April 30, 2025
  • April 30, 2025
Breaking News
  • Home
  • Uncategorized
  • ടൊയോട്ട കാറിന്റെ സ്പെയർ പാർട്സുകൾ ലഭ്യമാക്കിയില്ല, 5.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ടൊയോട്ട കാറിന്റെ സ്പെയർ പാർട്സുകൾ ലഭ്യമാക്കിയില്ല, 5.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

By on September 24, 2024 0 55 Views
Share

കൊച്ചി:ടൊയോട്ട കാറിൻറെ സ്പെയർപാർട്സുകൾ ജപ്പാനിൽ നിന്ന് വരുന്നതിന് കാലതാമസം ഉണ്ട് എന്ന കാരണത്താൽ യഥാസമയം റിപ്പയർ ചെയ്തു നൽകാത്ത എതിർകക്ഷികൾ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അനുവർത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

5 ലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപതിനായിരം രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി നിർദേശിച്ചു.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി പി എൻ ബാലസുബ്രഹ്മണ്യം, ടൊയോട്ട കിർലോസ്കർ കമ്പനിക്കും എറണാകുളത്തെ മൂപ്പൻ മോട്ടോഴ്സ് എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

2010 ജനുവരി ഒന്നിനാണ് പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും 11 ലക്ഷത്തി 4400 രൂപ നൽകി ടൊയോട്ട കൊറോള കാർ വാങ്ങിയത്. സർവീസുകൾ കൃത്യമായി നടത്തുകയും ചെയ്തു.

എന്നാൽ 2022 മാർച്ച് മാസം എൻജിനിൽ നിന്ന് മണവും അനുഭവപ്പെട്ടതിനെ തുടർന്ന് സർവീസ് സെൻററിൽ നൽകി.

അതേ ദിവസം തന്നെ റിപ്പയർ ചെയ്ത് കാർ നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും സ്പെയർ പാർട്സുകൾ ലഭ്യമല്ലെന്നും ജപ്പാനിൽ നിന്ന് വരണമെന്നും പിന്നീട് അറിയിക്കുകയാണുണ്ടായത്. പല മാസങ്ങൾ കഴിഞ്ഞിട്ടും സ്പെയർപാർട്സ് ലഭ്യമാക്കാൻ സർവീസ് സെന്ററിന് കഴിയാത്തത് മൂലം വലിയ ബുദ്ധിമുട്ടാണ് പരാതിക്കാരൻ നേരിട്ടത്.
പ്രതിമാസം ഇരുപതിനായിരം രൂപ വരെ ടാക്സി കൂലിയായി നൽകേണ്ടത് വന്നു.

കാർ വാങ്ങി20 വർഷം എങ്കിലും സ്പെയർപാർട്സുകൾ വിപണിയിൽ ലഭ്യമാക്കേണ്ട ചുമതല എതിർകക്ഷികൾ ഉണ്ടെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. ഇത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്നും 7 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

വാഹനത്തിൻറെ സ്പെയർപാർട്സിന് രണ്ട് ലക്ഷം രൂപയോളം ചെലവ് വരും എന്ന് പറഞ്ഞപ്പോൾ റിപ്പയർ നിർത്തി വയ്ക്കാൻ പരാതിക്കാരൻ ആവശ്യപ്പെട്ടുവെന്ന്‌ എതിർകക്ഷി ബോധിപ്പിച്ചു.

സ്പെയർപാർട്സുകൾ ലഭ്യമാക്കേണ്ടത് വാഹന നിർമാതാക്കൾ ആണെന്ന് രണ്ടാം എതിർകക്ഷിയായ സർവീസ് സെന്റർ ബോധിപ്പിച്ചു. വാഹനത്തിൻറെ സ്പെയർപാർട്സുകൾ വിൽപ്പനാനന്തരം വിപണിയിൽ ലഭ്യമാക്കേണ്ട ചുമതലവാഹനത്തിന്റെ നിർമ്മാതാക്കൾക്ക് ഉണ്ടെന്ന് കമ്മീഷൻ വിലയിരുത്തി.ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരൻ എതിർകക്ഷികൾക്കെതിരെ ഉന്നയിച്ചതെങ്കിലും കൃത്യമായ മറുപടി സമർപ്പിക്കാൻ പോലും എതിർകക്ഷിക്ക് കഴിഞ്ഞില്ല എന്നത് വിചിത്രവും ആരോപണത്തിന്റെ ഗൗരവവും വർദ്ധിപ്പിക്കുന്നതുമാണ്. മാത്രമല്ല എതിർകക്ഷിയുടെ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുടെയും ആഴം വർദ്ധിപ്പിക്കുന്നു. ഇത്തരം പ്രതിസന്ധികളെ നേരിട്ട്, കോടതിയെ സമീപിച്ച ഉപഭോക്താവിന് നീതി ലഭ്യമാക്കുക എന്നത് കോടതിയുടെ ചുമതലയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

എതിർകക്ഷികൾ 5 ലക്ഷം രൂപ നഷ്ടപരിഹാരവും 20,000/- രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാരിൽ നൽകണമെന്ന് കോടതി ഉത്തരവ് നൽകി.

പരാതിക്കാരന് വേണ്ടി അഡ്വ ജോർജ് ചെറിയാൻ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *