July 23, 2026
  • July 23, 2026
Breaking News
  • Home
  • Uncategorized
  • കൊച്ചിയില്‍ ഓണ്‍ലൈൻ ഡെലിവറി കമ്പനിക്ക് കിട്ടിയ ‘പണി’; ജീവനക്കാരൻ പലതവണകളായി തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപ; അറസ്റ്റ്

കൊച്ചിയില്‍ ഓണ്‍ലൈൻ ഡെലിവറി കമ്പനിക്ക് കിട്ടിയ ‘പണി’; ജീവനക്കാരൻ പലതവണകളായി തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപ; അറസ്റ്റ്

By editor on July 23, 2026
0 17 Views
Share

.

കൊച്ചി: ഓണ്‍ലൈൻ ഡെലിവറി സ്ഥാപനങ്ങളില്‍ ക്രമക്കേട് നടത്തി ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ ആലുവ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ മാറമ്പിള്ളി മുടിക്കല്‍ കരോത്തുകുടി വീട്ടില്‍ സിദ്ദിഖ് (31) ആണ് പിടിയിലായത്. 2025 ഓഗസ്റ്റ് മുതല്‍ ഒക്ടോബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമിന്റെ കാഞ്ഞൂർ ഡെലിവറി ഹബ്ബ് ഇൻ-ചാർജ് ആയിരുന്നു സിദ്ദിഖ്. ഈ ഹബ്ബ് വഴി മാത്രം 18 ലക്ഷത്തിലധികം രൂപ വിലവരുന്ന 38 ഫോണുകളാണ് ഇയാള്‍ തട്ടിയെടുത്തത്. എന്നാല്‍ ഏത് സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നതെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.

വിവിധ വ്യാജ പേരുകളില്‍ മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത് കാഞ്ഞൂരിലെ ഹബ്ബില്‍ എത്തിച്ച ശേഷം, ഇവ നഷ്ടപ്പെട്ടതായി കമ്പനിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ ഫോണുകള്‍ വിവിധ മൊബൈല്‍ ഷോപ്പുകളില്‍ വിറ്റഴിച്ചു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. മറ്റ് ഹബ്ബുകളിലും കോടികളുടെ തട്ടിപ്പ് സമാനമായ രീതിയില്‍ മറ്റ് ഡെലിവറി ഹബ്ബുകളിലും വൻ തട്ടിപ്പ് നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തി. മൂവാറ്റുപുഴ ഹബ്ബ് വഴി 53 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പും മേക്കാട് ഹബ്ബ് വഴി 48 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പും കുറുപ്പുംപടി ഹബ്ബ് വഴി 40 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പുമാണ് നടന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐ ടി.കെ. വർഗീസ്, എ.എസ്.ഐ സലാവുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Leave a comment

Your email address will not be published. Required fields are marked *