August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • മുണ്ടക്കൈയിലെ മലവെള്ളപ്പാച്ചിൽ: കനത്ത മഴയുണ്ടായിട്ടും അധികൃതർ എത്താൻ വൈകിയെന്ന് പരാതി; പ്രതിഷേധിച്ച് നാട്ടുകാർ

മുണ്ടക്കൈയിലെ മലവെള്ളപ്പാച്ചിൽ: കനത്ത മഴയുണ്ടായിട്ടും അധികൃതർ എത്താൻ വൈകിയെന്ന് പരാതി; പ്രതിഷേധിച്ച് നാട്ടുകാർ

By on June 25, 2025 0 59 Views
Share

വയനാട്: ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായ മുണ്ടക്കൈയിൽ നാട്ടുകാരുടെ പ്രതിഷേധം. ബെയ്‌ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. മഴ ശക്തമായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പൊലീസും വില്ലേജ് ഓഫീസറുമടക്കം എത്താൻ വൈകിയെന്നും ആരോപിച്ചാണ് പ്രതിഷേധം. ബെയ്‌ലി പാലത്തിൻ്റെ മറുകരയിൽ ഉള്ള തോയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ജീപ്പുകളിലും ട്രാക്ടറിലുമെല്ലാം പുറത്ത് എത്തിച്ചതിന് ശേഷമാണ് ഫയർഫോഴ്സും ദുരന്തനിവാരണ വിഭാഗവും എത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. സ്ഥലത്ത് തടിച്ച് കൂടിയ സമീപവാസികളെ ബെയ്‌ലി പാലത്തിലൂടെ കടത്തിവിടാൻ പൊലീസ് തയ്യാറാകാത്തതിലും നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടെ പുഞ്ചരിമട്ടത്തോ പരിസരത്തോ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരമില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.

നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ വ്യാപകമായ മഴ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോർട്ടറിനോട് പറഞ്ഞു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *