April 16, 2025
  • April 16, 2025
Breaking News

ജി എസ് ടി പരിശോധന:

By on March 20, 2025 0 10 Views
Share

ജി.എസ്.ടി റിട്ടേൺ സൂക്ഷ്മ പരിശോധന ഇഴയുന്നു | GST return scrutiny drags on |  Madhyamam

തിരുവനന്തപുരം: സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് എത്തുന്ന ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുമ്പും ശേഷവും ബന്ധപെട്ട രേഖകൾ വ്യാപാരിയേയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധനയ്ക്കായി ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങൾ ഏതൊക്കെ എന്നുമുള്ള ഔദ്യോഗിക രേഖകൾ ഇതിലുണ്ടാവണം. ഇതു സംബന്ധിച്ച് വ്യാപാരിക്ക് ഭാവിയിൽ സംശയമുണ്ടായാലോ അതിന്റെ പകർപ്പ് കാണണമെന്ന് ആവശ്യപ്പെട്ടാലോ അവ സാക്ഷ്യപ്പെടുത്തി നല്കുകയും വേണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടാൽ എത്രയും വേഗം നല്കണം. 30 ദിവസം കഴിഞ്ഞാൽ സൗജന്യമായി നല്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ. ഹക്കിം ഉത്തരവായി.

ഇതു നല്കുകവഴി വകുപ്പിന്റെ ഔദ്യോഗിക ജോലികൾക്ക് ഒരു തടസ്സവും ഉണ്ടാകാനില്ല . നല്കാതിരിക്കുന്നത് വ്യാപാരിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും അത് ശിക്ഷാർഹമാണെന്നും ഉത്തരവിൽ പറയുന്നു.
mims hospital
കൊല്ലം ചാമക്കട ബോബി സ്റ്റോറിന്റെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനക്കുള്ള ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടത് കൊട്ടാരക്കര ജിഎസ്ടി ഇന്റലിജന്‍സും എൻഫോഴ്സ് മെന്റും വിഭാഗം നിരസിച്ചിരുന്നു. തുടർന്ന് വിവരാവകാശ കമ്മിഷന് ലഭിച്ച അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.

ഹിയറിംഗിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കാത്തതിനാൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന നിലപാട് ജി.എസ്.ടി യിലെ ഉന്നത ഉദ്യോഗസ്ഥർ ആവർത്തിച്ചു. നികുതി ബാധ്യത സംബന്ധിച്ച അന്തിമ തീർപ്പിന് ശേഷമേ വിവരം നല്കാൻ കഴിയൂ എന്ന വിശദീകരണമാണ് അവർ സമർപ്പിച്ചത്. പരിശോധനക്ക് മുമ്പ് വ്യാപാരിക്ക് വേണമെങ്കിൽ അത് ആവശ്യപ്പെട്ട് ബോധ്യപ്പെടാമെന്നാണ് ചട്ടമെന്ന് ഉദ്യോഗസ്ഥർ വാദിച്ചു.

ഈ വാദം കമ്മിഷൻ തള്ളി. ഇത് നീതി നിഷേധമാകുമെന്നും വകുപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ ആ രേഖാ പകർപ്പ് നല്കണമെന്നും കമ്മിഷണർ ഉത്തരവിൽ നിർദ്ദേശിച്ചു.

ഒരു സർക്കാർ വകുപ്പിന്റെ സാങ്കേതിക കാര്യങ്ങളിൽ എല്ലാ വ്യാപാരികള്‍ക്കും എപ്പോഴും അറിവുണ്ടായിരിക്കണമെന്നില്ല . എന്നാല്‍ തന്റെ സ്ഥാപനത്തിൽ പരിശോധനയ്ക്ക് വന്ന്പോയ ഉദ്യോസ്ഥർ ശരിക്കും അതിന് അധികാരമുള്ളവരാണോ , തന്റെ ഏതൊക്കെ സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് ഉത്തരവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ അറിയുവാൻ ഏത് വ്യാപാരിക്കും അവകാശമുണ്ട് . അത് സാങ്കേതികത്വം പറഞ്ഞ് നിഷേധിക്കാൻ പാടില്ല .

ബോബി സ്റ്റോർ ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ജിഎസ്ടി – ഐ എസ് എൻ _01 ന്റ പകർപ്പ് സാക്ഷ്യപ്പെടുത്തി സൗജന്യമായി നല്കണമെന്നും അതിന്റെ നടപടി വിവരം മാർച്ച് 28 നകം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. വീഴ്ച വരുത്തിയാൽ ചരക്ക് സേവന നികുതി വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിവരാവകാശ നിയമം
വകുപ്പ് 20(1) പ്രകാരം ഫൈൻ ചുമത്തുമെന്നും 20 (2) പ്രകാരം അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുമെന്നും കമ്മിഷണർ ഡോ. എ. എ . ഹക്കീം ഉത്തരവിൽ ഓർമ്മിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *