May 1, 2025
  • May 1, 2025
Breaking News
  • Home
  • Uncategorized
  • ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.., മത്സ്യത്തൊഴിലാളി യൂണിയൻ നിവേദനം നൽകി

ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.., മത്സ്യത്തൊഴിലാളി യൂണിയൻ നിവേദനം നൽകി

By on January 25, 2025 0 123 Views
Share

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മിറ്റി, DTPC സെക്രട്ടറിക്ക് നിവേദനം നൽകി.

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം നിർത്തി, ബ്രിഡ്ജ് അഴിച്ചു വെച്ചപ്പോൾ, ആങ്കറും മറ്റ് അവശിഷ്ടങ്ങളും കടലിൽ തന്നെ ബാക്കി കിടക്കുകയാണ്. ഇത് തീരത്ത് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വളരെയധികം പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. കമ്പവലക്കാർ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾക്ക് ഈ ഭാഗത്ത് മത്സ്യബന്ധനം നടത്താൻ പറ്റാത്ത അവസ്ഥയാണ്. കരവല , ആടുവലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ വലയും മറ്റും കേടുപാടുകൾ സംഭവിക്കുകയും, നഷ്ടപ്പെടുകയും ചെയ്യുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. ഇത് സംബന്ധിച്ച് മുമ്പ് DTPC യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും ഇത് വരെയായി ഇവ നീക്കം ചെയ്യുന്നതിന് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഉമ്മലിൽ റയീസ്, ജില്ലാകമ്മിറ്റിയംഗം കെ.വി.പത്മനാഭൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.സജിത്ത്, എം.അഷ്ക്കർ, പി.ടി.ഷഹീർ, വി.കെ.ഷെരീഫ് എന്നിവർ പങ്കെടുത്തു.

തുടർനടപടികൾ എത്രയും വേഗത്തിൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിന് യൂണിയൻ ഏരിയാ കമ്മിറ്റി തീരുമാനിച്ചു.

Leave a comment

Your email address will not be published. Required fields are marked *