March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • കുതിച്ചുയരുന്ന വെളിച്ചെണ്ണ വില; നിയന്ത്രിക്കാൻ ഇന്ന് മുതല്‍ സപ്ലൈക്കോ വഴി വിലക്കുറവില്‍; വെളിച്ചെണ്ണ 457 രൂപക്ക് ലഭിക്കും

കുതിച്ചുയരുന്ന വെളിച്ചെണ്ണ വില; നിയന്ത്രിക്കാൻ ഇന്ന് മുതല്‍ സപ്ലൈക്കോ വഴി വിലക്കുറവില്‍; വെളിച്ചെണ്ണ 457 രൂപക്ക് ലഭിക്കും

By editor on August 11, 2025
0 118 Views
Share

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഇന്ന് മുതല്‍ നടപടി ആരംഭിക്കുന്നു.

ഇന്ന് മുതല്‍ സപ്ലെക്കോ ഔട്ട്ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്‍പ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആർ അനില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയില്‍ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തില്‍ വില്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി നടത്തിയ ചർച്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും വിവരിച്ചിരുന്നു.

 

അതേസമയം കഴിഞ്ഞ ദിവസം നടന്ന സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വെളിച്ചെണ്ണയുള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ മന്ത്രി ജി ആർ അനിലിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വിലക്കയറ്റകാലത്ത് ഭക്ഷ്യവകുപ്പ് നോക്കുകുത്തിയായെന്നും വിലനിയന്ത്രിക്കുന്നതിന് ഇടപെടലുകളുണ്ടായില്ലെന്നുമടക്കമുള്ള വിമർശനം ഉയർന്നിരുന്നു. 13 ഇന അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന സർക്കാർ വാഗ്ദാനം പാഴ് വാക്കായെന്നും വെളിച്ചെണ്ണ വില വർധനവ് നാണക്കേടാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമർശനം ഉന്നയിച്ചു. കുറഞ്ഞ വിലയില്‍ നല്ല എണ്ണ പൊതു വിപണിയില്‍ കിട്ടും. പിന്നെന്തിന് കേരയുടെ എണ്ണ വാങ്ങണമെന്നുമുള്ള ചോദ്യമടക്കം ഉയർന്നു. അതേസമയം, സർക്കാരിനും സി പി എമ്മിനുമെതിരേയും കടുത്ത വിമർശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉയർന്നത്. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുകയാണ്. ഇടതു സർക്കാരിനെപ്പോലെ അല്ല പലകാര്യങ്ങളിലും തീരുമാനങ്ങള്‍. ഗവർണറുടെ വിഷയത്തില്‍ സി പി എമ്മിന് ഇരട്ടത്താപ്പാണ്. ഗവർണർക്കെതിരെയുള്ള പോരാട്ടത്തില്‍ ആത്മാർത്ഥതയില്ല. നിലപാടുകളില്‍ സി പി എം വെള്ളം ചേർക്കുകയാണെന്നും വിമർശനം ഉയർന്നു. സി പി എമ്മിന്റെ വകുപ്പുകളില്‍ അനധികൃത നിയമനങ്ങള്‍ ഉണ്ടായെന്നും ആരോപണമുണ്ട്. സി പി ഐ ജില്ലാ സമ്മേളനത്തില്‍ കൃഷിവകുപ്പിനെതിരേയും വിമർശനം ഉയർന്നു. ഹോർട്ടികോർപ്പ് എന്തിനാണെന്നും ഹോർട്ടികോർപ്പില്‍ പൊതു വിപണിയെക്കാള്‍ വിലയാണെന്നും പിന്നെങ്ങനെ സ്ഥാപനം രക്ഷപ്പെടുമെന്നുമടക്കമുള്ള ചോദ്യങ്ങള്‍ ഉയർന്നു. സി പി ഐ ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങള്‍ ഉണ്ടായത്.

 

Leave a comment

Your email address will not be published. Required fields are marked *