January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • എന്‍റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ പറഞ്ഞത് അറിയാം, സിപിഐക്കെതിരെ വെള്ളാപ്പള്ളി; തെറ്റായ വഴിക്ക് ഒരു രൂപ വാങ്ങില്ലെന്ന് ബിനോയ് വിശ്വം

എന്‍റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ പറഞ്ഞത് അറിയാം, സിപിഐക്കെതിരെ വെള്ളാപ്പള്ളി; തെറ്റായ വഴിക്ക് ഒരു രൂപ വാങ്ങില്ലെന്ന് ബിനോയ് വിശ്വം

By editor on January 2, 2026
0 48 Views
Share

ആലപ്പുഴ: എസ് എൻ ഡ‍ി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നു.

ചതിയൻ ചന്തു പരാമർശത്തില്‍ തുടങ്ങിയ വിമർശനങ്ങള്‍ വെള്ളാപ്പള്ളി ഇന്നും ആവർത്തിച്ചു. ബിനോയ്‌ വിശ്വത്തിന്റെ കാറില്‍ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ലെന്നാണ് ഇന്നലെ ബിനോയ് വിശ്വം നടത്തിയ പരാമർശത്തിന് വെള്ളാപ്പള്ളി ഇന്ന് മറുപടി നല്‍കിയത്. എം എൻ ഗോവിന്ദൻ അടക്കമുള്ള ആളുകള്‍ തന്റെ കാറില്‍ കയറിയിട്ടുണ്ട്. തന്‍റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സി പി ഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓർമ്മയുണ്ടെന്നും അത് ഇവിടെ പറയുന്നില്ലെന്നുമുള്ള പരിഹാസവും സി പി ഐക്കെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചു. ചതിയൻ ചന്തു പരാമർശത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പറഞ്ഞതില്‍ എല്ലാം ഉറച്ചു നില്‍ക്കുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നുമായിരുന്നു മറുപടി.

 

ബിനോയ് വിശ്വത്തിന്‍റെ മറുപടി

 

അതിനിടെ വെള്ളാപ്പള്ളിക്ക് മറുപടിയുമായി ബിനോയ് വിശ്വം രംഗത്തെത്തി. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്ന് പറഞ്ഞ സി പി ഐ സംസ്ഥാന സെക്രട്ടറി, തെറ്റായ വഴിക്ക് ഒരു രൂപ പോലും സി പി ഐക്കാർ വാങ്ങില്ലെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണുമെന്നും അതല്ലാതെ ഒരു കാശും വാങ്ങിയിട്ടുണ്ടാകില്ലെന്നും ബിനോയ് വിശ്വം വിവരിച്ചു. ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ് എൻ ഡി പി ജനറല്‍ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി അല്ല എല്‍ ഡി എഫ് എന്നും എല്‍ ഡി എഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ബിനോയ് വിശ്വമല്ല പിണറായി വിജയൻ എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതിലും അദ്ദേഹം മറുപടി നല്‍കി. അങ്ങനെ പറയുന്നത് വളരെ ശരിയാണെന്നും പിണറായിക്ക് പിണറായിയുടെ കാഴ്ചപ്പാട് ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

ബിനോയ് വിശ്വം അല്ല പിണറായി വിജയൻ’

 

ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ സി പി ഐയുടെ വിമർശനങ്ങള്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി, ബിനോയ് വിശ്വം അല്ല പിണറായി വിജയൻ എന്ന പരാമർശം നടത്തിയത്. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറില്‍ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കില്‍ ഒരു കാരണവശാലും കാറില്‍ കയറ്റില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തിലെ മാധ്യമ പ്രവർത്തകരുടോ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ‘ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്‍റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, ഞാൻ എന്‍റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതില്‍ ഒരു തെറ്റുമുണ്ടെന്ന് ഞാൻ കരുതുന്നില്ല’ – മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *