August 3, 2025
  • August 3, 2025
Breaking News
  • Home
  • Uncategorized
  • ഏറ്റുമുട്ടൽ രൂക്ഷം= തായ്‌ലാൻഡും കംബോഡിയയും പോരടിക്കുന്നതെന്തിന്?

ഏറ്റുമുട്ടൽ രൂക്ഷം= തായ്‌ലാൻഡും കംബോഡിയയും പോരടിക്കുന്നതെന്തിന്?

By editor on July 24, 2025
0 18 Views
Share

ബാങ്കോക്ക്: അതിർത്തി തർക്കത്തെത്തുടർന്നുള്ള തായ്ലാൻഡ്-കംബോഡിയ സംഘർഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം കടുപ്പിച്ചതോടെ ആകെ 12 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ജനവാസമേഖലകളെ ലക്ഷ്യമിട്ട് കംബോഡിയ വ്യാഴാഴ്ചയും ആക്രമണം നടത്തിയെന്നാണ് തായ്ലാൻഡിന്റെ ആരോപണം. കംബോഡിയയുടെ റോക്കറ്റ്, ഷെല്ലാക്രമണത്തിൽ 11 സാധാരണക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഫനോം ഡോങ് റാക്കിലെ ആശുപത്രിക്ക് നേരേ അടക്കം കംബോഡിയ ആക്രമണം നടത്തിയതായി തായ്ലാൻഡ് ആരോപിച്ചു. കംബോഡിയൻ അതിർത്തിയിലുള്ള ആശുപത്രിയാണിത്. ആക്രമണം നടക്കുന്നതിനിടെ ആശുപത്രിയിൽനിന്ന് പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ആക്രമണം രൂക്ഷമായതോടെ ഫനോം ഡോങ് റാക് ജില്ലയിലെ എല്ലാ സ്കൂളുകളും അടച്ചിടാൻ തായ്ലാൻഡ് വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു.

സിസാകേത് പ്രവിശ്യയിലെ ഒരു പെട്രോൾ പമ്പിന് സമീപത്തുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടതെന്നാണ് തായ് ആരോഗ്യമന്ത്രാലയം നൽകുന്നവിവരം.

അതിനിടെ, കംബോഡിയയ്ക്ക് നേരേ തായ്ലാൻഡും ആക്രമണം കടുപ്പിച്ചു. കംബോഡിയയിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തായ് സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. വ്യോമസേനയുടെ ആറ് വിമാനങ്ങളെ സജ്ജമാക്കിയെന്നും കംബോഡിയയിലെ രണ്ട് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയെന്നും തായ് സൈന്യം അവകാശപ്പെട്ടു. എഫ്-16 പോർവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു തായ്ലാൻഡിന്റെ ആക്രമണം.

*തർക്കം എന്തിന്* ?

നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തായ്ലാൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിതർക്കം. ഇതിന്റെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോഴത്തെ സംഘർഷം. ഇക്കഴിഞ്ഞ മേയ് മാസത്തിൽ അതിർത്തിയിലെ എമറാൾഡ് ട്രയാംഗിളിൽവെച്ച് തായ് സൈന്യത്തിന്റെ ആക്രമണത്തിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. തായ്ലാൻഡും കംബോഡിയയും ഒരുപോലെ അവകാശമുന്നയിക്കുന്ന അതിർത്തിപ്രദേശമാണ് എമറാൾഡ് ട്രയാംഗിൾ. കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും സംഘർഷം രൂക്ഷമാവുകയും വ്യാഴാഴ്ചയോടെ ഇത് ഷെല്ലാക്രമണത്തിലേക്കും വ്യോമാക്രമണത്തിലേക്കും നീങ്ങുകയുമായിരുന്നു.

 

ഏകദേശം 817 കിലോമീറ്ററോളം നീളത്തിൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് തായ്ലാൻഡും കംബോഡിയയും. പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ‘പ്രീഹ് വിഹാർ’ എന്ന ക്ഷേത്രത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിതർക്കം ആരംഭിക്കുന്നത്.

 

1953 വരെ ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു കംബോഡിയ. ഈ സമയത്താണ് രാജ്യത്തിന്റെ അതിർത്തി നിർണയിച്ചത്. 1907-ൽ അതിർത്തിനിർണയം സംബന്ധിച്ച് കരാറിലെത്തുകയുംചെയ്തു. ഇതുപ്രകാരം പുരാതന ഹിന്ദുക്ഷേത്രം കംബോഡിയയിലായി. എന്നാൽ, ക്ഷേത്രം കംബോഡിയയുടെ അതിർത്തിയിൽ ഉൾപ്പെടുത്തിയതിനെ പിന്നീട് തായ്ലാൻഡ് എതിർത്തു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് തങ്ങളുടെ അതിർത്തിയിലാണെന്ന് അവകാശമുന്നയിച്ചു. 1959-ൽ കംബോഡിയ ഈ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. തുടർന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത് കംബോഡിയയുടെ അതിർത്തിയിലാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. ആ സമയത്ത് തായ്ലാൻഡ് ഈ ഉത്തരവ് അംഗീകരിച്ചെങ്കിലും ക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗങ്ങൾ തങ്ങളുടെ അതിർത്തിയിലാണെന്ന വാദത്തിൽ ഉറച്ചുനിന്നു. ഈ തർക്കമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരമില്ലാതെ തുടരുന്നത്.

 

2008-ൽ ക്ഷേത്രം യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ രജിസ്റ്റർ ചെയ്യാനായി കംബോഡിയ ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തർക്കം വീണ്ടും രൂക്ഷമായി. കംബോഡിയയുടെ നീക്കത്തിനെതിരേ തായ്ലാൻഡിൽനിന്ന് വൻ പ്രതിഷേധമുണ്ടായി. 2011-ൽ അതിർത്തി തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിലും കലാശിച്ചു. 2011-ൽ ഒരാഴ്ചയോളം നീണ്ടുനിന്ന സംഘർഷത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം തായ്ലാൻഡ് കംബോഡിയൻ അതിർത്തിയിലെ ‘ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജി’ൽ ഇരുരാജ്യങ്ങളും സ്ഥിരമായി ചെക്ക്പോയിന്റുകൾ തുറന്നിരുന്നു. എന്നാൽ, ഒരുവർഷത്തിന് ശേഷം ഈ ബന്ധത്തിൽ വീണ്ടും വിള്ളലുണ്ടാവുകയും ആക്രമണ-പ്രത്യാക്രമണങ്ങളിലേക്ക് നീങ്ങുന്നതുമാണ് ഇപ്പോൾ കാണുന്നത്.

Leave a comment

Your email address will not be published. Required fields are marked *