August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • എല്ലാം അന്വേഷിക്കാൻ ഇഡി സൂപ്പര്‍ കോപ്പ് അല്ല’: മദ്രാസ് ഹൈക്കോടതി

എല്ലാം അന്വേഷിക്കാൻ ഇഡി സൂപ്പര്‍ കോപ്പ് അല്ല’: മദ്രാസ് ഹൈക്കോടതി

By editor on July 20, 2025
0 59 Views
Share

ചെന്നൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കണ്ണില്‍പ്പെടുന്ന എല്ലാം അന്വേഷിക്കാൻ ഇഡി ഒരു ‘സൂപ്പർ കോപ്പ്’ അല്ലെന്ന് മദ്രാസ് ഹൈക്കോടതി.

ചെന്നൈ ആസ്ഥാനമായുള്ള ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിന്റെ 901 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കാനുള്ള ജനുവരി 31-ലെ ഇഡി ഉത്തരവിനെ ചോദ്യം ചെയ്ത് കമ്ബനി കോടതിയില്‍ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

2006-ല്‍ ഛത്തീസ്ഗഢില്‍ ഒരു താപവൈദ്യുത നിലയം പ്രവർത്തിപ്പിക്കുന്നതിനായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത 2014-ലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് പിഎംഎല്‍എ പ്രകാരം ഇഡി കമ്ബനിക്കെതിരെ നടപടി സ്വീകരിച്ചത്. ഒരു പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ കല്‍ക്കരി വിതരണം റദ്ദാക്കിയ സുപ്രിം കോടതിയുടെ നിർദേശപ്രകാരം സിബിഐ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റർ ചെയ്തു. അതേവർഷം തന്നെ പിഎംഎല്‍എ പ്രകാരം ഇഡി ഒരു ഇസിഐആറും(എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു.

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ യാതൊരു അഴിമതിയും കണ്ടെത്താനായില്ലെന്ന് 2017 ജൂലൈയില്‍ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി അത് അംഗീകരിക്കാതെ പരിസ്ഥിതി അനുമതി ഉള്‍പ്പെടെയുള്ള ചില വശങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന് 2023 ആഗസ്റ്റില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നിവക്ക് പ്രോസിക്യൂഷന് ആവശ്യമായ കുറ്റകരമായ വസ്തുക്കള്‍ കണ്ടെത്തി സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 ജനുവരി 31ന് ഇഡി പരിശോധനകള്‍ നടത്തുകയും സ്ഥിര നിക്ഷേപങ്ങള്‍ മരവിപ്പിക്കാൻ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാല്‍ പി‌എം‌എല്‍‌എ പ്രകാരം കുറ്റകൃത്യമോ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വരുമാനമോ ഇല്ലാത്തതിനാല്‍ ജനുവരിയില്‍ ഇഡി സ്വീകരിച്ച നടപടികള്‍ക്ക് അധികാരപരിധിയില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവുകള്‍ റദ്ദാക്കി. ‘പി‌എം‌എല്‍‌എയിലേക്ക് ഷെഡ്യൂള്‍ ആകർഷിക്കുന്ന ഒരു ‘ക്രിമിനല്‍ പ്രവർത്തനം’ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അത്തരം ക്രിമിനല്‍ പ്രവർത്തനങ്ങള്‍ കാരണം കുറ്റകൃത്യത്തിന്റെ ഭാഗമായ വരുമാനവും ഉണ്ടായിരിക്കണം.’ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. ഇഡി ഒരു കപ്പലില്‍ ഘടിപ്പിച്ചിരിക്കുന്ന ലിംപെറ്റ് മൈൻ പോലെയാണെന്നും ബെഞ്ച് പറഞ്ഞു. ‘കപ്പലില്ലെങ്കില്‍ ലിംപെറ്റിന് പ്രവർത്തിക്കാൻ കഴിയില്ല. ഏതെങ്കിലും ക്രിമിനല്‍ പ്രവർത്തനത്തെ ഇഷ്ടാനുസരണം അന്വേഷിക്കാൻ ഇഡി ഒരു അലഞ്ഞുതിരിയുന്ന ആയുധമോ ഡ്രോണോ അല്ല.’ ബെഞ്ച് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *