August 3, 2025
  • August 3, 2025
Breaking News
  • Home
  • Uncategorized
  • മകന് സർക്കാർ സ്ഥിരം ജോലി നല്‍കണം; ബിന്ദുവിന്റെ വീട് പണി പത്ത് ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കും: ചാണ്ടി ഉമ്മന്‍

മകന് സർക്കാർ സ്ഥിരം ജോലി നല്‍കണം; ബിന്ദുവിന്റെ വീട് പണി പത്ത് ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കും: ചാണ്ടി ഉമ്മന്‍

By on July 5, 2025 0 57 Views
Share

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ കളക്ടര്‍ അപകടത്തില്‍ അന്വേഷണം നടത്തുന്നത് യുക്തിരഹിതമാണെന്ന് ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. നവനീതിന് താല്‍ക്കാലിക ജോലി നല്‍കി പറ്റിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. ശക്തമായി പ്രതിപക്ഷം ഇതിന്റെ പിന്നാലെയുണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

‘ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍’ വഴി നല്‍കാമെന്ന് പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പത്ത് ദിവസത്തിനകം ബിന്ദുവിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുവെന്നും റിപ്പോര്‍ട്ടറിന്റെ സാന്നിധ്യത്തില്‍ വീട് കുടുംബത്തിന് നല്‍കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഈ ഫണ്ടിലേക്കായി കോട്ടയം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്.

അതേസമയം ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം. ഇന്ന് സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. തിരുവനന്തപുരത്തെ പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാര്‍ച്ച് നടത്തുക. ചൊവ്വാഴ്ച്ച താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഇന്നലെ യൂത്ത് ലീഗ്, ആര്‍ വൈ എഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *