March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നിറവില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നിറവില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

By editor on September 20, 2025
0 75 Views
Share

ചെന്നൈ:ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തിന് എന്നെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അവാർഡ് ജേതാവായ മോഹൻലാൽ. ഇത് എനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ലെന്നും മലയാള സിനിമയ്ക്കും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മലയാള ഭാഷയ്ക്കും കേരളത്തിനുമെല്ലാം ചേർന്ന് ലഭിച്ചിരിക്കുന്ന അംഗീകാരമായാണ് ഇതിനെ കണക്കാക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള വലിയൊരു അംഗീകാരത്തിന് എന്നെ തിരഞ്ഞെടുത്ത ജൂറിയോടും ഇന്ത്യയിലെ ഗവൺമെന്റിനോടും നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞു. അതിനൊപ്പം എന്റെ പ്രേക്ഷകർക്ക്, കുടുംബത്തിന്, സിനിമ കുടുംബത്തിന്, എന്നെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഈ അവാർഡ് ഞാൻ സമർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നെ ഞാനാക്കിയ സംവിധായകർക്കും സഹപ്രവർത്തകർക്കും ഞാൻ ഈ സന്തോഷം പകുത്തുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് മലയാളത്തിന്റെ പ്രിയതാരമായ മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരത്തിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു.

2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സ് പുരസ്കാര വേദിയിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞവർഷത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം

Leave a comment

Your email address will not be published. Required fields are marked *