April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാകേണ്ടതെന്ന് എന്‍.എന്‍. കൃഷ്ണദാസ്; കൃഷ്ണദാസിനെ തള്ളി സി.പി.എം ജില്ല സെക്രട്ടറി

ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാകേണ്ടതെന്ന് എന്‍.എന്‍. കൃഷ്ണദാസ്; കൃഷ്ണദാസിനെ തള്ളി സി.പി.എം ജില്ല സെക്രട്ടറി

By on November 8, 2024 0 130 Views
Share

പാലക്കാട്: ട്രോളി വിവാദം തിരിച്ചടിയായതോടെ നിലപാട് മാറ്റി സി.പി.എം. പാലക്കാട് ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാക്കേണ്ടതെന്ന് സംസ്ഥാന സമിതി അംഗം എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു. മന്ത്രി എം.ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് സി.പി.എം അല്ല, പൊലീസ് ആണ്. രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിലെ പ്രശ്നം. പാവപ്പെട്ട മനുഷ്യന്‍റെ ജീവിതപ്രശ്നം തെരഞ്ഞെടുപ്പ് സമയത്തല്ലാതെ എപ്പോഴാണ് ചർച്ച ചെയ്യേണ്ടത്. വോട്ട് സമയത്തല്ലേ എല്ലാവരെയും കണ്ടത്. അപ്പോഴല്ലേ എം.എൽ.എയെയും എം.പിയെയും കാണുന്നത്. വികസനമല്ലേ ചർച്ച ചെയ്യേണ്ടതെന്നും കൃഷ്ണദാസ് ചോദിച്ചു.
ഇതുപോലെ ദുരന്തമായ നഗരം കേരളത്തിൽ വേറെ ഉണ്ടാവില്ല. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടരുത്. രാഷ്ട്രീയം ചർച്ച ചെയ്യണം. രാഷ്ട്രീയം ചർച്ച ചെയ്താൽ യു.ഡി.എഫും ബി.ജെ.പിയും തോൽക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം എന്നാൽ മനുഷ്യരുടെ ജീവിതമാണ് അജണ്ട. ഏത് തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയമായാണ് എൽ.ഡി.എഫ് കാണുന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി.


അതേസമയം, എന്‍.എന്‍ കൃഷ്ണദാസിന്‍റെ വാദം തള്ളി സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി എൻ. സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണ വിവാദവും തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണെന്ന് സുരേഷ് ബാബു പറഞ്ഞു.

ജനകീയ വിഷയങ്ങൾക്കൊപ്പം കള്ളപ്പണവും ചർച്ചയാകും. യു.ഡി.എഫിനെതിരെ എല്ലാ ജനകീയ, രാഷ്ട്രീയ വിഷയങ്ങളും ചർച്ചയാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൃഷ്ണദാസ് പറഞ്ഞ കാര്യങ്ങൾ താൻ മനസിലാക്കിയിട്ടില്ല. കൃഷ്ണദാസ് പറഞ്ഞതിനോട് അദ്ദേഹത്തോട് തന്നെ ചോദിക്കണം. പാർട്ടിക്ക് പ്രതിസന്ധിയില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *