August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഭാരതാംബ വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; രാജ്ഭവനിലെ പരിപാടിക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കാൻ കത്ത് നൽകും

ഭാരതാംബ വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; രാജ്ഭവനിലെ പരിപാടിക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കാൻ കത്ത് നൽകും

By on June 25, 2025 0 71 Views
Share

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകും. മന്ത്രിസഭായോഗം വിശദമായി വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്ത് നൽകുന്നത്. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്ത് നൽകുക.

മന്ത്രിമാരായ വി ശിവൻകുട്ടി, പി പ്രസാദ് എന്നിവരാണ് വേദിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് രാജ്ഭവൻ പരിപാടികൾ ബഹിഷ്കരിച്ചത്. രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

പരിസ്ഥിതി ദിനത്തിൽ കൃഷിവകുപ്പ് രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയാണ് മന്ത്രി പി പ്രസാദ് ബഹിഷ്കരിച്ചത്. ആർഎസ്എസ് ആചരിക്കുന്ന രീതിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ്ഭവൻ നിർബന്ധം പിടിച്ചത്. ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. എന്നാൽ പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തു. അതോടെയാണ് കൃഷിവകുപ്പ് പരിപാടി രാജ്ഭവനിൽ നിന്നുതന്നെ മാറ്റിയത്. തുടർന്ന് സെക്രട്ടറിയേറ്റ് അങ്കണത്തിൽ കൃഷിവകുപ്പിന്റെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിവാദത്തിന് ശേഷം രാജ്ഭവൻ ചിത്രത്തിന്റെ കാര്യത്തിൽ നിലപാട് കടുപ്പിച്ചിരുന്നു. ചിത്രം മാറ്റില്ലെന്നും ചടങ്ങുകളിൽ പുഷ്പാർച്ചന ഉണ്ടാകുമെന്നുമായിരുന്നു രാജ്ഭവൻ നിലപാട്. ശേഷം ഒരു ചടങ്ങിൽവെച്ച് ഭാരത മാതാവിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തവര്‍ പോലും ഭാരത് മാതാ കീ വിളിക്കുന്നത് നല്ല കാര്യമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ വിമർശിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *