April 23, 2026
  • April 23, 2026
Breaking News
  • Home
  • Uncategorized
  • കിണര്‍പണിക്കിടെ സൂര്യാഘാതം; കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ യുവാവ് മരിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്:

കിണര്‍പണിക്കിടെ സൂര്യാഘാതം; കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ യുവാവ് മരിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്:

By editor on April 23, 2026
0 35 Views
Share

കണ്ണൂര്‍: ജില്ലയില്‍ കിണര്‍ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍കുമാര്‍ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണര്‍ നിര്‍മാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. വീടിന് പരിസരത്തെ കിണര്‍ നിര്‍മാണത്തില്‍ സഹായിച്ചുകൊണ്ടിരിക്കെയാണ് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.

 

 

അതിനിടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗമുന്നറിയിപ്പ് നല്‍കി. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 2024-ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നത്. കടുത്ത വേനല്‍ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരിട്ട് വെയിലേല്‍ക്കുന്ന ജോലിചെയ്യുന്നവര്‍ ജോലിസമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തില്‍നിന്ന് ജലം നഷ്ടപ്പെടാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളംകുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളംനല്‍കണം എങ്ങനെയാണ് നിര്‍ദേശങ്ങള്‍. മറ്റുനിര്‍ദേശങ്ങള്‍ ഇവയാണ്.

 

 

 

• കടകളിലും ഹോട്ടലുകളിലും ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പാക്കണം.

 

 

• അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണേറ്റഡ് പാനീയങ്ങളും സൂക്ഷിച്ചുമാത്രം ഉപയോഗിക്കുക.

 

 

• വീട്ടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കണം.

 

 

• കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

• പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട അല്ലെങ്കില്‍ തൊപ്പി ഉപയോഗിക്കുക. ജലാംശം ധാരാളമുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കഴിക്കണം.

Leave a comment

Your email address will not be published. Required fields are marked *