July 5, 2026
  • July 5, 2026
Breaking News
  • Home
  • Uncategorized
  • കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ടികെ ഗോവിന്ദൻ്റെ പാര്‍ലമെൻ്റ് വ്യാമോഹത്തെ തുറന്നു കാട്ടിയേനെ:മറുപടിയുമായി M V ജയരാജൻ

കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ടികെ ഗോവിന്ദൻ്റെ പാര്‍ലമെൻ്റ് വ്യാമോഹത്തെ തുറന്നു കാട്ടിയേനെ:മറുപടിയുമായി M V ജയരാജൻ

By editor on July 5, 2026
0 15 Views
Share

കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കില്‍ സംഘടനാപരമായ തെറ്റുണ്ടായാല്‍ തെറ്റായ കാര്യത്തിനെതിരെ കോടിയേരിയാകും ആദ്യം രംഗത്തുവരികയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ.കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന ടികെ ഗോവിന്ദന്റെ പരാമർശത്തോടായിരുന്നു എം വി ജയരാജൻ്റെ പ്രതികരണം. ‘വർഗീയതയുമായി സന്ധി ചെയ്യണമെന്ന നയം എംവി രാഘവൻ അടിച്ചേല്‍പിക്കാൻ ശ്രമിച്ചപ്പോള്‍ അതിശക്തമായി എതിർത്ത കൂട്ടത്തിലാണ് കോടിയേരി. പയ്യന്നൂരിലെ സംഘടനാപ്രശ്നത്തില്‍ കോടിയേരിക്കു അശേഷം സംശയമുണ്ടായിരുന്നില്ല. രക്തസാക്ഷി ഫണ്ടോ കെട്ടിടനിർമാണ ഫണ്ടോ ഒന്നും ധനാപഹരണം നടത്തിയിട്ടില്ലെന്ന പാർട്ടി കണ്ടെത്തല്‍ കോടിയേരി ശരിവച്ചിട്ടുണ്ട്. കൃത്യമായ കണക്കു അവതരിപ്പിക്കാത്തതിനു മധുവിനെതിരെ നടപടി എടുത്തപ്പോള്‍ കോടിയേരിയാണ് ഉണ്ടായിരുന്നത്. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ടികെ ഗോവിന്ദന്റെ പാർലമെന്റ് വ്യാമോഹത്തെ തുറന്നു കാട്ടുന്നത് കോടിയേരി ആയിരുന്നേനെ’യെന്നും എം വി ജയരാജൻ വ്യക്തമാക്കി. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം വി ജയരാജൻ്റെ പ്രതികരണം.

 

ടികെ ഗോവിന്ദൻ കോടിയേരിയുടെ വീട് സന്ദർശിച്ചതിലും എം വി ജയരാജൻ പ്രതികരിച്ചു. ‘ഒരാളുടെ വീട്ടില്‍ മറ്റൊരാള്‍ പോയാല്‍ ഏത് രാഷ്ട്രീയത്തില്‍ പെട്ടവരായാലും, ആ വീട്ടില്‍ നിന്ന് ഗൃഹനാഥനോ നാഥയ്ക്കോ പുറത്താക്കാനാകില്ല. അവര് വന്നാല്‍ സ്വാഭാവികമായി ആതിഥ്യ മര്യാദ കാണിക്കണം. എന്നാല്‍ ഇങ്ങനെ ആളുകള്‍ വന്നാല്‍ സ്വീകരിച്ചാനയിച്ചു പോകുന്ന നിലയും നല്ലതല്ല. വന്നയാളെ തിരിച്ചയക്കാൻ പാടില്ല എന്ന് പറയുമ്പോള്‍ തന്നെ, വന്നയാള്‍ അവിടെ വന്ന് കഴിഞ്ഞാല്‍ സത്കരിച്ച്‌ പറഞ്ഞയക്കുക എന്നത് നല്ലതാണ്. അതിനപ്പുറം ഉണ്ടാകുന്നത് ഗുണമല്ലെ’ന്നും എം വി ജയരാജൻ ചൂണ്ടിക്കാണിച്ചു. ടികെ ഗോവിന്ദൻ മാഷിനെ മറക്കാനാകില്ല, വർഗ വഞ്ചകനായി കാണാനാകില്ല എന്നതു വിനോദിനിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനപ്പുറം അതിലൊന്നുമില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.

