March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • തേജസ്വി യാദവിൻ്റെ പതനം: ബിഹാറിൽ മഹാസഖ്യം തകരാനുള്ള കാരണങ്ങൾ

തേജസ്വി യാദവിൻ്റെ പതനം: ബിഹാറിൽ മഹാസഖ്യം തകരാനുള്ള കാരണങ്ങൾ

By on November 14, 2025 0 55 Views
Share

ബീഹാർ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്‍റെ ജനപ്രീതിക്ക് മുന്നില്‍ തേജസ്വി യാദവ് നിഷ്പ്രഭനായ കാഴ്ച കൂടിയാണ് ഇന്ന് കണ്ടത്. 2020മായി താരതമ്യം ചെയ്യുമ്പോള്‍ അതിദയനീയ പ്രകടനമാണ് ഇത്തവണത്തേത്. വോട്ടണ്ണലിന്‍റെ തുടക്കില്‍ പ്രതീക്ഷ പ്രകടിപ്പിച്ച ആര്‍ജെഡി പിന്നീട് കൂപ്പുകുത്തുകയായിരുന്നു.
എന്തുകൊണ്ടാണ് നിതീഷ് കുമാറിന്റെ 20 വർഷത്തെ ഭരണത്തിനെതിരെയുള്ള വികാരം വോട്ടാക്കാൻ തേജസ്വി യാദവിന് കഴിയാഞ്ഞത്?.

ലാലുപ്രസാദിന്‍റെ ‘ജംഗിള്‍ രാജ്’ ഓര്‍മിപ്പിച്ച നരേന്ദ്രമോദിയുടെ പ്രചാരണം തേജസ്വിക്കെതിരായി ജനവികാരം തിരിച്ചുവെന്നാണ് വിലയിരുത്തൽ. യുവാക്കളെ കയ്യിലെടുക്കാനും ലാലുപ്രസാദ് യാദവിന്‍റെ മകനായില്ല.
ഉയര്‍ത്തിയ വിഷയങ്ങളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും സംസ്ഥാനത്തിനും ഇന്നത്തെ കാലത്തിനും അനുയോജ്യമായിരുന്നില്ലെന്ന വിമര്‍ശനം ആരംഭത്തിലെ ഉയര്‍ന്നിരുന്നു. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും 11 ശതമാനം വരുന്ന മുസ്​ലിം വിഭാഗത്തെ പരിഗണിക്കാതെ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും ഉയര്‍ത്തിക്കാട്ടിയതും തിരിച്ചടിച്ചെന്നാണ് വിലയിരുത്തല്‍. ഇതിനിടെ വഖഫ് ബിൽ നടപ്പാക്കില്ലെന്ന തേജസ്വിയുടെ വാഗ്ദാനം മുതലെടുത്ത ബിജെപി, ലാലു പ്രസാദ് യാദവിന്റെ ബില്ലിനെ എതിർക്കുന്ന പഴയ പ്രസംഗങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു.

ഓരോ കുടുംബത്തിന് ഒരു സർക്കാർ ജോലി, പെൻഷൻ പദ്ധതികൾ, മദ്യനിരോധന നിയമപരിശോധന തുടങ്ങി വലിയ ജനക്ഷേമ വാഗ്ദാനങ്ങളാണ് തേജസ്വി യാദവ് നൽകിയത്. എന്നാൽ ഇവ നടപ്പാക്കാനുള്ള വ്യക്തമായ പദ്ധതി ഇല്ലാതിരുന്നത് ജനങ്ങളുടെ വിശ്വാസ്യതയെ തകർത്തു.

തേജസ്വി യാദവ് കോൺഗ്രസിനെയും ഇടതുപാർട്ടികളെയും മറ്റ് സഖ്യകക്ഷികളെയും തുല്യപങ്കാളികളായി പരിഗണിക്കാത്തത് വലിയ രാഷ്ട്രീയ പിഴവായി മാറി.സീറ്റ് വിഭജനത്തിൽ നിന്നാരംഭിച്ച് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആർജെഡി-കേന്ദ്രികൃത സമീപനമാണ് സഖ്യത്തിനുള്ളിൽ ഉണ്ടായതെന്നാണ് ആരോപണം.

കൂടാതെ തിരഞ്ഞെടുപ്പ് പ്രസ്താവനയെ “തേജസ്വിയുടെ വാഗ്ദാനം” എന്ന പേരിൽ അവതരിപ്പിക്കുകയും സഖ്യത്തിന്റെ പോസ്റ്ററുകളിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങൾക്ക് കുറവ് പ്രാധാന്യം നൽകുകയും ചെയ്തതും സഖ്യകക്ഷികൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

144 സ്ഥാനാർത്ഥികളിൽ 52 പേരെ യാദവ‍് വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്തത് ആർജെഡിയുടെ പ്രധാന പിഴവുകളിൽ ഒന്നായി ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്തെ ജനസംഖ്യയിലെ ഏകദേശം 14 ശതമാനം വരുന്ന യാദവ‍് വോട്ടർമാരെ ലക്ഷ്യമിട്ട ഈ തന്ത്രം, ആർജെഡിയുടെ ‘ജാതി രാഷ്ട്രീയം’ എന്ന പഴയ ഇമേജിനെ കൂടുതൽ ശക്തമാക്കുകയായിരുന്നു. ഇത് വലിയൊരു വിഭാഗത്തെ പാർട്ടിയിൽ നിന്നും അകറ്റിയതായാണ് വിലയിരുത്തൽ.

തേജസ്വിയുടെ ഏകപക്ഷീയമായ നേതൃത്വശൈലിയും സഖ്യകക്ഷികളെ അവഗണിച്ച സമീപനവും പ്രതിപക്ഷ മുന്നണിയിൽ വലിയ പിളർപ്പാണ് സൃഷ്ടിച്ചത്. സഖ്യത്തിനുള്ളിലെ ഈ അസ്ഥിരത മുതലെടുത്ത എൻഡിഎ ഐക്യവും ശക്തവുമായ മുന്നണിയായി വോട്ടർമാർക്ക് മുന്നിലെത്തി.

അതേസമയം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലം മുതലാണ് മഹാസഖ്യവുമായുള്ള കുട്ടുവെട്ടി എന്‍ഡിഎയിലെത്തി മുഖ്യമന്ത്രി കസേരയില്‍ നിതീഷ് കുമാർ തുടര്‍ന്നത്. അഴിമതി വിരുദ്ധ പ്രതിച്ഛായ, സ്ത്രീവോട്ടര്‍മാരുടെ സ്വീകാര്യത, ജാതിരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നതിലെ കൗശലം എന്നിവയെല്ലാം കൈമുതലാക്കി ബിഹാറിന്റെ മണ്ണില്‍ നിതീഷ് പാകിയ രാഷ്ട്രീയ വിത്ത് ഇന്നും തഴച്ചുവളരുന്നുണ്ട്. അതുകൊണ്ടാണ് അധികാരമുള്ളിടത്തേക്ക് മനംമാറി രാഷ്ട്രീയം കളിക്കുമ്പോഴും നിതീഷിന്റെ സ്വീകാര്യതയ്ക്ക് ഒരു കോട്ടവും തട്ടാത്തത്.

ഹാട്രിക് വിജയം ലക്ഷ്യമിട്ട തേജസ്വി ഇത്തവണ കിതക്കുകയായിരുന്നു. ആർജെഡിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നായ രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 3000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാകുന്ന കാഴ്ചയാണ് കണ്ടത്. ബിജെപി സ്ഥാനാർഥി സതീഷ് കുമാറാണ് അവിടെ ലീഡ് ചെയ്യുന്നത്. ലാലു കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് രാഘോപുർ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഇവിടെ നിന്നാണ് തേജസ്വി തെരഞ്ഞെടുക്കപ്പെടുന്നത്. പിതാവ് ലാലു പ്രസാദും മാതാവ് റാബ്രി ദേവിയും ഇവിടെ നിന്നായിരുന്നു ജനവിധി തേടിയത്. 2015ൽ 22,733 വോട്ട് ഭൂരിപക്ഷത്തിനും 2020ൽ 38,174 ഭൂരിപക്ഷത്തിനും ജയിച്ചു. അന്നും ബിജെപിയുടെ സതീശ് കുമാറായിരുന്നു എതിരാളി.

Leave a comment

Your email address will not be published. Required fields are marked *