April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ വിശ്വാസികൾ; ഇന്ന് ദുഃഖവെള്ളി

ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ വിശ്വാസികൾ; ഇന്ന് ദുഃഖവെള്ളി

By on April 18, 2025 0 13 Views
Share

Good Friday 2024 Messages Quotes in Malayalam ...

യേശുക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കാൻ കുരിശിൻ്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. വിവിധ പള്ളികളിൽ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും. പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിനു മുന്നിൽ നിന്ന് രാവിലെ 6.45 ഓടെ സംയുക്ത കുരിശിന്റെ വഴി ചടങ്ങുകൾ തുടങ്ങും. പ്രാരംഭ സന്ദേശം കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ നൽകും. സമാപന സന്ദേശം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ നൽകും. കൊല്ലം അഞ്ചൽ മണലിൽ മലങ്കര കത്തോലിക്കാ പള്ളിയിൽ ശുശ്രൂഷ ചടങ്ങുകൾക്ക് ക്ലിമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും.

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രൻ മനുഷ്യനായി അവതരിക്കുകയും മനുഷ്യകുലത്തിൻ്റെ പാപങ്ങൾക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്‌തതായാണ് വിശ്വാസം. കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് ഗാഗുൽത്താമലയിലൂടെ കുരിശിനൊപ്പം ചാട്ടവാറടി ഉൾപ്പെടെയുള്ള ക്രൂരമർദ്ദനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയുള്ള യേശുവിൻ്റെ മരണയാത്രയുടെയും പിന്നീട് കുരിശിലേറ്റപ്പെട്ടതിൻ്റെയും അനുസ്മരണമാണ് ദുഃഖവെള്ളി.

പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ദുഃഖവെള്ളിയാണ് വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാന ദിനമായി കണക്കാക്കുന്നത്. ദുഃഖവെള്ളി ദിനത്തിൽ ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടാകില്ല. പകരം യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ചുള്ള ചടങ്ങുകൾ നടക്കും. കുരിശിന്റെ തിരുശേഷിപ്പ് ചുംബനം, പീഡാനുഭവ വായനകൾ, കുരിശിന്റെ വഴി എന്നിവ നടക്കും.

നഗരി കാണിക്കൽ ചടങ്ങിന്റെ അവസാനം രാത്രി യേശുവിന്റെ പ്രതീകാത്മകമായ മൃതദേഹം പെട്ടിയിൽ അടയ്ക്കുമ്പോൾ ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ സമാപിക്കും. ഈ ത്യാഗസ്മരണയുടെ ദിനത്തിൽ കുരിശുമല തീർത്ഥാടനങ്ങളും വിവിധയിടങ്ങളിൽ നടക്കും. മലയാറ്റൂരിലെ കുരുശുമുടിയിലേയ്ക്കുള്ള കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരുക. മലയാറ്റൂരിലേക്ക് എത്തുന്ന തീർത്ഥാടകരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണധ്വനികളാൽ മുഖരിതമാണ് കുരിശുമുടി. അത്യുഷ്ണത്തിന്റെ തീക്ഷ്ണത 50 നോമ്പിൻ്റെ വിശുദ്ധിയാൽ ലഘൂകരിച്ചും പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ മലമ്പാതയുടെ കാഠിന്യം മറികടന്നും തീർത്ഥാടകർ കുരിശുമുടിയിലേക്ക് വന്നെത്തും.

Leave a comment

Your email address will not be published. Required fields are marked *