April 22, 2025
  • April 22, 2025
Breaking News
  • Home
  • Uncategorized
  • ഹാജിമാര്‍ ജംറകളില്‍ കല്ലെറിയുന്നത് എന്തിന്? എന്താണ് ഹജ്ജ്, അറിയാം സമ്ബൂര്‍ണ വിവരങ്ങള്‍

ഹാജിമാര്‍ ജംറകളില്‍ കല്ലെറിയുന്നത് എന്തിന്? എന്താണ് ഹജ്ജ്, അറിയാം സമ്ബൂര്‍ണ വിവരങ്ങള്‍

By editor on June 25, 2023
0 178 Views
Share

മക്ക: ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങായ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും.

20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 1.75 ലക്ഷം പേരും ഇതില്‍പ്പെടും. ആറ് ദിവസം നീളുന്ന വിവിധ കര്‍മങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹജ്ജ്. ശാരീരികവും സാമ്ബത്തികവുമായ ശേഷിയുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കണമെന്നാണ് ഇസ്ലാമിക തത്വം.

 

പ്രവാചകന്‍ ഇബ്രാഹീം, പത്‌നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുമായി ബന്ധപ്പെട്ട ഓര്‍മ പുതുക്കലാണ് ഹജ്ജിലെ കര്‍മങ്ങള്‍. എങ്ങനെയാണ് ഹജ്ജ് നിര്‍വഹിക്കേണ്ടതെന്ന് പ്രവാചകന്‍ മുഹമ്മദ് അനുചരന്മാര്‍ക്ക് കാണിച്ചുകൊടുത്തിട്ടുണ്ട്. ഇതുപ്രകാരമാണ് മുസ്ലിങ്ങള്‍ ഹജ്ജ് നിര്‍വഹിച്ചുവരുന്നത്. കൊവിഡിന് ശേഷം 20 ലക്ഷത്തിലധികം പേര്‍ ഹജ്ജ് നിര്‍വഹിക്കുന്നത് ആദ്യമാണ്.

ഇബ്രാഹീമും മകന്‍ ഇസ്മാഈലും ചേര്‍ന്നാണ് കഅ്ബ നിര്‍മിച്ചത് എന്നാണ് വിശ്വാസം. ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായി കഅ്ബയെ കരുതുന്നു. കഅ്ബയെ വലയം വെക്കുന്നതിനാണ് ത്വവാഫ് എന്ന് പറയുക. സഫ-മര്‍വ മലകള്‍ക്കിടയിലെ നടത്തമാണ് സഹ്‌യ്. ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുല്‍ഹജ്ജിലെ എട്ട് മുതല്‍ 13 വരെയുള്ള തിയ്യതികളിലാണ് ഹജ്ജ്.

 

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം ജൂണ്‍ 26 മുതല്‍ ജൂലൈ ഒന്ന് വരെയാണ്. ദുല്‍ഹജ്ജ് പത്തിനാണ് ലോക മുസ്ലിങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുക. ഈ വേളയില്‍ ഹാജിമാര്‍ ഹജ്ജുമായി ബന്ധപ്പെട്ട കര്‍മങ്ങളിലായിരിക്കും. സൗദിയില്‍ ജണ്‍ 28നും കേരളത്തില്‍ 29നുമാണ് ബലിപെരുന്നാള്‍. ഹജ്ജ് ചെയ്യുന്നതായി കരുതുകയും പ്രത്യേക വസ്ത്രം ധരിക്കുകയുമാണ് ഹജ്ജിന്റെ ആദ്യ കര്‍മം.

 

പുരുഷന്മാര്‍ രണ്ട് തുണിയാണ് ഹജ്ജ് വേളയില്‍ ധരിക്കുക. സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും. ഇഹ്‌റാം ചെയ്യുക എന്നാണ് ഇതിന് പറയുക. ലൗകികമായ യാതൊരു ചിന്തയും ഇതിന് ശേഷം പാടില്ല. ഇഹ്‌റാമിന് ശേഷം കഅ്ബ 7 തവണ വലയം വെക്കും. സഫ-മര്‍വ മലകള്‍ക്കിടയില്‍ ഏഴ് തവണ സാവധാനം ഓടും. വൈകീട്ടോടെ എല്ലാവരും മിനയിലേക്ക് എത്തും. കഅബയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മിന.

തമ്ബുകളുടെ നഗരം എന്നാണ് മിന അറിയപ്പെടുക. ഹാജിമാര്‍ ആദ്യ ദിനം രാത്രി മിനയില്‍ താമസിക്കും. ഇവിടെയുള്ള പ്രാര്‍ഥനയ്ക്ക് ശേഷം രണ്ടാം ദിവസം എല്ലാവരും അറഫയിലേക്ക് എത്തും. ഹജ്ജിലെ പ്രധാന കര്‍മമാണ് അറഫയിലെ സംഗമം. മിനയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് അറഫ. രാത്രിയാകുംവരെ ഇവിടെയാകും ഹാജിമാര്‍. അറഫയിലാണ് പ്രവാചകന്‍ മുഹമ്മദ് ഏറ്റവും ഒടുവിലെ പ്രസംഗം നടത്തിയത്.

 

ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന വേളയില്‍ ലോകമെമ്ബാടുമുള്ള മുസ്ലിങ്ങള്‍ വ്രതമെടുത്ത് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. അറഫിയില്‍ നിന്ന് രാത്രി ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പോകും. 11 കിലോമീറ്റര്‍ അകലെയാണ് മുസ്ദലിഫ. രാത്രി ഇവിടെ കഴിഞ്ഞ ശേഷം ജംറകളില്‍ എറിയാനുള്ള കല്ല് ശേഖരിച്ച്‌ തൊട്ടടുത്ത ദിവസം മിനയിലേക്ക് തിരിക്കും.

 

ഈ വേളയില്‍ മൂന്നിടങ്ങളിലെ ജംറകളില്‍ കല്ലെറിയും. ദൈവത്തിന്റെ നിര്‍ദേശ പ്രകാരം മകന്‍ ഇസ്മാഈലിലെ ബലി അറുക്കാന്‍ ഇബ്രാഹീം തീരുമാനിച്ച വേളയില്‍ പിശാച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും പിശാചിനെ ഓടിക്കാന്‍ ഇബ്രാഹീം കല്ലെറിഞ്ഞു എന്നുമാണ് വിശ്വാസം. ഇത് അനുസ്മരിച്ചാണ് ഹാജിമാര്‍ ജംറകളില്‍ കല്ലെറിയുന്നത്. കല്ലേറ് കര്‍മത്തിന് ശേഷമാണ് ബലിയറുക്കല്‍.

 

ബലിയറുക്കലിന് ശേഷം മുടി മുറിക്കും. പുരുഷന്മാരില്‍ ചിലര്‍ തലമുടി വടിക്കാറുമുണ്ട്. മുടി മുറിക്കലിന് ശേഷം ഇഹ്‌റാം വസ്ത്രം അഴിക്കാം. ശേഷം കഅ്ബയിലെത്തി തവാഫും സഹ്‌യും നിര്‍വഹിക്കും. മിനയിലെ ക്യാമ്ബില്‍ തിരിച്ചെത്തുന്നതോടെ ഹജ്ജിന് വിരാമമാകും. നേരത്തെ മദീനയില്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ മദീനയിലെത്തി പ്രവാചകന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങാറ്.

Leave a comment

Your email address will not be published. Required fields are marked *