January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • സൈബര്‍ തെറിവിളികളോട് പുച്ഛം,ഇവര്‍ ചിലരുടെ കൂലിയെഴുത്തുകാര്‍;മഴപെയ്യുമ്ബോള്‍ നനഞ്ഞിട്ടില്ല പിന്നല്ലേ മരം പെയ്യുമ്ബോള്‍’

സൈബര്‍ തെറിവിളികളോട് പുച്ഛം,ഇവര്‍ ചിലരുടെ കൂലിയെഴുത്തുകാര്‍;മഴപെയ്യുമ്ബോള്‍ നനഞ്ഞിട്ടില്ല പിന്നല്ലേ മരം പെയ്യുമ്ബോള്‍’

By editor on November 30, 2025
0 49 Views
Share

തിരുവനന്തപുരം: തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നിലപാട് ആവർത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി.

സൈബർ തെറിവിളികളോട് പരമ പുച്ഛമാണെന്നും തെറിവിളിക്കുന്നവർ പ്രത്യേക ചിലയാളുകളുടെ കൂലിയെഴുത്തുകാരാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കില്‍ കുറിച്ചു.

 

പാർട്ടി നിലപാടിന് വിഭിന്നമായി പ്രതികരിച്ചതുകൊണ്ടാണ് കെ സുധാകരനെതിരെ പറഞ്ഞത്. പാർട്ടിയാണ് പ്രധാനം അല്ലാതെ വ്യക്തികളല്ല. തന്റെ പേരില്‍ ഒരു സ്ത്രീയും ഇതുവരെ പരാതി നല്‍കിയിട്ടില്ല. മഞ്ചേരി സംഭവം കോടതി ചവറ്റുകൊട്ടയില്‍ ഇട്ടതാണ്. മഴ പെയ്യുമ്ബോള്‍ നനഞ്ഞിട്ടില്ല പിന്നല്ലേ മരം പെയ്യുമ്ബോള്‍, രാജ്‌മോഹൻ ഉണ്ണിത്താൻ കുറിച്ചു.

 

ബ്രിഗേഡുകളുടെ സൈബർ ആക്രമണം കണ്ട് തന്റെ നിലപാടില്‍ തരിമ്ബും മാറ്റമുണ്ടാകില്ല. തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല താനെന്നും ഉണ്ണിത്താൻ കുറിപ്പില്‍ വ്യക്തമാക്കി.

ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിന് പിന്നാലെയാണ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം ഉണ്ടായത്.

 

കുറിപ്പിന്‍റെ പൂർണരൂപം…

 

പാർലമെന്റ് മുതല്‍ പാല്‍ സൊസൈറ്റിവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ ആയുധം സ്ത്രീ പീഡന വിഷയങ്ങളാണ് അവരുടെ കൊള്ളരുതായ്മകള്‍ മറച്ച്‌ പിടിക്കാനുള്ള കുറുക്ക് വഴി. എന്നാല്‍ സർക്കാരിന്റെ തീവെട്ടി കൊള്ളയെയും ജനവിരുദ്ധതയെയും തുറന്ന് കാട്ടേണ്ട സമയത്ത് ആരോപണ വിധേയർക്ക് വേണ്ടി മറ്റൊരു വഴിക്ക് സഞ്ചരിക്കുന്ന ആളുകളെ കാണുമ്ബോള്‍ സഹതാപം മാത്രം. കോണ്‍ഗ്രസ്‌ പാർട്ടി ഒരു വിഷയത്തില്‍ ഒരു നിലപാടെടുത്താല്‍ ആ നിലപാടിനോടൊപ്പം നില്‍ക്കുകയെന്നതാണ് ഒരു പാർട്ടിക്കാരൻ അടിസ്ഥാനപരമായി ചെയ്യേണ്ടത്. പാർട്ടിയുടെ തീരുമാനങ്ങള്‍ വ്യക്തിപരമായി നമ്മള്‍ക്ക് കയ്പ്പേറിയതാകാം ഉള്‍ക്കൊള്ളാൻ കഴിയാത്തതുമാകാം പക്ഷെ എന്നും പാർട്ടിക്കൊപ്പം അടിയുറച്ച്‌ നില്‍ക്കുക എന്നതാണ് എന്റെ ബോധ്യം.

 

അത്തരമൊരു ബോധ്യത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം എന്റെ പ്രതികരണം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഉണ്ടായത്. ശ്രീ കെ സുധകാരനുള്‍പ്പെടെ പാർട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തില്‍ മുതിർന്ന നേതാവ് ശ്രീ കെ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോള്‍ അതിനെതിനെ രൂക്ഷമായി വിമർശിച്ചതും എന്റെ അടിയുറച്ച പാർട്ടി ബോധത്തില്‍ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് എനിക്കില്ലാത്തതിനാലാണ്. പാർട്ടിയാണ് പ്രധാനം അല്ലാതെ വ്യക്തികളല്ല. മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബർ കടന്നലുകള്‍ എന്റെ നേരെ പാഞ്ഞടുത്താലും എന്റെ നിലപാടില്‍ തരിമ്ബും മാറ്റമുണ്ടാകില്ല. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കേണ്ടതില്ലല്ലോ. പറഞ്ഞ് പഴകിത്തേഞ്ഞ മഞ്ചേരി സദാചാര ആള്‍ക്കൂട്ടാക്രമണത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണെന്നും അതിന്റെ ഉത്തരവ് എവിടെ നിന്നാണ് വന്നതെന്നതെന്നും പകലുപോലെ വ്യക്തമാണ്. അത്‌ കോടതിക്കും ബോധ്യമായത്തിനാലാണ് കേസ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത്. അവിടെ എനിക്കെതിരെ ഒരു സ്ത്രീയുടെയും പരാതിയില്ല, ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരയായിരുന്നു ഞാൻ അന്ന്. തലയുയർത്തിപ്പിടിച്ചാണ് ഞാനതിനെ നേരിട്ടത്. ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല താനെന്ന് അത്തരക്കാർ മനസിലാക്കിയാല്‍ അവർക്ക് നല്ലത്. ബ്രിഗേഡുകളുടെ ബ്രിഗേഡിയർമാർക്കെതിരെ വാ തുറന്നാല്‍ ഊതിവീർപ്പിച്ച ബലൂണുകള്‍ പൊട്ടി പോകുമെന്നും അത്തരക്കാർ അത്‌ ഓർമിക്കുന്നതാകും നല്ലത്.

 

ഇടത് -സംഘപരിവാർ സൈബർ വെട്ടുകിളികളുടെ തുടർച്ചയായ ആക്രമണത്തെ തെല്ലും ഭയക്കാതെ അതിനെ ഗൗനിക്കാതെ പൊതുപ്രവർത്തനത്തില്‍ സജീവമായ എനിക്ക് ബ്രിഗേഡുകളുടെ തെറിവിളികളോട് പരമ പുച്ഛം മാത്രമാണുള്ളത്, ഇവർ പാർട്ടിക്കാരല്ല മറിച്ച്‌ പാർട്ടി വിരുദ്ധരാണ്. ഇവർ പ്രത്യേകം ചിലയാളുകളുടെ മാത്രം കൂലിയെഴുത്ത്കാരാണ്. അത്തരം കൂലിയെഴുത്ത്കാരോടാണ്, മഴ പെയ്യുമ്ബോള്‍ നനഞ്ഞിട്ടില്ല പിന്നല്ലേ മരം പെയ്യുമ്ബോള്‍.

Leave a comment

Your email address will not be published. Required fields are marked *