April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • കോൺഗ്രസ് തോൽക്കുമെന്നതിന്റെ ആദ്യ വെടി പൊട്ടി;സരിന്റെ ഭാവി നിലപാട് നോക്കിയാവും എൽഡിഎഫ് തീരുമാനമെന്ന് സുരേഷ്ബാബു

കോൺഗ്രസ് തോൽക്കുമെന്നതിന്റെ ആദ്യ വെടി പൊട്ടി;സരിന്റെ ഭാവി നിലപാട് നോക്കിയാവും എൽഡിഎഫ് തീരുമാനമെന്ന് സുരേഷ്ബാബു

By on October 16, 2024 0 49 Views
Share

പാലക്കാട്: കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കോണ്‍ഗ്രസ് തോല്‍ക്കുമെന്നതിന്റെ ആദ്യ വെടിയാണ് പൊട്ടിയതെന്ന് അദ്ദേഹം പ്രതികരിച്ചു. എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടു എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മണ്ഡലം എല്‍ഡിഎഫ് പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സരിന്‍ തിരുത്തിച്ചിട്ട് കോണ്‍ഗ്രസ് തിരുത്തില്ല. സരിന്റെ ഭാവി നിലപാട് നോക്കിയാവും അടുത്ത എല്‍ഡിഎഫ് തീരുമാനമെന്നും സുരേഷ് ബാബു വ്യക്തമാക്കി. ഭാവി പരിപാടികള്‍ നോക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാലക്കാട് മുന്‍ എംഎല്‍എയും വടകര എംപിയുമായ ഷാഫി പറമ്പിലിനെതിരെയും ഇ എന്‍ സുരേഷ് ബാബു പ്രതികരിച്ചു.

 

‘ഷാഫി പറമ്പിലിന്റെ നിലപാട് ധിക്കാരപരമായിരുന്നു. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിക്കാനാവില്ല. ഈ ജില്ലയില്‍ താന്‍ പറയുന്നതേ നടക്കാവൂ എന്ന ധിക്കാരമാണ് ഷാഫിക്ക്. സരിന്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാരന്‍. ജില്ലയിലെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയുണ്ടാവും. മാങ്കൂട്ടത്തിലിനെ നിര്‍ത്തിയില്ലെങ്കില്‍ രാജി വെക്കുമെന്ന് പോലും ഷാഫി പറഞ്ഞു’, സുരേഷ് ബാബു പറഞ്ഞു. സരിനെ ആരും പിന്തിരിപ്പിച്ചില്ലെന്നും അയാള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പുറത്തേക്കുള്ള വഴി തുറന്ന് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സരിന്റേത് അച്ചട ലംഘനമെന്നാണ് കെപിസിസിയുടെ നിലപാട്. കെപിസിസി നേതൃത്വവും എഐസിസിയുമായുള്ള കൂടിയാലോചനയിലാണ് തീരുമാനം. സരിന്റെ നിലപാട് എഐസിസി തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും കെപിസിസി വിലയിരുത്തി. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നതെന്നുമാണ് കെപിസിസി വിലയിരുത്തല്‍.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തയച്ചിരുന്നുവെന്നും സരിന്‍ സൂചിപ്പിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *