May 11, 2026
  • May 11, 2026
Breaking News
  • Home
  • Uncategorized
  • തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്ന് കേരളത്തില്‍ നിന്നുള്ള 8 നേതാക്കള്‍

തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്ന് കേരളത്തില്‍ നിന്നുള്ള 8 നേതാക്കള്‍

By on May 11, 2026 0 50 Views
Share

cpim

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ ദേശിയ കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്ന് കേരളത്തില്‍ നിന്നുളള നേതാക്കള്‍. സംസ്ഥാനത്ത് നിന്നുളള 12 ദേശിയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒന്‍പത് പേരും യോഗത്തിനെത്തിയില്ല. നേതാക്കള്‍ കൂട്ടത്തോടെ വിട്ടനിന്നതോടെ റിപോര്‍ട്ട് അവതരിപ്പിക്കാന്‍ പോലും ആളുണ്ടായില്ല.

ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തി എന്നാണ് സിപിഐ സ്വയം വിശേഷിപ്പിക്കാറുളളത്. ഇപ്പോള്‍ പാര്‍ട്ടിക്കുളളിലും തിരുത്തല്‍ തുടങ്ങിയോ എന്ന് സംശയിക്കേണ്ട നിലയിലാണ് കാര്യങ്ങള്‍. അതും വെറും തിരുത്തലല്ല, ദേശിയ കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്നുളള തിരുത്തല്‍ എന്നാണ് പാര്‍ട്ടി വൃത്തങ്ങളിലെ പരിഹാസം.

കേരളമടക്കമുളള അഞ്ച് സംസ്ഥാനങ്ങളിലെ ഫലം വിലയിരുത്താന്‍ ചേര്‍ന്ന നിര്‍ണായകമായ യോഗത്തില്‍ നിന്നാണ് നേതാക്കള്‍ കൂട്ടത്തോടെ മാറിനിന്നത്. സംസ്ഥാനത്ത് നിന്നുളള 12 ദേശിയ കൗണ്‍സില്‍ അംഗങ്ങളില്‍ നാല് പേര്‍ മാത്രമാണ് ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന യോഗത്തില്‍ പങ്കെടുത്തത്. നാല് പേരില്‍ മൂന്ന് പേര്‍ ദേശിയ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. ദേശിയ കൗണ്‍സില്‍ അംഗങ്ങളില്‍ ടി.ജെ ആഞ്ചലോസ് മാത്രമാണ് പങ്കെടുത്തത്. അതും ഒരു ദിവസം മാത്രം.ബാക്കിയുളള 9 പേര്‍ ഡല്‍ഹിക്ക് പോയതേയില്ല.

കെ.രാജന്‍, പി.പ്രസാദ്, ജി.ആര്‍.അനില്‍, ജെ.ചിഞ്ചുറാണി, പി.പി.സുനീര്‍, ചിറ്റയം ഗോപകുമാര്‍, പി.വസന്തം, സത്യന്‍ മൊകേരി, ഗോവിന്ദന്‍ പളളിക്കാപ്പില്‍ എന്നിവരാണ് വിട്ടുനിന്നത്. യോഗത്തില്‍ പങ്കെടുക്കാത്തവരില്‍ പി.പ്രസാദ് ഒഴികെ ആരും അവധിക്ക് പോലും അപേക്ഷിച്ചില്ല. സിപിഐയുടെ സംഘടനാ രീതി അനുസരിച്ച് ദേശിയ കൗണ്‍സിലില്‍ ഒരോ സംസ്ഥാനത്തെയും സംബന്ധിച്ച റിപോര്‍ട്ട് അവതരിപ്പിക്കുന്നത് അതാത് സംസ്ഥാനങ്ങളില്‍ നിന്നുളള ദേശിയ കൗണ്‍സില്‍ അംഗങ്ങളാണ്.

ഒന്‍പത് അംഗങ്ങള്‍ വിട്ടുനിന്നതോടെ ഇത്തവണത്തെ ദേശിയ കൗണ്‍സിലില്‍റിപോര്‍ട്ട് അവതരിപ്പിച്ചത് ദേശിയ സെക്രട്ടേറിയേറ്റംഗം പി.സന്തോഷ് കുമാറായിരുന്നു. നേതാക്കള്‍ കൂട്ടത്തോടെ ദേശിയ കൗണ്‍സില്‍ ബഹിഷ്‌കരിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. തോല്‍വിയുടെ നാണക്കേട് കൊണ്ടാണ് ചിഞ്ചുറാണിയും വസന്തവും വിട്ടുനിന്നതെന്ന് പറയാമെങ്കിലും ബാക്കിയുളളവര്‍ എന്തുകൊണ്ട് പങ്കെടുത്തില്ല എന്നതാണ് ചോദ്യം.

Leave a comment

Your email address will not be published. Required fields are marked *