാണ്. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ വിജിഎഫ് തിരിച്ചടവുമായി ബന്ധപ്പെട്ട കേന്ദ്ര ധനമന്ത്രാലയത്തിന്റെ പുതിയ നിലപാട് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിൻ്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ നൽകുന്ന ₹817.80 കോടി വിജിഎഫ് തുകയ്ക്ക് പുറമെ സമാനമായ തുക സംസ്ഥാന സർക്കാരും concessioneer-ന് വിജിഎഫ് ആയി അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ, കേരള സർക്കാർ ഈ പദ്ധതിയിൽ ₹4,777.80 കോടി കൂടി നിക്ഷേപിക്കുന്നുണ്ട്. ദേശീയ പ്രാധാന്യമുള്ള ഒരു പദ്ധതിയിൽ, സാമ്പത്തിക കഷ്ടതകൾക്കിടയിലും സംസ്ഥാന സർക്കാർ ഇത്ര വലിയ തുക നിക്ഷേപിക്കുന്നതിനാൽ, ഈ ശ്രമങ്ങൾക്കു വേണ്ട കൃത്യമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *