January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • അന്ന് മൃതദേഹം വിട്ടുകിട്ടാൻ വളയൂരി കൊടുത്തു: ഇന്ന് ആംബുലൻസിന് മുന്നിലോടി വഴിയൊരുക്കി അതേ പോലീസുകാരി

അന്ന് മൃതദേഹം വിട്ടുകിട്ടാൻ വളയൂരി കൊടുത്തു: ഇന്ന് ആംബുലൻസിന് മുന്നിലോടി വഴിയൊരുക്കി അതേ പോലീസുകാരി

By editor on August 10, 2025
0 455 Views
Share

ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച വീട്ടുകാർക്ക് പണയംവയ്ക്കാൻ സ്വന്തം വളയൂരി നൽകിയ പോലീസുകാരി. മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയ ഉദ്യോഗസ്ഥ. അതെ, അപർണ ലവകുമാറിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആണ് ഇന്നവർ. ഉത്തരവാദിത്തങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഇപ്പോഴും അപർണ.

രൂക്ഷമായ ​ഗതാ​ഗതക്കുരുക്കിനിടെ അത്യാസന്ന നിലയിൽ രോ​ഗിയുമായി വന്ന ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കുന്ന അപർണയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. കേരള പോലീസ് ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങളാണ്വ്യാപകമായി പ്രചരിക്കുന്നത്. തൃശ്ശൂർ കോലോത്തും പാടത്ത് അശ്വിനി ജം​ഗ്ഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

ഗതാ​ഗതക്കുരുക്ക് രൂക്ഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലൻസിന് പിന്നാലെ ഓടിവന്ന് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാരോട് വാഹനം ഒതുക്കാൻ അപർണ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അവർ പിന്മാറിയത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്കുള്ള യാത്രയിലായിരുന്നു ആംബുലൻസ്

താൻ ചെയ്തത് പോലീസ് സേനയിലെ ഏതൊരു അം​ഗവും ചെയ്യുന്ന കാര്യമാണെന്നും അങ്ങനെയേ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കൂവെന്നും അപർണ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ‘ആംബുലൻസ് ഞങ്ങൾ സഞ്ചരിച്ച പിങ്ക് പോലീസ് വാഹനത്തെ ആദ്യം മറികടന്നുപോയിരുന്നു. എന്നാൽ പിന്നീട് വാഹനം ​ഗതാ​ഗതക്കുരുക്കിൽ അകപ്പെട്ടു. ഇത് തിരിച്ചറിഞ്ഞതോടെയാണ് ഞാൻ പോലീസ് വാഹനത്തിൽനിന്ന് ഇറങ്ങി ഓടിചെന്ന് ആംബുലൻസിന് വഴിയൊരുക്കിയത്’, അവർ കൂട്ടിച്ചേർത്തു.

2002-ൽ ആണ് അപർണ കേരള പോലീസിന്റെ ഭാ​ഗമായത്. 2009-ൽ ഒല്ലൂർ പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായിരുന്നപ്പോഴാണ് അവർ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. ഒരു സ്ത്രീയുടെ മൃതദേഹം ബില്ലടയ്ക്കാതെ വിട്ടുനൽകാൻ വിസമ്മതിച്ച ആശുപത്രി അധികൃതർക്കു മുന്നിൽ വീട്ടുകാർ ബുദ്ധിമുട്ടുന്നതുകണ്ടാണ് അന്ന് അപർണ തന്റെ മൂന്നുസ്വർണവളകൾ ഊരി കൊടുത്തത്.

ഒരാളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ട നിരാലംബയായ സ്ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം അനാഥമായി കിടക്കേണ്ടിവന്നത് ഒരു സ്ത്രീയായ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് അത്തരമൊരവസ്ഥയിൽ ഇങ്ങനെ ചെയ്തതെന്നുമായിരുന്നു അന്ന് അപർണ പറഞ്ഞത്. ഈ സംഭവം ആ കാലത്ത് ഏറെ ചർച്ചയായിരുന്നു.

 

പിന്നീട് 2019-ൽ, മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയതോട അപർണ വീണ്ടും വാർത്തയിലെ താരമായി. ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു അന്ന് അപർണ.

Leave a comment

Your email address will not be published. Required fields are marked *