March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • 67000 മനുഷ്യജീവനുകള്‍, ഭാരമേറിയ 20000 കുഞ്ഞുശവപ്പെട്ടികള്‍, 436,000 കെട്ടിടങ്ങള്‍…; ഗസ്സയിലെ മണ്ണിന്റെ വിലയൊടുക്കിയതാരെന്ന് അന്വേഷിക്കുമ്പോള്‍…

67000 മനുഷ്യജീവനുകള്‍, ഭാരമേറിയ 20000 കുഞ്ഞുശവപ്പെട്ടികള്‍, 436,000 കെട്ടിടങ്ങള്‍…; ഗസ്സയിലെ മണ്ണിന്റെ വിലയൊടുക്കിയതാരെന്ന് അന്വേഷിക്കുമ്പോള്‍…

By on October 8, 2025 0 62 Views
Share

എന്റെ മാതൃഭൂമി വിറ്റതാരെന്ന് എനിക്കറിയില്ലെങ്കിലും അതിന്റെ വിലയൊടുക്കുന്നത് ആരെന്ന് കാണുന്നു എന്ന് പലസ്തീന്‍ ദേശീയ കവി മഹ്മൂദ് ദാര്‍വിഷ് പറഞ്ഞിട്ട് 50 വര്‍ഷം കഴിയുന്നു. ഗസ്സ മാതൃഭൂമിയുടെ വില രക്തമായും കണ്ണീരായും ഒടുക്കുന്നത് യുദ്ധം തുടങ്ങി രണ്ട് വര്‍ഷം കഴിയുമ്പോഴും തുടരുന്നു. നേതാക്കള്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും ഗസ്സയില്‍ നിലവിളികള്‍ മുഴങ്ങിക്കൊണ്ടിരിക്കുക തന്നെയാണ്. 67000 മനുഷ്യജീവനുകള്‍, പരുക്കേറ്റ 170,000 പേരുടെ രക്തവും പ്രാണവേദനയും, ഭാരമേറിയ 20,000 കുഞ്ഞ് ശവപ്പെട്ടികള്‍, മനുഷ്യര്‍ അധ്വാനിച്ച് കെട്ടിപ്പൊക്കിയ 436,000 കെട്ടിടങ്ങള്‍ എന്നിവ ഗസ്സ വിലയായി നല്‍കിക്കഴിഞ്ഞു. ഞങ്ങളും ഞങ്ങളുടെ മണ്ണും ഒരേ മാംസവും ഒരേ അസ്ഥികളുമാണെന്ന് ദാര്‍വിഷിന്റെ മറ്റൊരു കവിത പറയുന്നു. ഗസ്സയുടെ മണ്ണും വായുവും ജീവജാലങ്ങളും കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരും മനുഷ്യര്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും അവരുടെ സ്വപ്‌നങ്ങളും ചേര്‍ന്നാണ് യുദ്ധത്തിന്റെ വിലയൊടുക്കിയത്. ഗസ്സയുടെ നഷ്ടങ്ങള്‍ ഇനിയെങ്കിലും ലോക മനസാക്ഷിയെ അസ്വസ്ഥമാക്കേണ്ടതുണ്ട്ഗസ്സയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെപ്പേരും സാധാരണക്കാരായ മനുഷ്യരാണ്. ഗസ്സയിലെ 67074 മനുഷ്യര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. 168,716 പേര്‍ക്കാണ് യുദ്ധത്തില്‍ മാരകമായി പരുക്കേറ്റിട്ടുള്ളത്. മനസാക്ഷിയെ കൊത്തിവലിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത കൊല്ലപ്പെട്ടവരില്‍ 20000 പേര്‍ കുഞ്ഞുങ്ങളാണെന്നതാണ്. അതായത് ഗസ്സയിലെ ആകെ കുട്ടികളില്‍ രണ്ട് ശതമാനത്തെ ഇസ്രയേല്‍ സൈന്യം അപ്പാടെ കൊലപ്പെടുത്തി.ചില വീടുകളിലെ എല്ലാവരും തന്നെ കൊല്ലപ്പെട്ടു. പക്ഷേ മറ്റ് ചില കുടുംബങ്ങളില്‍ അച്ഛനും അമ്മയും സഹോദരങ്ങളും നഷ്ടപ്പെട്ട് ചില കുട്ടികള്‍ മാത്രം ബാക്കിയായി. യുദ്ധപൂര്‍വ്വ ഗസ്സയിലെ ജനസംഖ്യയുടെ 10 ശതമാനം പേര്‍ കൊല്ലപ്പെടുകയോ ഭീകരമായി പരുക്കേല്‍ക്കുകയോ ചെയ്തു. മരിച്ചവരുടേയും നാടുവിട്ടവരുടേയും പട്ടികയില്‍ ഉള്‍പ്പെടാത്ത ആയിരക്കണക്കിന് പേരെ കാണാതായെന്നാണ് ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്. വ്യോമാക്രമണങ്ങളില്‍ ചിതറിപ്പോയവര്‍, ഇസ്രയേല്‍ രഹസ്യമായി തടവില്‍ പാര്‍പ്പിക്കുന്നവര്‍, കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട് ശവശരീരം പോലും പുറത്തെടുക്കാനാകാതെ പോയവര്‍ എന്നിവരാകാമത്.

Leave a comment

Your email address will not be published. Required fields are marked *