January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • 110 രൂപയിൽ നിന്ന് 230- രൂപയിലേക്ക്. കയമ അരിയുടെ വില കത്തിക്കയറുന്നു ; ഹോട്ടലുകളിൽ ബിരിയാണിക്ക് വില കൂടി.

110 രൂപയിൽ നിന്ന് 230- രൂപയിലേക്ക്. കയമ അരിയുടെ വില കത്തിക്കയറുന്നു ; ഹോട്ടലുകളിൽ ബിരിയാണിക്ക് വില കൂടി.

By editor on August 20, 2025
0 59 Views
Share

 

കല്പറ്റ: പിടിച്ചാല്‍ കിട്ടാത്തവിധം വിപണിയില്‍ ബിരിയാണി അരിയുടെ വില കത്തിക്കയറുന്നതിന്റെ ആശങ്കയിലാണ് വ്യാപാരികളും ഹോട്ടലുടമകളും.

കേരളത്തില്‍ ബിരിയാണിക്ക് കൂടുതല്‍ ഉപയോഗിക്കുന്ന കയമ അരിക്ക് ഇപ്പോള്‍ കിലോയ്ക്ക് 230 രൂപയാണ് വില. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഘട്ടംഘട്ടമായി വിലയുയർന്ന് ഓഗസ്റ്റ് പകുതിയായപ്പോഴേക്കുമാണ് വില 230 രൂപയിലെത്തിനില്‍ക്കുന്നത്.

 

മുൻപ് കിലോയ്ക്ക് 110 രൂപയ്ക്കും 115 രൂപയ്ക്കും കിട്ടിയിരുന്ന അരിക്കാണ് ഇരട്ടിവിലയായത്. കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന ഡിഗോണ്‍, വില്ലേജ് ബ്രാൻഡുകള്‍ക്ക് ഇപ്പോള്‍ 215 രൂപയായി. 110 രൂപയുണ്ടായിരുന്ന ട്രിപ്പിള്‍ മാൻ ബ്രാൻഡിന് വില 225 രൂപയായി ഉയർന്നു. കെടിഎസ് ബ്രാൻഡിന്റെ വില കിലോയ്ക്ക് 110-ല്‍ നിന്ന് 220 രൂപയായും ഉയർന്നു. അനിയന്ത്രിതമായ വിലവർധന കച്ചവടത്തെ ബാധിച്ചെന്ന് വ്യാപാരികള്‍ പറഞ്ഞു.

 

പശ്ചിമബംഗാളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കയമ അരിയെത്തുന്നത്. എന്നാല്‍, കാലാവസ്ഥാവ്യതിയാനം കാരണമുണ്ടായ കൃഷിനാശവും കയറ്റുമതിവർധനയുമാണ് വലിയതോതിലുള്ള വിലവർധനയ്ക്കു കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു.

 

വിളവെടുത്ത അരി രണ്ടുവർഷം സൂക്ഷിച്ചുവെച്ചശേഷം ഉപയോഗിക്കുമ്ബോഴാണ് യഥാർഥ രുചിയും ഗുണമേന്മയും ലഭിക്കുക. എന്നാല്‍, ഇത്തരത്തില്‍ കരുതിവെച്ച അരി വൻതോതില്‍ കയറ്റുമതി ചെയ്യപ്പെട്ടതും വിലവർധനയ്ക്കു കാരണമായി.

 

ബിരിയാണി അരിവില കുതിച്ചുയർന്നതോടെ ഹോട്ടലുകളില്‍ ബിരിയാണിക്ക് വിലവർധിച്ചു. ചിക്കൻ ബിരിയാണിക്കും ബീഫ് ബിരിയാണിക്കും 20 രൂപവീതമാണ് കൂടിയത്.

 

വെളിച്ചെണ്ണവില കുറഞ്ഞെങ്കിലും പ്രയോജനമില്ല

കുതിച്ചുയർന്ന വെളിച്ചെണ്ണവില അല്പം കുറഞ്ഞത് നേരിയ ആശ്വാസമായി. ലിറ്ററിന് 440 രൂപവരെ ഉയർന്നിടത്തുനിന്ന് ഇപ്പോള്‍ 380 രൂപയായി താഴ്ന്നിട്ടുണ്ട്. എങ്കിലും സാധാരണക്കാരെ സംബന്ധിച്ച്‌ ഇപ്പോഴും വിപണിയിലുള്ളത് ഉയർന്ന വിലയാണ്. രണ്ടുമാസംമുൻപ് ലിറ്ററിന് 200 രൂപവരെ ഉണ്ടായിരുന്ന വെളിച്ചെണ്ണയ്ക്കാണ് വില കുത്തനെ കുതിച്ച്‌ ഇരട്ടിയിലധികമായത്. ലിറ്ററിന് 200 രൂപയില്‍ താഴെ വിലയെത്തിയാല്‍മാത്രമേ സാധാരണക്കാർക്ക് പ്രയോജനമാവുകയുള്ളൂവെന്ന് കച്ചവടക്കാർ പറഞ്ഞു.

 

ഉത്പാദനക്കുറവാണ് വെളിച്ചെണ്ണയുടെ വിലവർധനയ്ക്കും കാരണമായത്. വെളിച്ചെണ്ണയ്ക്കു പകരം പലരും സണ്‍ഫ്ളവർ ഓയിലിനെയും പാമോയിലിനെയും കൂടുതല്‍ ആശ്രയിക്കുന്നത്.

 

വിലവർധന നിയന്ത്രിക്കാൻ ഇടപെടല്‍ വേണം

ഏറ്റവും കൂടുതല്‍ ബിരിയാണി അരി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ദിവസേന വിലകൂടുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. മുൻപ് 30 ടണ്ണിന്റെ ബിരിയാണി അരി എടുക്കണമെങ്കില്‍ 30 ലക്ഷംരൂപയാണ് ചെലവ്. ഇന്ന് 60 ലക്ഷംരൂപ ചെലവുവരുന്ന സ്ഥിതിയായി. ഇനി അടുത്ത വിളവാകുംവരെ വിലകുറയാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ വിലവർധന നിയന്ത്രിക്കാൻ സർക്കാർതലത്തിലുള്ള ഇടപെടല്‍ അനിവാര്യമാണ്, ടി. ഷാഹിദ് (മാനേജർ, ഗോള്‍ഡൻ ഹൈപ്പർ സെന്റർ, കല്പറ്റ

Leave a comment

Your email address will not be published. Required fields are marked *