July 5, 2026
  • July 5, 2026
Breaking News
  • Home
  • Uncategorized
  • നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന് വി എം സുധീരന്‍

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന് വി എം സുധീരന്‍

By editor on July 5, 2026
0 19 Views
Share

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്ത്. കെ. കരുണാകരന്റെ 108-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ തൃശൂരിലെ മുരളീമന്ദിരത്തിലുള്ള സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നെടുമ്പാശേരി വിമാനത്താവളം എന്നത് ലീഡര്‍ കെ. കരുണാകരന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്ന് വി. എം. സുധീരന്‍ അനുസ്മരിച്ചു. ജനപങ്കാളിത്തത്തോടെ ഒരു വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുകയും അതിനെ സര്‍ക്കാരിനു കീഴില്‍ കൊണ്ടുവരികയും ചെയ്തത് ഇന്ത്യയിലെ തന്നെ വികസനരംഗത്തെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായിരുന്നു. ‘കരുണാകരന്‍ ഫോര്‍മുല’ വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതിന്റെ ഫലമായാണ് നെടുമ്പാശേരി വിമാനത്താവളം ഇന്ന് രാജ്യത്തെ തന്നെ എണ്ണപ്പെട്ട വിമാനത്താവളങ്ങളിലൊന്നായി മാറിയത്. ഈ വിജയത്തിന് കേരളം നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കുക എന്നത് തികച്ചും ന്യായമായ ആവശ്യമാണ്. കാലാകാലങ്ങളില്‍ പല സര്‍ക്കാരുകള്‍ മാറിമറിഞ്ഞ് വന്നിട്ടുണ്ടെങ്കിലും ഈ ആവശ്യം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. ഇനിയെങ്കിലും ഈ നാമകരണം സാധ്യമാകുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

കെ. കരുണാകരനുമായി നയപരമായ പല വിഷയങ്ങളിലും തനിക്ക് വിയോജിപ്പുകള്‍ ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് സുധീരന്‍ തുറന്നുപറഞ്ഞു. എന്നാല്‍ അത്തരം വിയോജിപ്പുകള്‍ക്കിടയിലും വ്യക്തിപരമായ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. അക്കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകള്‍ നിലനിന്നിരുന്നെങ്കിലും, സംഘടനയുടെ പൊതുവായ കാര്യങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തിരുന്നത്.

 

പ്രത്യേകിച്ച്‌ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ലീഡറും എ. കെ. ആന്റണിയും പുലര്‍ത്തിയിരുന്ന ജാഗ്രത സുധീരന്‍ എടുത്തുപറഞ്ഞു. തര്‍ക്കങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും ഇടനല്‍കാതെ, കൃത്യമായ സാമൂഹ്യ സന്തുലിതാവസ്ഥ പാലിച്ചുകൊണ്ടായിരുന്നു അക്കാലത്ത് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നത്. ‘ദേശീയ രാഷ്ട്രീയത്തിലും കെ. കരുണാകരന്റെ പേര് സുവര്‍ണലിപികളില്‍ എഴുതപ്പെട്ടതാണ്. അദ്ദേഹത്തോടൊപ്പം നിയമസഭയിലും പാര്‍ലമെന്റിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമാണ്.’

വി. എം. സുധീരന്‍

 

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പിണങ്ങിപ്പിരിഞ്ഞ് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് (ഡി.ഐ.സി) രൂപീകരിച്ച കരുണാകരനെ പിന്നീട് പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ മറ്റ് നേതാക്കള്‍ക്കൊപ്പം മധ്യസ്ഥശ്രമങ്ങള്‍ നടത്താന്‍ കഴിഞ്ഞത് വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണെന്നും സുധീരന്‍ ഓര്‍ത്തെടുത്തു. കെ. കരുണാകരനെപ്പോലെയുള്ള സമഗ്രസംഭാവനകള്‍ നല്‍കിയ ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ അഭാവം ഇന്നത്തെ പൊതുരംഗത്ത് വലിയൊരു നഷ്ടം തന്നെയാണെന്ന് പറഞ്ഞാണ് വി. എം. സുധീരന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

 

 

 

Leave a comment

Your email address will not be published. Required fields are marked *