June 20, 2026
  • June 20, 2026
Breaking News
  • Home
  • Uncategorized
  • ‘സകല സ്ത്രീകൾക്കും വേണ്ടി സംസാരിക്കാൻ കനൽ ഒരു തരി മതി’; BJPയുടെ ജംബോ കോർ കമ്മിറ്റിക്കെതിരെ വിമർശനം

‘സകല സ്ത്രീകൾക്കും വേണ്ടി സംസാരിക്കാൻ കനൽ ഒരു തരി മതി’; BJPയുടെ ജംബോ കോർ കമ്മിറ്റിക്കെതിരെ വിമർശനം

By on August 8, 2025 0 170 Views
Share

ബിജെപിയുടെ ജംബോ കോർ കമ്മിറ്റിയിൽ കൂടുതൽ പേർക്ക് അതൃപ്തി. കോർ കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്ത് ടിപി സിന്ധു മോൾ. സകല സ്ത്രീകൾക്കും വേണ്ടി സംസാരിക്കാൻ കനൽ ഒരു തരി മതിയെന്നും ബിജെപി വക്താക്കളുടെ ഗ്രൂപ്പിൽ ടി പി സിന്ധു മോളുടെ പരിഹാസം.

22 പേരുടെ ജംബോ കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ മാത്രമാണ് ഏക വനിത. “21 നാരായണന്മാരും ഒരു നാരായണിയും മതി എന്നുള്ള തീരുമാനം എടുത്തിട്ടുണ്ട്. പുരുഷന്മാർ പൊതുവേ അബലന്മാർ ആയതാവും നാരായണന്മാരുടെ എണ്ണം കൂടാനുള്ള കാരണം എന്ന് വിശ്വസിക്കാം. നാരായണി ഒന്ന് മതി. സകല സ്ത്രീകൾക്കും വേണ്ടി സംസാരിക്കാൻ കനൽ ഒരു തരി മതി. നാവടക്കൂ പണിയെടുക്കൂ എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണോ എന്നറിയില്ല. സ്ത്രീ ആയത് കുറ്റമല്ല അനുഗ്രഹമാണെ“ന്നും കുറിപ്പിൽ‌ പറയുന്നു.

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവർ 21 പേരടങ്ങുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഉണ്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ, സി കെ പത്മനാഭൻ, എന്നിവരെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിച്ച ഉപാധ്യക്ഷൻ ഡോ. കെ എസ് രാധാകൃഷ്ണൻ കോറിലും വക്താക്കളുടെ പട്ടികയിൽ നിന്നും പുറത്താക്കി.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷന്മാരായ വി മുരളീധരൻ,കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ,കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി,അനിൽ ആന്റണി, ജനറൽ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രൻ,എം ടി രമേശ്,എസ് സുരേഷ്,അനൂപ് ആന്റണി ഒപ്പം 7 ഉപാധ്യക്ഷന്മാരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *