July 4, 2026
  • July 4, 2026
Breaking News
  • Home
  • Uncategorized
  • നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസി യാത്രക്കാരൻ്റെ ബാഗ് കുത്തിത്തുറന്ന നിലയില്‍; 8000 റിയാല്‍ മോഷണം പോയെന്ന് പരാതി

നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസി യാത്രക്കാരൻ്റെ ബാഗ് കുത്തിത്തുറന്ന നിലയില്‍; 8000 റിയാല്‍ മോഷണം പോയെന്ന് പരാതി

By editor on July 4, 2026
0 22 Views
Share

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവാസി യാത്രക്കാരന്റെ ബാഗില്‍ നിന്ന് വിദേശ കറൻസി മോഷണം പോയതായി പരാതി.

റിയാദില്‍ നിന്നും കൊച്ചിയിലെത്തിയ ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്. ബാഗിന്റെ നമ്പർ ലോക്ക് തകർത്ത് അകത്തുണ്ടായിരുന്ന 8000 സൗദി റിയാലാണ് (ഏകദേശം 1.75 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) കവർന്നത്. റിയാദില്‍ വച്ച്‌ പണം അടങ്ങിയ ബാഗ് ഉള്‍പ്പെടെ മൂന്ന് ചെക്ക്-ഇൻ ബാഗുകളാണ് ഷഫീഖ് വിമാനക്കമ്പനിയെ ഏല്‍പ്പിച്ചിരുന്നത്. കൊച്ചിയിലെത്തിയ ശേഷം ബാഗേജ് ബെല്‍റ്റില്‍ നിന്ന് ബാഗുകള്‍ ലഭിക്കാൻ വൈകിയെന്ന് ഷഫീഖ് പറയുന്നു.

ബാഗ് കൈപ്പറ്റിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍ പെട്ടത്. ബാഗിന്റെ നമ്പർ ലോക്ക് പൂർണ്ണമായും മാറ്റിയ നിലയിലായിരുന്നു. ഉള്ളിലെ സിബ്ബുകള്‍ എല്ലാം തുറന്നു കിടക്കുകയായിരുന്നു. ബാഗിലുണ്ടായിരുന്ന ചോക്ലേറ്റുകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വലിച്ചിട്ട നിലയിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഇന്ത്യൻ രൂപയാക്കി മാറ്റാൻ വെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഇതോടെ ഷഫീഖ് വിമാനത്താവള അധികൃതർക്കും പോലീസിനും പരാതി നല്‍കി. ഷഫീഖിന്റെ മാത്രമല്ല, ഇതേ വിമാനത്തില്‍ യാത്ര ചെയ്ത മറ്റൊരു മലയാളി നഴ്സിന്റെ ബാഗും സമാനമായ രീതിയില്‍ നമ്പർ ലോക്ക് അഴിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ബാഗില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല. വിമാനത്താവളത്തിലെ ബാഗേജ് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ജീവനക്കാരാണോ അതോ റിയാദില്‍ വെച്ചാണോ മോഷണം നടന്നതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെയും ബാഗേജ് സുരക്ഷയെയും കുറിച്ച്‌ പ്രവാസികള്‍ക്കിടയില്‍ ആശങ്ക വർദ്ധിപ്പിക്കുന്നതാണ് ഈ സംഭവം.

Leave a comment

Your email address will not be published. Required fields are marked *