October 2, 2026
  • October 2, 2026
Breaking News
  • Home
  • Uncategorized
  • എസ്‌ഐആര്‍ രാജ്യദ്രോഹം, ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹി’; രൂക്ഷ വിമര്‍ശനവുമായി നടന്‍ കിഷോര്‍

എസ്‌ഐആര്‍ രാജ്യദ്രോഹം, ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹി’; രൂക്ഷ വിമര്‍ശനവുമായി നടന്‍ കിഷോര്‍

By on October 2, 2026 0 0 Views
Share

ബെംഗളൂരു: എസ്‌ഐആര്‍ നടപടിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും രൂക്ഷവിമര്‍ശനവുമായി നടന്‍ കിഷോര്‍.

എസ്‌ഐആര്‍ രാജ്യദ്രോഹമാണെന്നും പൗരന്മാരുടെ ഭരണഘടനാപരമായ അടിസ്ഥാന അവകാശം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണെന്നും കിഷോര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയ എസ്‌ഐആര്‍ നടപടിക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടന്റെ വിമര്‍ശനം. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കിഷോര്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ജീവിതത്തില്‍ തിരികെ പോകാന്‍ അവസരം ലഭിച്ചാല്‍ 2014ലെത്തി പ്രധാനമന്ത്രിയെ മാറ്റും എന്നായിരുന്നു അന്ന് പറഞ്ഞത്. തുടര്‍ച്ചയായാണ് എസ്‌ഐആറിലും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.ഒരു രാജ്യം രൂപപ്പെടുന്നത് അതിലെ പൗരന്മാരിലൂടെയാണെന്നും ഭരണഘടന അവര്‍ക്ക് നല്‍കുന്ന അടിസ്ഥാന അവകാശം തട്ടിയെടുക്കാനുള്ള ഗൂഢാലോചന രാജ്യദ്രോഹമാണെന്നും കിഷോര്‍ വീഡിയോയില്‍ പറയുന്നു. ‘അതിനാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു രാജ്യദ്രോഹിയാണ്, എസ്‌ഐആര്‍ ഒരു രാജ്യദ്രോഹ നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമല്ല, അതിന്റെ മുകളിലിരിക്കുന്ന ചാണക്യന്മാരും, ബിജെപിയും ആര്‍എസ്‌എസും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെയെല്ലാം നിരോധിക്കുകയും ജയിലിലടക്കുകയും വേണം. ബിജെപിയുടെ കീഴില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും റദ്ദാക്കണം. ബിജെപിയെ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം. ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ ശരിവച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സ്വന്തം പ്രസ്താവനയിറക്കിയിട്ടും, ‘ഇപ്പോള്‍ എല്ലാം ശരിയായി’ എന്ന് പറഞ്ഞ് ഇലക്ഷന്‍ കമ്മീഷനെ ഇപ്പോഴും നാണമില്ലാതെ ന്യായീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോടും രാഷ്ട്രീയക്കാരോടും ജനങ്ങളോടും എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്. ഇനി മേലില്‍ കൊലപാതകം നടത്തില്ല എന്ന് ഒരു കൊലപാതകി വന്നു പറഞ്ഞാല്‍ എല്ലാം ശരിയാകുമോ? അത് നിങ്ങള്‍ക്ക് സമ്മതമാകുമോ? ബിജെപി നടത്തിയ ഓരോ തെരഞ്ഞെടുപ്പിലും ജനാധിപത്യത്തെ കൊലപ്പെടുത്തിയ ശേഷമാണ് ഇത് പറയുന്നത്.

എന്തുകൊണ്ടാണ് ഇതൊരു തട്ടിപ്പാകുന്നത് എന്ന് നമുക്ക് നോക്കാം. തുടക്കത്തില്‍, എസ്‌ഐആറിന്റെ ഉദ്ദേശം യോഗ്യരായ ഓരോ പൗരനെയും ഉള്‍പ്പെടുത്തി രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു, അല്ലാതെ ഒഴിവാക്കാനല്ല. എന്നാല്‍ എസ്‌ഐആര്‍ ആരംഭിച്ചതുമുതല്‍ നാം കേള്‍ക്കുന്നത് മറിച്ചാണ്. അതുകൊണ്ട് രാജ്യദ്രോഹമെന്ന ക്രിമിനല്‍ ലക്ഷ്യത്തോടെയാണ് എസ്‌ഐആര്‍ ആരംഭിച്ചത്. ആരുടെ ലക്ഷ്യം? തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു തങ്ങള്‍ക്ക് അറിയില്ല എന്ന്. അങ്ങനെയെങ്കില്‍ അത് ആരെന്നത് വളരെ വ്യക്തമാണ്. തുടര്‍ന്ന്, ഈ തട്ടിപ്പ് നടത്താന്‍ തീരുമാനിച്ചവര്‍ തന്നെ ഭേദഗതികള്‍ വരുത്തി. ആദ്യം ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന രീതി മാറ്റി. അത് വ്യക്തമായ ഒരു തട്ടിപ്പായിരുന്നു. അതിനുശേഷം, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ചെയ്ത കൂട്ട അട്ടിമറികള്‍ തുടരാന്‍ അവര്‍ക്ക് പ്രതിരോധവും നല്‍കി.എസ്‌ഐആറില്‍ റദ്ദാക്കപ്പെട്ട യോഗ്യരായ വോട്ടര്‍മാര്‍ക്കെല്ലാം അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് പറയുകയും, അടുത്തിടെ, ഇതൊരു ഉപതെരഞ്ഞെടുപ്പ് മാത്രമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്ത സുപ്രിം കോടതിയുടെ കാര്യം മറക്കരുത്. ജനവിധിക്ക് വിരുദ്ധമായി ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളെ ഭരണഘടനാ വിരുദ്ധമായി തകര്‍ക്കുന്നതില്‍ ഇലക്ഷന്‍ കമ്മീഷനും ബിജെപിയും കോടതികളും പങ്കാളികളായ രീതി കാണുമ്പോള്‍, ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് ആര്‍ക്കും എളുപ്പത്തില്‍ പറയാന്‍ കഴിയും

ഇപ്പോഴെങ്കിലും ഇത് കാണാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍, ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ പേരില്‍ തെരുവുകളില്‍ കാവി അണിഞ്ഞ ഗുണ്ടാ രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും നമ്മെ തല്ലാനും പീഡിപ്പിക്കാനും തല്ലിക്കൊല്ലാനും പോകുമെന്നത് നിശ്ചയമാണ്. അല്ലെങ്കില്‍ അടുത്ത വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനോ പൗരത്വം നല്‍കുന്നതിനോ മുന്‍പ് നിങ്ങളുടെ മാതാപിതാക്കള്‍ ആര്‍എസ്‌എസ് അംഗങ്ങളായിരുന്നോ എന്ന് നിങ്ങളോട് ചോദിക്കും. അതുകൊണ്ട് ദയവായി ദയവായി ഉണരൂ.’ -കിഷോര്‍ വീഡിയോയില്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *