April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട’; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

‘ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട’; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

By on March 4, 2025 0 20 Views
Share

തിരുവനന്തപുരം : ആശ വർക്കർമാരുടെ സമരത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. സമരത്തിന് പിന്നിൽ രഹസ്യ രാഷ്ട്രീയ അജണ്ടയെന്ന് മന്ത്രി വിമർശിച്ചു. സമരം ന്യായമാകണമെന്നും വസ്തുതകൾ മറച്ചുവെച്ച് സമരം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണ്. സിഐടിയുവിൻ്റെ വിമർശനം അനുഭവത്തിൽ നിന്നാണ്. തൊഴിൽ മന്ത്രി എന്ന നിലയിൽ തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

2016-2024 കാലയളവില്‍ ഇട‌ത്പക്ഷ സർക്കാ‍‍ർ ആശമാരുടെ ഓണറേറിയം 1000 രൂപയില്‍ നിന്ന് 7000 രൂപയായി ഉയര്‍ത്തിയിരുന്നു. സ്ഥിരമായി ജോലി ചെയ്താൽ ആശമാർ‌‍ക്ക് ഇൻസെന്റീവ് ഉൾപ്പടെ 13,200 രൂപ ലഭിക്കും. കുറഞ്ഞ തുക മാത്രമാണ് ആശമാർക്ക് ഓണറേറിയം നൽകാനായി കേന്ദ്രം പറഞ്ഞിരിക്കുന്നത്. എന്നാൽ കേരളത്തിലാണ് ആശമാർക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം ലഭിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി  പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആശമാർക്ക് ലഭിക്കുന്ന ഓണറേറിയം 1000 രൂപയാണെന്നും, കോൺ​ഗ്രസ് ഭരിക്കുന്ന കർണാടകയിൽ 5000 രൂപയാണ് ലഭിക്കുന്നതെന്നും ആശമാർ ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ സമരത്തിന് എതിരല്ല എന്നും തൊഴിലാളികൾ സമരം ചെയ്യുന്നത് ന്യായത്തിന് വേണ്ടിയാണെങ്കിൽ ആ പ്രശ്നം സർക്കാർ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ്ജ് ആശവർക്കർമാരുടെ യോഗം വിളിച്ചെങ്കിലും ചില കാരണങ്ങൾ കൊണ്ട് ചർച്ച നടന്നില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

അതേ സമയം ഓണറേറിയം വർധന ആവശ്യപ്പെട്ടുള്ള ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റ് സമരം ഇരുപത്തിമൂന്നാം ദിവസവും തുടരുകയാണ്. ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലപാട്. സമരത്തിന് പിന്തുണ അറിയിച്ച്‌ ബിജെപി സെക്രട്ടറിയേറ്റിലേക്ക് ഇന്ന് മഹിളാ മാർച്ച്‌ നടത്തും. തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്‌. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാർച്ച്‌ ഉത്ഘാടനം ചെയ്യും.

ഇന്നലെ സമരത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ്സ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്നലെ ആശ പ്രവർത്തകർ നടത്തിയ നിയമസഭ മാർച്ച്‌ വിജയമെന്നാണ് സമരസമിതിയുടെ വിലയിരുത്തൽ. ആശ പ്രവർത്തകരെ അധിക്ഷേപിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആലോചനയുണ്ട്.

ഫെബ്രുവരി പത്ത് മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങിയത്. ഇതിനിടയില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.

 

Leave a comment

Your email address will not be published. Required fields are marked *