സിഎംആർഎല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ടും എം വി ജയരാജൻ നിലപാട് പറഞ്ഞു. വീണ ടിയുടെ കമ്പനി സിഎംആർഎല്ലുമായി നടത്തിയത് സേവനത്തിനുള്ള കരാറാണെന്നായിരുന്നു എം വി ജയരാജൻ്റെ നിലപാട്. ‘ഇതിനു സേവനം നല്‍കണമെന്ന് നിർബന്ധമില്ല. ഇതിനെ എങ്ങനെയാണ് മാസപ്പടിയായി വ്യാഖ്യാനിക്കുന്നത്. വർക്ക് ഫ്രം ഹോം ഉള്‍പ്പെടെ സാർവത്രികമായ കാലത്ത് ഇത്തരം ഇടപാടുകളില്‍ സംശയിക്കാനൊന്നുമില്ല. പിണറായി വിജയന്റെ മകളായി പോയെന്ന ഒറ്റ കാരണത്തിലാണ് വീണ വേട്ടയാടപ്പെടുന്നത്. എംവി ഗോവിന്ദന്റെ ഭാര്യയായെന്ന കാരണത്തിലാണ് ശ്യാമള വേട്ടയാടപ്പെടുന്ന’തെന്നും എം വി ജയരാജൻ പ്രതികരിച്ചു. പേരാവൂരില്‍ കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിലും എം വി ജയരാജൻ പ്രതികരിച്ചു. കെ കെ ശൈലജ ടീച്ചറെ പേരാവൂരില്‍ നിർത്തിയത് വിജയസാധ്യതയുണ്ടെന്ന നിഗമനത്തിലാണെന്ന് എം വി ജയരാജൻ വ്യക്തമാക്കി. മട്ടന്നൂരില്‍ യുവജനരംഗത്തു നിന്നുള്ള ഒരാള്‍ വരട്ടെയെന്ന് തീരുമാനിച്ചു. സദ്ദുദ്ദേശപരമായ തീരുമാനമായിരുന്നു ഇതെന്നും എം വി ജയരാജൻ ചൂണ്ടിക്കാണിച്ചു.

പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലുണ്ടായ തോല്‍വിയില്‍ സ്ഥാനാർഥി നിർണയത്തിലുണ്ടായ പോരായ്മ ഒരു ഘടകമായെന്ന് എം വി ജയരാജൻ വ്യക്തമാക്കി. ‘എംവി ഗോവിന്ദൻ ഒരു ഘട്ടത്തിലും തന്റെ ഭാര്യയെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞിട്ടില്ല. മന്ത്രി സ്ഥാനത്തു നിന്നു രാജിവച്ച്‌ പാർട്ടി സെക്രട്ടറിയായ ആളാണ് എം വി ഗോവിന്ദൻ. തന്റെ ഭാര്യയെ എംഎല്‍എ ആക്കുന്നതില്‍ അദ്ദേഹത്തിനു ഒട്ടും സ്ഥാപിത താല്‍പര്യമുണ്ടായിരുന്നില്ല. തളിപ്പറമ്പില്‍ വനിതാ സ്ഥാനാർഥി വേണമെന്ന തീരുമാനത്തിലാണ് ഭരണപരിചയവും സംഘടനാപാഠവവുമുള്ള ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയ’തെന്നും എം വി ജയരാജൻ വ്യക്തമാക്കി.

പയ്യന്നൂരിലെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്നും എം വി ജയരാജൻ പ്രതികരിച്ചു. ‘ബിജെപിയുടെ മൂവായിരത്തോളം വോട്ടും സിപിഐഎം അനുഭാവികളുടെ വോട്ടും കുഞ്ഞിക്കൃഷ്ണനു ലഭിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയം പരാജയത്തിനു കാരണമായിട്ടുണ്ട്. രക്തസാക്ഷി ഫണ്ട് മധു ഉള്‍പ്പെടെ നേതാക്കള്‍ മോഷ്ടിച്ചെന്നും പാർട്ടി അവരെ സംരക്ഷിച്ചെന്നുമുള്ള കുഞ്ഞിക്കൃഷ്ണന്റെ ആരോപണം ജനങ്ങളില്‍ കുറേയേറെ വിശ്വസിച്ചു. മധുവോ പാർട്ടി സഖാക്കളോ രക്തസാക്ഷി ഫണ്ടോ കെട്ടിട നിർമാണ ഫണ്ടോ മോഷണം നടത്തിയിട്ടില്ലെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ട്. നടപടി എടുത്തത് ഫണ്ടിന്റെ ഓഡിറ്റ് ചെയ്ത കണക്ക് യഥാസമയം അവതരിപ്പിച്ച്‌ പാസാക്കുന്നതിലുള്ള ജാഗ്രത കുറവ് കാട്ടിയതിന്. 2017ല്‍ കെട്ടിടം നിർമിച്ചാല്‍ 2021ല്‍ അല്ല കണക്ക് കാണിക്കേണ്ടത്. അതിനാണു നടപടി എടുത്തത്. എന്നാല്‍ മോഷണത്തിനാണു നടപടിയെടുത്തതെന്ന് പ്രചാരണം നടന്നു. കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങള്‍ക്കു കാരണം മധിവിനോടുള്ള വിരോധമാണെന്നും എം വി ജയരാജൻ ആരോപിച്ചു. പയ്യന്നൂരില്‍ മറ്റൊരു സ്ഥാനാർഥിയായിരുന്നെങ്കില്‍ വിജയിച്ചേനെ’യെന്നും എം വി ജയരാജൻ വ്യക്തമാക്കി. എന്നാല്‍ തളിപ്പറമ്പില്‍ എസ്‌ഐആർ പ്രകാരം യുഡിഎഫ് വൻതോതില്‍ വോട്ടു ചേർത്തു. അതിനാല്‍ സ്ഥാനാർഥി മാറിയാലും ജയിക്കുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും എം വി ജയരാജൻ പറഞ്ഞു.

തന്നെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് ടികെ ഗോവിന്ദൻ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉന്നയിച്ചതെന്നും എം വി ജയരാജൻ വെളിപ്പെടുത്തി. ‘സംസ്ഥാന കമ്മിറ്റി അംഗങ്ങളും സെക്രട്ടറിയേറ്റ് അംഗങ്ങളുമായി 17 പേരാണ് അന്നു ഉണ്ടായിരുന്നത്. തന്നെ സ്ഥാനാർഥിയാക്കണമെന്ന് പറയാൻ മറ്റാരുമില്ലെന്ന വിഷമമാണ് ടികെ ഗോവിന്ദൻ അന്നു പറഞ്ഞത്. അതിന്റെ അർഥം അദ്ദേഹത്തിനു സ്ഥാനാർഥി മോഹമാണെന്നാണ്. താൻ സ്ഥാനാർഥിയാകണമെന്ന മോഹം കമ്മ്യൂണിസ്റ്റുകാരന് പാടില്ല- ടികെ ഗോവിന്ദൻ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒട്ടേറെ പദവികള്‍ വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഗ്രാമ, ബ്ലോക്ക് പ്രസിഡൻറായിട്ടുണ്ട്. അങ്ങനെ പാർട്ടി പരിഗണിച്ച ഒരാള്‍ എംഎല്‍എ ആകണമെന്ന മോഹം മനസ്സില്‍ സൂക്ഷിച്ചാല്‍ അതു കമ്മ്യൂണിസ്റ്റ് ക്വാളിറ്റിയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് പാർലമെന്ററി വ്യാമോഹവുമായി നടക്കുന്നത് ഗുണകരമല്ല. ഇങ്ങനെയായാല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റു പാർട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണെ’ന്നും എം വി ജയരാജൻ ചോദിച്ചു.

Leave a comment

Your email address will not be published. Required fields are marked *