April 24, 2025
  • April 24, 2025
Breaking News
  • Home
  • Uncategorized
  • ‘ഉത്സവങ്ങള്‍ കുരുതിക്കളങ്ങളാക്കരുത്, ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെ’; ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി

‘ഉത്സവങ്ങള്‍ കുരുതിക്കളങ്ങളാക്കരുത്, ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെ’; ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി

By on February 15, 2025 0 79 Views
Share

ക്ഷേത്രങ്ങളിലെ അശാസ്ത്രീയ ആനയെഴുന്നള്ളിപ്പിനെതിരെ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെയെന്ന് ചിദാനന്ദപുരി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമർശനം. ആരാധനാലയങ്ങളിലും രാഷ്ട്രീയവേദികളിലും ശബ്ദനിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്തരീക്ഷമലിനീകരണംവരുത്തുന്ന കരിമരുന്നുകളില്‍നിന്ന് മതരാഷ്ട്രീയഭേദമില്ലാതെ ഏവരും വിട്ടുനില്‍ക്കട്ടെ. ഉത്സവങ്ങള്‍ രക്തചൊരിച്ചിലുകളുടെയും ആപത്തുകളുടെയും മരണങ്ങളുടെയും വേദിയാവാതെ ഭക്തിയുടെയും ശാസ്ത്രബോധത്തിന്റെയും ചൈതന്യവര്‍ദ്ധനവിന്റെയും വേദികളാവട്ടെയെന്നും അദ്ദേഹം കുറിച്ചു.

ആശാസ്ത്രീയ ആനയെഴുന്നള്ളത്തിനെതിരേയും കരിമരുന്നു പ്രയോഗങ്ങളേയും കുറിച്ച് കഴിഞ്ഞ മൂന്നരദശകങ്ങളായി താന്‍ സംസാരിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അതിന്റെ പേരില്‍ പലപ്പോഴും ആചാരവിരുദ്ധന്‍ എന്ന വിമര്‍ശനം കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്‍ബുക്ക് കുറിപ്പ് ഇങ്ങനെ

ധന്യാത്മാക്കളെ,
അശാസ്ത്രീയമായി നമ്മുടെ ക്ഷേത്രങ്ങളിൽ നടക്കുന്ന ആനയെഴുന്നള്ളത്തിനെയും കരിമരുന്നുപ്രയോഗങ്ങളെയും കുറിച്ച് കഴിഞ്ഞ മൂന്നര ദശകങ്ങളായി നമ്മുടെ സമൂഹത്തിൽ വിമർശനം ചെയ്ത് പ്രസംഗിക്കാറുണ്ട്. അതിന്റെ പേരിൽ പലപ്പോഴും ആചാരവിരുദ്ധൻ എന്നൊക്കെ പരാമർശങ്ങളും സസന്തോഷം കേൾക്കാറുണ്ട്. ഇവയാൽ നമ്മുടെ നാട്ടിൽ വീണ്ടും വീണ്ടും മനുഷ്യജീവനുകൾ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും ഒന്നു മാറി ചിന്തിച്ചുകൂടേ?……

ഇച്ഛാശക്തിയോടെ സമാജനൻമയ്ക്കു വേണ്ടി മാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ടപ്പെട്ടവർ ശ്രമിക്കൂ. ശാസ്ത്രീയമായി ഇത്ര ഡെസിബൽ ശബ്ദത്തിനു മുകളിൽ പാടില്ലെന്നു നിശ്ചയിച്ചുമാത്രം ആരാധനാലയങ്ങളിൽ നിന്നും രാഷ്ട്രീയവേദികളിൽ നിന്നും ശബ്ദം ഉയരട്ടെ. ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ഭേദമില്ലാതെ മറ്റുള്ളവ നിർത്തപ്പെടട്ടെ. ജനാവാസകേന്ദ്രങ്ങളിൽ യാതൊരു വ്യവസ്ഥയുമില്ലാതെ ഉയർത്തപ്പെടുന്ന ശബ്ദമലിനീകരണം അത്യാപത്തെന്ന് നാം തിരിച്ചറിയട്ടെ. അന്തരീക്ഷമലിനീകരണം വരുത്തുന്ന കരിമരുന്നുകളിൽ നിന്ന് മതരാഷ്ട്രീയഭേദമില്ലാതെ ഏവരും വിട്ടുനിൽക്കട്ടെ. ജീവൻരക്ഷാപ്രവർത്തനം ചെയ്യുന്ന ആംബുലൻസുകൾക്കുപോലും മലിനീകരണം നിശ്ചിതപരിധിക്കുള്ളിലാണെന്നുള്ള സാക്ഷ്യപത്രം വേണം. എന്നാൽ കരിമരുന്നുപ്രയോഗത്തിൽ ഒന്നും ആവശ്യവുമില്ല.
നാം ഒന്നിച്ചു നമ്മുടെ നന്മയ്ക്കായി യത്നിക്കുക.
ഉത്സവങ്ങൾ രക്തചൊരിച്ചിലുകളുടെയും ആപത്തുകളുടെയും മരണങ്ങളുടെയും വേദിയാവാതെ ഭക്തിയുടെയും ശാസ്ത്രബോധത്തിന്റെയും ചൈതന്യവർദ്ധനവിന്റെയും വേദികളാവട്ടെ.
സ്വാമി ചിദാനന്ദ പുരി

Leave a comment

Your email address will not be published. Required fields are marked *