January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം മണ്‍സൂണ്‍ മഴയും സമുദ്രത്തിലെ മാറ്റങ്ങളും: സിഎംഎഫ്ആര്‍ഐ പഠനം

മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം മണ്‍സൂണ്‍ മഴയും സമുദ്രത്തിലെ മാറ്റങ്ങളും: സിഎംഎഫ്ആര്‍ഐ പഠനം

By on September 30, 2025 0 93 Views
Share

mathi

കേരള തീരത്ത് കഴിഞ്ഞ വര്‍ഷം മത്തിയുടെ കുഞ്ഞുങ്ങള്‍ അപ്രതീക്ഷിതമായി വര്‍ധിച്ചതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പുതിയ പഠനം.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാര്‍ഗമായ മത്തിയുടെ ലഭ്യതയില്‍ സമീപകാലങ്ങളില്‍ വലിയ വ്യതിയാനമാണുണ്ടായത്. 2012ല്‍ സംസ്ഥാനത്ത് നാല് ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ലഭിച്ച മത്തി 2021ല്‍ വെരും 3500 ടണ്ണായി കുത്തനെ കുറഞ്ഞു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ശരാശരി പത്ത് സെന്റിമീറ്റര്‍ വലിപ്പമുള്ള കുഞ്ഞന്‍ മത്തി കേരള തീരത്ത് വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇവ കൂട്ടത്തോടെ കരക്കടിയുന്ന സാഹചര്യവുമുണ്ടായി.

കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളില്‍ ജൈവശാസ്ത്രവും സാമുദ്രകവുമായ ഘടകങ്ങള്‍ വിശകലനം ചെയ്താണ് സിഎംഎഫ്ആര്‍ഐ പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം അനുകൂലമായ മണ്‍സൂണ്‍ മഴയും പോഷക സമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും (അപ് വെല്ലിംഗ്) മത്തി ലാര്‍വകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങള്‍ പെരുകാന്‍ കാരണമായി. ഇതോടെ ലാര്‍വകളുടെ അതിജീവനം കൂടുകയും മത്തികുഞ്ഞുങ്ങളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവുണ്ടാകുകയും ചെയ്തു.

എന്നാല്‍, മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയതോടെ അവയുടെ ഭക്ഷ്യലഭ്യതയില്‍ ക്രമേണ കുറവുണ്ടായി. ഇത് അവയുടെ വളര്‍ച്ച മുരടിക്കുന്നതിനും തൂക്കം കുറയുന്നതിനും കാരണമായി. ഇതോടെ വിപണിയില്‍ മത്തിയുടെ വില കുത്തനെ ഇടിയുകയും മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നത് തന്നെ നിര്‍ത്തിവെക്കുന്ന സാഹചര്യവുമുണ്ടായി.

സൂക്ഷ്മപ്ലവകങ്ങളുടെ അളവ് പോലുള്ള ആവാസവ്യവസ്ഥയിലെ ഉത്പാദനക്ഷമതയാണ് മത്തിയുടെ ലഭ്യതയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതെന്നും പഠനം കണ്ടെത്തി. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിച്ചിരിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം ഏറ്റക്കുറച്ചിലുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല മുന്നറിയിപ്പുകള്‍ (ഫോര്‍കാസ്റ്റ്) വേണമെന്ന് പഠനം നിര്‍ദേശിക്കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രാദേശികമായി മത്സ്യബന്ധന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാന്‍ അനിവാര്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ യു ഗംഗ പറഞ്ഞു. പഠനം കറന്റ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *