April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഒ.ആബു സ്മാരക അവാർഡ് ജലീൽ മാളിയേക്കലിന്

ഒ.ആബു സ്മാരക അവാർഡ് ജലീൽ മാളിയേക്കലിന്

By on February 19, 2025 0 78 Views
Share

തലശ്ശേരി: വിഖ്യാത മാപ്പിളപ്പാട്ടു രചയിതാവും ഗ്രന്ഥകാരനുമായിരുന്ന ഒ.ആബു സാഹിബിൻ്റെ സ്മരണാർത്ഥം തലശ്ശേരി മാപ്പിള കലാകേന്ദ്രം ഏർപ്പെടുത്തിയ പതിനാറാമത് ഒ.ആബു സ്മാരക അവാർഡ് പ്രഖ്യാപിച്ചു. പ്രമുഖ സംഗീതജ്ഞനും ഗായകനും ഗാന രചയിതാവുമായ ജലീൽ മാളിയേക്കൽ ആണ് 2025ലെ അവാർഡിന് അർഹനായത്. ടി.കെ.ഡി. മുഴപ്പിലങ്ങാട്, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ജന. സെക്രട്ടറി ആരിഫ് കാപ്പിൽ, ഒ.ആബുവിൻ്റെ ചെറുമകനും എഴുത്തുകാരനുമായ ഫനാസ് തലശ്ശേരി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്‌ ഏപ്രിൽ മധ്യവാരം ഒ.ആബുവിൻ്റെ അനുസ്മരണ സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും.
സംഗീതജ്ഞനായ പിതാവ് ടി.സി.ആബൂട്ടിയിലൂടെ ചെറുപ്പത്തിൽ തന്നെ ജലീൽ മാളിയേക്കൽ സംഗീതവഴിയിൽ ചേക്കേറി.ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഹാർമോണിയം പഠിച്ചു. കേരളത്തിലെ ചുരുക്കം ജലതരംഗ വാദകരിൽ പ്രമുഖനാണ്. ജലതരംഗവും ഹാർമോണിയവും കൂടാതെ ബുൾബുൾ, പിയാനോ, സായിബാജ, എക്കോർഡിയൻ, ബാഞ്ചോ, തബല, മൗത്ത് ഓർഗൺ, ഊദ്, ഗിറ്റാർ, വയലിൻ, സിത്താർ, മാൻഡോലിൻ തുടങ്ങിയ ഉപകരണങ്ങളിലും വിദഗ്ദനാണ്.


ഒ. ആബു രചിച്ച ‘അജ്ഞത അന്ധകാരത്തിൽ..’, ‘മാസം കണ്ടു മാസം കണ്ടു..’, ‘സുദിനം വന്നല്ലോ വരുവിൻ..’, എം.കുഞ്ഞിമൂസ പാടിയ മൊയിൻ കുട്ടി വൈദ്യരുടെ ‘ആനെ മദനപ്പൂ..’, ‘കണ്ടാരക്കട്ടുമ്മൽ..’, ‘പോലെ നടപ്പ് ശീലമിൽ..’, എ.ടി.ബാലൻ എഴുതിയ ‘കേട്ടു ഗുരുദേവൻ അരുളിയ..’, ‘പാവന സന്ദേശം വാഴ്ക വാഴ്ക..’, പീർ മുഹമ്മദ് പാടിയ ‘മഹിയിൽ മഹാസീനെന്ന..’, ‘മുത്തു വൈരക്കല്ല് വെച്ച…’ തുടങ്ങിയ ഗാനങ്ങൾക്ക് ഈണം നല്കി. ഒ.ആബുവിൻ്റെ ‘മക്കത്തുദിത്തൊളിവെ..’, ‘അന്തിമ നബിയാരെ..’ തുടങ്ങിയ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കി. ‘പടിഞ്ഞാറ് സൂര്യനുദിച്ചീടുമോ..’ (നാടകം: വിഷക്കാറ്റ്), ‘മാവേ മാവേ തേന്മാവേ..’ (തിളക്കുന്ന കടൽ) തുടങ്ങി നിരവധി നാടക ഗാനങ്ങൾക്കും സംഗീതം നല്കി. ‘കേരം തിങ്ങിയ കേരള നാടെ..’, ‘അഴകേറുന്നോളെ വാ..’, ‘തോല്ക്കാൻ നമുക്ക് മനസ്സില്ല..’, ‘ഇബിലീസിൻ്റെ പണിശാലകളിൽ..’ എന്നീ ഗാനങ്ങൾ ജലീൽ മാളിയേക്കൽ രചിച്ചവയിൽ ചിലതാണ്.
1974 മുതൽ അര നൂറ്റാണ്ട് കാലം പ്രവാസിയായിരുന്ന ജലീൽ മസ്ക്കറ്റിലും സംഗീത വഴികളിൽ തിളങ്ങി. നിരവധി ശിഷ്യരെ വാർത്തെടുത്തു.79 വയസ്സിലും സജീവമായ ജലീൽ മാളിയേക്കൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലും വിദഗ്ധനാണ്. മാളിയേക്കലിലെ ഗാന സദസ്സുകളിൽ നിറസാന്നിധ്യം. തലശ്ശേരി കുഴിപ്പങ്ങാട് താമസിക്കുന്ന ജലീൽ മാളിയേക്കലിൻ്റെ ഭാര്യ ആയിഷയും സംഗീത പാതകളിൽ കൂടെയുണ്ട്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:
1. പ്രൊഫ.എ.പി.സുബൈർ (പ്രസി.മാപ്പിള കലാ കേന്ദ്രം)
2. ടി.കെ.ഡി. മുഴപ്പിലങ്ങാട്
3. ഉസ്മാൻ പി. വടക്കുമ്പാട് (ജന. സെക്രട്ടറി, മാപ്പിള കലാകേന്ദ്രം)
4. ജാഫർ ജാസ്
5. ബക്കർ തോട്ടുമ്മൽ
6. അലി വലിയേടത്ത്

Leave a comment

Your email address will not be published. Required fields are marked *