May 1, 2025
  • May 1, 2025
Breaking News
  • Home
  • Uncategorized
  • കാമ്പസുകളില്‍ ആര്‍.ടി.ഐ ക്ലബ്ബുകള്‍ തുടങ്ങും: വിവരാവകാശ കമ്മീഷണര്‍

കാമ്പസുകളില്‍ ആര്‍.ടി.ഐ ക്ലബ്ബുകള്‍ തുടങ്ങും: വിവരാവകാശ കമ്മീഷണര്‍

By editor on June 20, 2024
0 43 Views
Share


സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും ആര്‍.ടി.ഐ (വിവരാവകാശം) ക്ലബ്ബുകള്‍ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ.എ ഹക്കിം പറഞ്ഞു. ഇത് യുവാക്കളെ കൂടുതല്‍ അറിവുളളവരാക്കുവാനും വിദ്യാഭ്യാസ മേഖലയിലെ രേഖാതിരിമറി ഉള്‍പ്പെടെയുളള അഴിമതികള്‍ ഇല്ലാതാക്കുവാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വിവരാവകാശ കമ്മീഷനുമായി സഹകരിച്ച് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കൊമേഴ്സ് വിഭാഗത്തില്‍ ആരംഭിച്ച വിവരാവകാശ ക്ലബ്ബിന്റെ ഉദ്ഘാടനവും ഏകദിന ശില്‍പശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാമ്പസുകളിലെ ആര്‍.ടി.ഐ ക്ലബ്ബുകള്‍ക്ക് സമൂഹത്തിലെ തിരുത്തല്‍ ശക്തികളാകാന്‍ കഴിയും. എസ്.എച്ച് കോളേജിലെ ആര്‍.ടി.ഐ ക്ലബ് ‘ ഇൻഫോംഡ്’ ഒരു പരീക്ഷണമെന്ന നിലയിലാണ് കമ്മീഷന്‍ വീക്ഷിക്കുന്നത്. കുറഞ്ഞ കാലത്തെ പ്രവര്‍ത്തനപാഠം കൂടി ഉള്‍പ്പെടുത്തി ഒരു പൊതുമാനദണ്ഡം ഉണ്ടാക്കും. ആര്‍.ടി.ഐ ക്ലബുകള്‍ക്ക് സംസ്ഥാനതലത്തില്‍ ഏകോപനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.ടി.ഐ നിയമം ഇന്ന് സിവില്‍ സര്‍വീസിന് ഒരു മുഖ്യവിഷയമാണ്. ആ നിലയ്ക്ക് വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് ഭാവിയില്‍ ആര്‍.ടി.ഐ ക്ലബ് പരിചയം ഏറെ ഗുണം ചെയ്യും. പി എസ് സി എന്നത് ചോദ്യം ചെയ്യാന്‍ പാടില്ലാത്ത കേന്ദ്രമല്ല. ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നതു മുതല്‍ ചോദ്യപേപ്പര്‍ തയാറാക്കിയവരുടെ യോഗ്യത, പേപ്പര്‍ നോക്കിയവര്‍, സ്‌കോര്‍ ഷീറ്റ് തയാറാക്കുന്നവിധം, ഇന്റര്‍വ്യൂവിലെ മാര്‍ക്കിന്റെ സ്പ്ലിറ്റ് ഡീറ്റയില്‍സ്, ഷോര്‍ട്ട് ലിസ്റ്റ്, റാങ്ക് ലിസ്റ്റ്, മെയിന്‍ ലിസ്റ്റ്, റൊട്ടേഷന്‍ ചാര്‍ട്ട് എന്നിവയെല്ലാം അറിയാന്‍ യുവാക്കള്‍ക്ക് അവകാശമുണ്ട്.

സമൂഹത്തില്‍ അഴിമതി കണ്ടാല്‍ പ്രതികരിക്കാനുളള യുവാക്കളുടെ വാസന കേവലം ന്യൂമീഡിയ പ്രതികരണങ്ങളായി മാത്രം അവസാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെയും സമൂഹത്തിന്റെയും ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അധികാര കേന്ദ്രങ്ങളെ അസ്വസ്തമാക്കുന്ന സക്രിയ യുവത്വത്തിന് ആര്‍.ടി.ഐ ആക്ടിനെ പരമാവധി പ്രയോജനപ്പെടുത്താനാകും.

കാമ്പസുകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും പ്രതിബന്ധതയും വളര്‍ത്തും. എന്റെ കാമ്പസിന്റെ, കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്കും പങ്കാളിത്തമുണ്ട് എന്ന വിദ്യാര്‍ഥി ബോധ്യം കലാലയങ്ങളെ കൂടുതല്‍ സഹകരണാത്മകവും സമാധാനപരവുമാക്കും. കാമ്പസുകളും കലാലയങ്ങളും പൂര്‍ണമായും അഴിമതി മുക്തമാണെന്ന് പറയാന്‍ കഴിയില്ല. നിയമങ്ങളും പ്രവര്‍ത്തന കീഴ്വഴക്കങ്ങളും നടപ്പിലാക്കുന്നിടത്ത് കാലതാമസവും പിടിപ്പുകേടുമുണ്ട്. ഓഫീസുകളില്‍ കടലാസുകള്‍ ദീര്‍ഘനാള്‍ പിടിച്ചു വയ്ക്കുകയും ഫീസടയ്ക്കാന്‍ കുറഞ്ഞ സമയം നല്‍കിയശേഷം പെട്ടെന്ന് ഫൈന്‍ ഈടാക്കുകയും ചെയ്യുന്നത് കെടുകാര്യസ്ഥതയാണ്.

കോളേജുകളില്‍ പഠിപ്പിക്കാന്‍ വരുന്ന അധ്യാപകര്‍, പരീക്ഷാ പേപ്പറുകള്‍ വാല്യുവേഷന്‍ നടത്തുന്നവര്‍ തുടങ്ങിയവരുടെ യോഗ്യതയും അതിന് അവലംബിക്കുന്ന മാര്‍ഗങ്ങളും കുട്ടികള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. നിയമന ഇന്റര്‍വ്യൂവിന് വരുന്ന ബോര്‍ഡ് അംഗങ്ങള്‍, അവര്‍ മാര്‍ക്കിടുന്ന സ്‌കോര്‍ഷീറ്റ്. ഓരോ സെഗ്മെന്റിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് /വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന മാര്‍ക്കിന്റെ ഇനം തിരിച്ച വിവരം, ഉത്തരപേപ്പര്‍ കാണാനുളള അവകാശം എന്നിവയെല്ലാം സംരക്ഷിക്കപ്പെടാന്‍ ആര്‍ടിഐ നിയമത്തില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ അവബോധമുളളവരായിരിക്കണമെന്ന് വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

സാമൂഹ്യ ജീവിതത്തില്‍ പ്രതികരണ ശേഷിയുളള യുവാക്കളുടെ ഊര്‍ജത്തില്‍ ഊറ്റം കൊണ്ട പഴയകാല കേരളം ഇന്നില്ല. ഇന്ന് യുവജനസംഘടനകളും നേതാക്കളും പാര്‍ലമെന്ററി മോഹത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത പ്രായത്തിലെ പ്രതികരണത്തിനേ ശക്തിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

തേവര എസ്.എച്ച് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.എസ് ബിജു അധ്യക്ഷതവഹിച്ചു. വിവരാവകാശ പ്രവര്‍ത്തകനും ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റുമായ അഡ്വ.ഡി.ബി.ബിനു മുഖ്യ പ്രഭാഷണം നടതതി.വിവരാവകാശ കമ്മിഷനുകൾ കേസുകൾ തീർപ്പാക്കുന്നതിന് കാലപരിധി വേണമെന്ന് അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ജോസ് എബ്രഹാം, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ്, ആർ. ടി. ഐ. ക്ലബ്‌ കോർഡിനേറ്റർ ജെയിംസ് വി ജോര്‍ജ് ക്ലബ്ബിന്റെ ആശയങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു. ഡോ.ടെസ മേരി ജോസ്, ഡോ.സനു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്ലബ് കോ ഓഡിനേറ്റര്‍ സാനിയ ഷാജിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളാണ് പരിപാടി സംഘടിപ്പിച്ചത്

Leave a comment

Your email address will not be published. Required fields are marked *