April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു, നഷ്ടപ്പെട്ടത് സ്‌നേഹം നിറഞ്ഞ പങ്കാളിയെ’; മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത്

‘വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു, നഷ്ടപ്പെട്ടത് സ്‌നേഹം നിറഞ്ഞ പങ്കാളിയെ’; മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത്

By on April 3, 2025 0 41 Views
Share

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഒളിവില്‍ കഴിയവെയാണ് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം.

ഒരു ഘട്ടത്തിലും മരിച്ച ഐബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയത്. ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. സത്യസന്ധമായ സ്നേഹവും നിറഞ്ഞ പിന്തുണയുമാണ് എപ്പോഴും ഐബി ഉദ്യോഗസ്ഥയോട് പ്രകടിപ്പിച്ചത്. ഐബി ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും തീരുമാനത്തെയും എപ്പോഴും അംഗീകരിച്ചിരുന്നു. അവരുടെ മരണം ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരാളാണ് താന്‍ എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

സ്നേഹം നിറഞ്ഞ പങ്കാളിയെ മാത്രമല്ല, അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ താന്‍ നിരപരാധിയാണ്. കുറ്റകൃത്യവുമായി ഒരു ബന്ധവുമില്ല. സംശയത്തിന്റെ നിഴലിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിടുകയാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനാവശ്യമായി തന്നെ സംശയിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് സുരേഷ് പറയുന്നു.

അതേസമയം, മകള്‍ ലൈംഗിക ചൂഷണം നേരിട്ടുവെന്നാണ് പിതാവ് ആരോപിക്കുന്നത്. സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. മകള്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടതായി പിതാവ് പറഞ്ഞിരുന്നു. മകളുടെ ശമ്പളത്തുക മുഴുവന്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മകളുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് ആയിരം രൂപ മാത്രമാണ്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *