April 24, 2025
  • April 24, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • പ്രഭാത വാർത്തകൾ* 2023 | ഏപ്രിൽ 8 | ശനി | 1198 | മീനം 25 | ചോതി

പ്രഭാത വാർത്തകൾ* 2023 | ഏപ്രിൽ 8 | ശനി | 1198 | മീനം 25 | ചോതി

By editor on April 8, 2023
0 118 Views
Share

*പ്രഭാത വാർത്തകൾ*
2023 | ഏപ്രിൽ 8 | ശനി | 1198 | മീനം 25 | ചോതി
➖➖➖➖➖➖➖➖➖➖➖➖➖

◾കൊവിഡ് വ്യാപിക്കുന്നതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ സംസ്ഥാനങ്ങളിലും ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം. മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികള്‍ ആരോഗ്യ മന്ത്രിമാര്‍ സന്ദര്‍ശിക്കണം. സംസ്ഥാനങ്ങളില്‍ പരിശോധനയും ജനിതക ശ്രേണീകരണവും വര്‍ധിപ്പിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും യോഗത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.

◾ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി. പ്രതി കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘത്തലവന്‍ എഡിജിപി എംആര്‍ അജിത്കുമാര്‍. പ്രതിയെ കോടതി 11 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കനത്ത സുരക്ഷയോടെയാണ് പൊലീസ് പ്രതിയുമായി കോടതിയിലെത്തിയത്. മാലൂര്‍ക്കുന്ന് എ ആര്‍ ക്യാമ്പിലാണു ചോദ്യം ചെയ്യുന്നത്. ട്രാക്കില്‍ കണ്ടെത്തിയ ബാഗ് പ്രതിയുടേതാണെന്നും എഡിജിപി വ്യക്തമാക്കി.

◾സംസ്ഥാനത്തെ നാലു പഞ്ചായത്തുകള്‍ക്കു ദേശീയ പുരസ്‌കാരം. മികച്ച ശിശു സൗഹൃദ പഞ്ചായത്തായി ആലപ്പുഴ ജില്ലയിലെ ചെറുതന തെരഞ്ഞെടുക്കപ്പെട്ടു. സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആലപ്പുഴയിലെത്തന്നെ വിജയപുരം പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. ജലപര്യാപ്തതാ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സല്‍ഭരണത്തിന് തൃശൂര്‍ അളഗപ്പ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി.

◾താമരശ്ശേരിയില്‍ രാത്രി പത്തോടെ ദമ്പതിമാരെ തട്ടിക്കൊണ്ടു പോയി. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് വിവരമില്ല. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.

◾കെ.എസ്.ആര്‍.ടി.സിക്കു ദയാവധം നല്‍കുന്നതിനാണ് സര്‍ക്കാര്‍ സ്വിഫ്റ്റ് കമ്പനിയെ പരിപോഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാദ്ധ്യതയില്ലെന്ന സര്‍ക്കാര്‍ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന്‍ പറഞ്ഞു.

◾കണ്ണൂര്‍ ചിറക്കലില്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെയ്യമായി കനലിലൂടെ നടത്തിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്കു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തീ കനലിലൂടെ ചാടിയശേഷം അവശനിലയിലായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

◾പള്ളുരുത്തിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍നിന്ന് 177 കിലോ കഞ്ചാവ് പിടിച്ചു. വാടകക്കെടുത്ത കാറിലായിരുന്നു കഞ്ചാവ് കടത്ത്. പത്തു ദിവസം മുന്‍പ് ആന്‍ ഗ്രൂപ്പ് എറണാകുളം എന്ന സ്ഥാപനം വാടകയ്ക്കു നല്‍കിയ കാര്‍ തിരിച്ചെത്താതായതോടെ ഉടമ ജി.പി.എസ് വഴി അന്വേഷിച്ചപ്പോഴാണ് പള്ളുരുത്തിയില്‍ റോഡരികില്‍ കാര്‍ കിടക്കുന്നത് കണ്ടത്. ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

◾മലപ്പുറത്ത് പതിനാലുകാരന്‍ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് 25,000 രൂപ പിഴശിക്ഷ. ബൈക്ക് ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് അയ്യായിരം രൂപയാണു പിഴശിക്ഷ. ഇരുവര്‍ക്കും വൈകീട്ട് അഞ്ചിനു കോടതി പിരിയുംവരെ തടവുശിക്ഷയും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.

◾പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി തൃശൂരില്‍ അന്തരിച്ചു. 75 വയസായിരുന്നു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിയാണ്.

◾തൃശൂര്‍ ചേര്‍പ്പിലെ ബസ് ഡ്രൈവര്‍ സഹാറിനെ മര്‍ദിച്ചു കൊന്ന കേസിലെ ഒന്നാം പ്രതി രാഹുല്‍ മുംബൈയില്‍ അറസ്റ്റിലായി. ഗള്‍ഫില്‍നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയ ഉടനെ പിടികൂടുകയായിരുന്നു. ഇയാളെ തിങ്കളാഴ്ച തൃശൂരില്‍ എത്തിക്കും.

◾മദ്യപിച്ചു മര്‍ദിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. കാസര്‍കോട് പാണത്തൂര്‍ പുത്തൂരടുക്കം സ്വദേശി ബാബു ആണ് കൊല്ലപ്പെട്ടത്. 54 വയസായിരുന്നു. ഭാര്യ സീമന്തിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം ചിത്രീകരിച്ച വീഡിയോയില്‍ കുട്ടിയാന ചരിയുന്ന രംഗം. കൊല്ലം അച്ചന്‍കോവില്‍ സ്റ്റേഷന്‍ എസ്എച്ച്ഒ കൃഷ്ണകുമാറും സംഘവും മടങ്ങുന്നതിനിടെ കാട്ടാനസംഘം റോഡിലിറങ്ങി. അര മണിക്കൂറോളം ഗതാഗത തടസമുണ്ടാക്കി. ഇതിനിടെ വീഡിയോ പകര്‍ത്തവേയാണ് കുട്ടിക്കൊമ്പന്‍ റോഡരികില്‍ കുഴഞ്ഞുവീണത്. ഇതോടെ കുഴഞ്ഞുവീണ കുട്ടിക്കൊമ്പന് അരികിലേക്ക് ആനകള്‍ മാറി. കുട്ടിക്കൊമ്പന്‍ കളിക്കുകയാണെന്നാണ് കരുതിയ പോലീസ് സംഘം സ്ഥലംവിട്ടു. പിന്നീടാണ് കുട്ടിയാന ചത്തുവീണതാണെന്നു മനസിലായത്. വീഡിയോ വൈറലായി.

◾മലമ്പുഴ അകമലവാരത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിമലയ്ക്കു സമീപമാണ് പിടിയാനയുടെ നാലു ദിവസം പഴക്കമുള്ള ജഡം കണ്ടെത്തിയത്.

◾വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിനു മുകളിലേക്കു പുള്ളിമാന്‍ ചാടി. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ക്കു പരിക്കേറ്റു. മാന്‍ ചത്തു.

◾ഡ്രൈ ഡേയില്‍ വിദേശ മദ്യം വിറ്റ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെഞ്ചാക്കോട് വികാസ് നഗര്‍ സ്വദേശി രതീഷാണ് (38) പിടിയിലായത്. സിവി നഗര്‍ പ്രദേശത്ത് വെച്ച് 18 കുപ്പി വിദേശ മദ്യവുമായാണ് പ്രതിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

◾കൊല്ലം കണ്ണനല്ലൂരില്‍ ബാറിനു മുന്നില്‍നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മുട്ടക്കാവ് സ്വദേശികളായ യാക്കൂബ്, അനില്‍കുമാര്‍ എന്നിവരെയാണ് കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾എറണാകുളം കിഴക്കമ്പലത്ത് വൈദിക വേഷം ധരിച്ച് പള്ളിയില്‍ മോഷണം. മലയിടംതുരുത്ത് സെന്റ് മേരീസ് പളളി ഓഫീസ് കുത്തിത്തുറന്ന് 40,000 രൂപ കവര്‍ന്നു. സിസിടിവിയില്‍ പതിഞ്ഞെങ്കിലും മഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്.

◾ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം പുത്തന്‍വേലിക്കരയില്‍ താമസിക്കുന്ന തൃശൂര്‍ മേലൂര്‍ കല്ലൂത്തി സ്വദേശി റോഷന്‍ എന്ന പതിനെട്ടുകാരനെയാണ് അറസ്റ്റു ചെയ്തത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത കേസുകളിലാണ് യുവാക്കളെ നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു കേസിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.

◾മുന്നൂറു കിലോ തൂക്കമുള്ള കൂറ്റന്‍ തിരണ്ടിയെ വലയിലാക്കി മത്സ്യത്തൊഴിലാളികള്‍. പൊന്നാനി ഹാര്‍ബറിലെ മത്സ്യബന്ധന മത്സ്യത്തൊഴിലാളികളാണ് കൂറ്റന്‍ തിരണ്ടിയെ കരയില്‍ എത്തിച്ചത്.

◾അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കേ, പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷണം അനാവശ്യമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യംവച്ചുള്ളതാണ്. പാര്‍ലമെന്റില്‍ വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നല്‍കിയതെന്നും ശരത് പവാര്‍ പറഞ്ഞു.

◾ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവും നടിയുമായ ഖുശ്ബു സുന്ദറിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ക്ഷീണവും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◾തമിഴ്നാട് ദിണ്ടിഗല്‍ ജില്ലയിലെ നത്തം ടൗണില്‍ ഓടുന്ന ബസില്‍ യുവതിയെ വെട്ടിക്കൊന്നു. ഗണവായ്പ്പട്ടി സ്വദേശി ദമയന്തിയാണ് മരിച്ചത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കൊല നടത്തിയ ഭര്‍തൃ സഹോദരന്‍ രാജാംഗത്തെ പോലീസ് അറസ്റ്റു ചെയ്തു.

◾വിവാഹത്തിനുള്ള തടസങ്ങള്‍ നീക്കാനുള്ള കര്‍മങ്ങള്‍ക്ക് എത്തിയ കാമുകിയെ ലൈംഗികമായി ഉപദ്രവിച്ച മന്ത്രവാദിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. പ്രതികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി.

◾ഇന്ത്യയും ചൈനയും ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകുമെന്ന് ഐഎംഎഫ് മേധാവി. ഈ വര്‍ഷം ലോക സമ്പദ്വ്യവസ്ഥ മൂന്നു ശതമാനത്തില്‍ താഴെ വളര്‍ച്ചയേ കൈവരിക്കൂ. ഈ വര്‍ഷത്തെ ആഗോള വളര്‍ച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി.

◾ലോക സമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ 2640 പേര്‍. ഇന്ത്യയില്‍ നിന്ന് 269 പേരാണുള്ളത്. ഒന്‍പത് മലയാളികളുമുണ്ട്. മലയാളികളില്‍ ഒന്നാം സ്ഥാനത്ത് 530 കോടി ഡോളറിന്റെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. ലോക റാങ്കിംഗില്‍ 497-ാം സ്ഥാനം. 280 കോടി ഡോളര്‍ ആസ്തിയുള്ള ജോയ് ആലുക്കാസും പട്ടികയിലുണ്ട്. 21,100 കോടി ഡോളര്‍ ആസ്തിയുള്ള ബെര്‍ണാഡ് അര്‍നോള്‍ഡ് ആണ് പട്ടികയില്‍ ഒന്നാമന്‍. ലൂയി വിറ്റന്‍, സെഫോറ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയാണ് അദ്ദേഹം. 18,000 കോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തും 11,400 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയില്‍ നിന്നുള്ള 269 പേരില്‍ 8,340 കോടി ഡോളര്‍ സമ്പത്തുള്ള റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. ആഗോള തലത്തില്‍ ഒന്‍പതാം സ്ഥാനം. 4,720 കോടി ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. മലയാളികളില്‍ ക്രിസ് ഗോപാലകൃഷ്ണന്‍, രവി പിള്ള എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. സണ്ണി വര്‍ക്കി, ഡോ. ഷംഷീര്‍ വയലില്‍, ബൈജു രവീന്ദ്രന്‍, എസ്.ഡി ഷിബുലാല്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരും പട്ടികയിലുണ്ട്.

◾ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ നാല് ഓവറും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കേ വിജയ ലക്ഷ്യത്തിലെത്തി. മൂന്ന് വിക്കറ്റും 34 റണ്‍സുമെടുത്ത ലഖ്നൗവിന്റെ കൃണാല്‍ പാണ്ഡ്യയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

◾ആഗോള ഡിമാന്‍ഡും കയറ്റുമതി നികുതിയും തടസപ്പെടുത്തിയതിനാല്‍ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദകരായ ഇന്ത്യയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി 6.7 ദശലക്ഷം ടണ്ണാണ്. ഈ വര്‍ഷം 50.2% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ സര്‍ക്കാര്‍ കയറ്റുമതി നികുതി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രധാന സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ഡിസംബര്‍ പാദത്തില്‍ ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കയറ്റുമതി നികുതി നവംബറില്‍ പിന്‍വലിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയുടെ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6 ദശലക്ഷം ടണ്‍ എന്ന നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അതേ സമയം ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 2022-23 ല്‍ 125.32 ദശലക്ഷം ടണ്‍ എന്ന റെക്കോഡ് ഉയരത്തിലെത്തി.

◾ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. ഭയത്തിന്റെ മുള്‍മുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങള്‍. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യല്‍ ഡയറക്ടറില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ‘ഹണ്ടി’ലുണ്ടാകും. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ‘ഹണ്ട്’ നിവര്‍ത്തുന്നത്. അത്യന്തം സസ്പെന്‍സ് നിലനിര്‍ത്തി അവതരിപ്പിക്കുന്ന ‘ഹണ്ടില്‍’ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അതിഥി രവിയുടെ ‘ഡോ. സാറ’ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍ , ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്. ചിത്രത്തിന്റെ രചന നിഖില്‍ എസ് ആനന്ദാണ്. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.

◾വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒ.പി. എം റെക്കോര്‍ഡ്സ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ത്രസിപ്പിക്കുകയും ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന ട്രെയിലര്‍ പുറത്തിറങ്ങിയത്. ഏപ്രില്‍ 20നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ‘ഭാര്‍ഗവീനിലയം’ റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

◾ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായ മാരുതി സുസുക്കി വാഗണ്‍ആര്‍, പുതുക്കിയ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റുകളില്‍, മുതിര്‍ന്ന ഒക്യുപന്റ് പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ മാരുതി സുസുക്കി വാഗണ്‍ആര്‍ ഒരു സ്റ്റാറും (അഞ്ചില്‍) കുട്ടികള്‍ക്കുള്ള സംരക്ഷണ വിഭാഗത്തില്‍ പൂജ്യവുമാണ് (അഞ്ചില്‍) നേടിയത്. പരീക്ഷിച്ച വാഗണ്‍ആര്‍ യൂണിറ്റുകള്‍ക്ക് രണ്ട് മുന്‍ എയര്‍ബാഗുകള്‍ ഉണ്ടായിരുന്നു, സീറ്റ്ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍, സീറ്റ്ബെല്‍റ്റ് ലോഡ്ലിമിറ്റര്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും സ്റ്റാന്‍ഡേര്‍ഡായി. മോഡലിന്റെ മുന്‍ പതിപ്പ് പരീക്ഷിച്ചതിന് ശേഷം മാരുതി സുസുക്കിയുടെ നിയന്ത്രണ സംവിധാനങ്ങളിലെ മെച്ചപ്പെടുത്തലുകള്‍ക്കിടയിലും വാഗണ്‍ആര്‍ ഡ്രൈവര്‍ക്ക് ദുര്‍ബലമായ സംരക്ഷണമാണ് വാഗ്ദാനം ചെയ്തത്. കുട്ടികള്‍ക്കുള്ള ചൈല്‍ഡ് റെസ്ട്രെയിന്റ് സിസ്റ്റം ഉള്‍പ്പെടുത്താന്‍ മാരുതി സുസുക്കി വിസമ്മതിച്ചതായി അതില്‍ പറയുന്നു. എല്ലാ സീറ്റിംഗ് പൊസിഷനുകളിലും ത്രീ-പോയിന്റ് ബെല്‍റ്റുകളുടെ അഭാവവും മുന്‍ സീറ്റിംഗ് പൊസിഷനില്‍ പിന്നിലേക്ക് അഭിമുഖീകരിക്കുന്ന സിആര്‍എസിന് സ്റ്റാന്‍ഡേര്‍ഡ് എയര്‍ബാഗ് പ്രവര്‍ത്തന രഹിതമാക്കാത്തതും കുട്ടികളുടെ സംരക്ഷണത്തിനുള്ള പൂജ്യം സ്‌കോര്‍ വിശദീകരിക്കുന്നു. ഇന്ത്യയിലെ മാരുതി സുസുക്കി വാഗണ്‍ആറിന്റെ വില 5.51 ലക്ഷം രൂപയില്‍ തുടങ്ങി 7.42 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ്.

◾മധുനായരുടെ 29 യാത്രാവിവരണങ്ങള്‍ ഒന്നിച്ചുചേര്‍ത്ത ഈ ഭീമന്‍ഗ്രന്ഥം എല്ലാവിധത്തിലും തന്നെ അതിശയിപ്പിക്കുന്നു. ഇത്തരമൊരു ബൃഹദ് യാത്രാപുസ്തകം ഇതുവരെ മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല… മധുവിന്റെ യാത്രകളുടെ പ്രത്യേകത അവ അങ്ങേയറ്റം അസാമ്പ്രദായികവും പലപ്പോഴും സാഹസികവുമാണ് എന്നതാണ്. വാസ്തവങ്ങള്‍ മധു മറച്ചുവെക്കുന്നില്ല. ഓരോ താളിലും ഹൃദ്യങ്ങളും രസകരങ്ങളുമായ വിശേഷങ്ങള്‍ നിറഞ്ഞിരിക്കുന്ന ഈ വന്‍സമാഹാരം മലയാളത്തിലെ യാത്രാവിവരണസാഹിത്യത്തിനു മാത്രമല്ല, മലയാള സാഹിത്യത്തിനുതന്നെയും വിലയേറിയ മുതല്‍ക്കൂട്ടാണ് – സക്കറിയ. എഴുത്തുകാരനും സഞ്ചാരിയുമായ മധു എസ്. നായരുടെ യാത്രകളുടെ സമ്പൂര്‍ണ്ണ സമാഹാരം. ‘മധു നായരുടെ യാത്രകള്‍’. മാതൃഭൂമി ബുക്സ്. വില 1615 രൂപ.

◾ചപ്പാത്തിയുണ്ടാക്കുമ്പോള്‍ പാതി വേവിച്ച ശേഷം ഗ്യാസ് തീയില്‍ കാണിച്ച് പൊള്ളിച്ചെടുക്കുന്ന രീതിയുണ്ട്. എന്നാല്‍ ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പറയുന്നത്. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉയര്‍ന്ന ഊഷ്മാവില്‍ റൊട്ടി അഥവാ ചപ്പാത്തി പാകം ചെയ്താല്‍ അര്‍ബുദമുണ്ടാക്കുന്ന സംയുക്തങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്ന് ഓസ്ട്രേലിയയിലെ ഒരു ഗവേഷണം വെളിപ്പെടുത്തി. ഇത് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പഠനമനുസരിച്ച്, കുക്ക്‌ടോപ്പുകളും എല്‍പിജിയും നൈട്രജന്‍ ഡയോക്‌സൈഡ് പോലെയുള്ള നിരവധി അപകടകരമായ വാതകങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇവ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഇവ ക്യാന്‍സറിനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമായേക്കാം. ഗ്യാസില്‍ റൊട്ടി/ ചപ്പാത്തി ചുട്ടെടുക്കുമ്പോള്‍ അക്രിലമൈഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഗ്യാസ് തീയില്‍ നേരിട്ട് പാചകം ചെയ്യുന്നതിലൂടെ കാര്‍സിനോജനുകള്‍ ഉണ്ടാകും. ഉയര്‍ന്ന താപനിലയുള്ള പാചകരീതികള്‍ ഹെറ്ററോസൈക്ലിക് അമിനുകളും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും ഉത്പാദിപ്പിക്കുന്നുവെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇവ കാര്‍സിനോജനുകള്‍ എന്ന് അറിയപ്പെടുന്നു. എന്നിരുന്നാലും ‘ബേണ്‍ഡ് ടോസ്റ്റിനെ’ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം. എല്‍പിജി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ആരോഗ്യകരമല്ലെന്ന് ഇതിന് മുമ്പും വിവിധ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. എല്‍പിജിക്ക് പകരം ഇന്‍ഡക്ഷന്‍ അല്ലെങ്കില്‍ ഇലക്ട്രിക് സ്റ്റൗ ഉപയോഗിക്കണമെന്നും വിവിധ പഠനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ പ്രണയത്തിലായിരുന്നു. അവരുടെ പ്രണയത്തിന് മാതാപിതാക്കളും സമ്മതം മൂളി. വരന്‍ പട്ടാളത്തിലായതുകൊണ്ട് അടുത്ത തവണ അവധിക്കുവരുമ്പോള്‍ വിവാഹം നടത്താനും തീരുമാനമായി. നിര്‍ഭാഗ്യവശാല്‍ അവള്‍ക്ക് ഒരു അപകടം സംഭവിച്ചു. മുഖം വിരൂപമായി. സഞ്ചാരം വീല്‍ചെയറിലായി. അയാളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവള്‍ ആവുന്നതും ശ്രമിച്ചു. അവധിക്കെത്തിയപ്പോള്‍ കാണാന്‍ പോലും സമ്മതിച്ചില്ല. ഒരു ദിവസം അയാള്‍ അവളുടെ വീട്ടിലെത്തിയപ്പോള്‍ അമ്മ അവളോട് പറഞ്ഞു: അയാള്‍ വന്നിട്ടുണ്ട്. കല്യാണം ക്ഷണിക്കാന്‍ വന്നതാണ്. വിഷമത്തോടെയാണെങ്കിലും അവള്‍ അയാളെ കാണാന്‍ സമ്മതിച്ചു. അയാള്‍ നല്‍കിയ ക്ഷണക്കത്തില്‍ വധുവിന്റെ സ്ഥാനത്ത് അവളായിരുന്നു എല്ലാമറിഞ്ഞു സ്‌നേഹിക്കുന്നവരുടെ പ്രണയത്തിന് ദൃഢതയുണ്ടാകും. വെറും പുറം കാഴ്ചകള്‍ മാത്രം കണ്ട് സ്‌നേഹിക്കുന്നവര്‍ക്ക് അരുചികരമായ ഒരു കാരണം മതി, വേര്‍പിരിയാന്‍. സ്‌നേഹിച്ചതിന് ശേഷം അറിയുന്നതും, അറിഞ്ഞതിന് ശേഷം സ്‌നേഹിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. സ്‌നേഹിക്കാനുള്ള കാരണങ്ങള്‍ പലപ്പോഴും ബാഹ്യമാണ്. അകകാഴ്ചയുടെ രൂപഭംഗി അവിടെ പ്രസക്തമല്ല. എന്നാല്‍ അടുത്തറിയുമ്പോഴുള്ള ആന്തരികത പുറം കാഴ്ചകളെ സ്വാധീനിക്കുന്നതേയില്ല. എല്ലാ കുറവുകളോടും കൂടി ഒരാളെ സ്‌നേഹിക്കാന്‍ സാധിക്കുമോ എന്നതാണ് സ്‌നേഹിക്കുമ്പോഴുളള വെല്ലുവിളി. അറിഞ്ഞ് സ്‌നേഹിക്കുന്നവര്‍ക്ക് അത് കൂടുതല്‍ സാധ്യമാണ്. ഇന്ദ്രിയ സീമകള്‍ക്കപ്പുറമാണ് ഓരോ വ്യക്തിയും. മജ്ജയും മാംസവും കടന്ന് മനസ്സിലേക്കെത്താന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ പ്രണയിനികള്‍. എല്ലാവരേയും ആരേങ്കിലുമൊക്കെ സ്‌നേഹിക്കുന്നുണ്ട്. സ്‌നേഹം, അത് നല്‍കുന്നവരറിയാതെ പുറപ്പെടേണ്ടതും സ്വീകരിക്കുന്നവരറിയാതെ എത്തിച്ചേരേണ്ടതുമാണ്. ഉറവയ്ക്ക് ഒരിക്കലും അതിന്റെ ഉറവിടത്തിലേക്ക് മടങ്ങാനാവില്ല. ഓരോ തടസ്സത്തിലും അത് വഴിമാറി കടലിലേക്ക് തന്നെ ഒഴുകിയെത്തും, പക്ഷേ, പോകുന്നവഴികളിലെ തീരങ്ങളെയെല്ലാം അത് നനച്ചുകൊണ്ടേയിരിക്കും… നമ്മുടെയാത്രയും അങ്ങനെതന്നെയാണ്… ഒഴുകിയെത്തേണ്ടിടത്ത് എത്തിയേ പറ്റു.. പക്ഷേ, പോകും വഴി സ്‌നേഹത്തിന്റെ തീരങ്ങളെ നമുക്ക് നനച്ചുകൊണ്ടൊഴുകാന്‍ ശ്രമിക്കാം – ശുഭദിനം.
➖➖➖➖➖➖➖➖➖➖➖➖➖

Leave a comment

Your email address will not be published. Required fields are marked *