March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • ആശങ്കയോടെ കുടിയേറ്റക്കാർ, ഡിസംബർ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനം:-

ആശങ്കയോടെ കുടിയേറ്റക്കാർ, ഡിസംബർ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനം:-

By on December 17, 2025 0 71 Views
Share

അന്താരാഷ്ട്ര കുടിയേറ്റ ദിനം 2024: കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെ EMEA രാജ്യങ്ങൾ എങ്ങനെ പിന്തുണയ്ക്കുന്നു, ETHRWorldEMEA

ടീ ഷാഹുൽ ഹമീദ്

“ആശയം, മാന്യത, സുരക്ഷിതത്വം, മെച്ചപ്പെട്ട ഭാവി എന്നിവയ്ക്കായുള്ള മനുഷ്യന്റെ അഭിലാഷത്തിന്റെ പ്രകടനമാണ് കുടിയേറ്റം”

ബാൻ കീ മൂൺ ( മുൻ UN
സെക്രട്ടറി ജനറൽ)

ആമുഖം:-

കുടിയേറ്റക്കാരായ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 1990 ൽ ചേർന്ന അന്താരാഷ്ട്ര കൺവെൻഷന്റെ ഓർമ്മക്കായാണ് ഐക്യരാഷ്ട്രസഭ 2000 മുതൽ ഡിസംബർ 18 ലോക കുടിയേറ്റ ദിനമായി ആചരിക്കുന്നത്.
മനുഷ്യൻ എപ്പോഴും ചലനത്തിലാണ്, കുടിയേറ്റം ഒരു യാത്ര മാത്രമല്ല അത് വ്യക്തിയുടെ സ്വത്വത്തിലുള്ള മാറ്റമാണ്.എല്ലാം മനുഷ്യ കഥകളും കുടിയേറ്റ കഥകളാണ്. പ്രതീക്ഷയും സ്വപ്നവുമായി കുടിയേറ്റക്കാർ എപ്പോഴും രണ്ട് ലോകങ്ങളിലാണ് ജീവിക്കുന്നത്, ഒന്ന് ജനിച്ച നാടും വീടും ഉള്ള ഒരു പ്രദേശമാണെങ്കിൽ രണ്ടാമത്തെ ലോകം കുടിയേറ്റക്കാരുടേത് അപരിചിതത്വത്തിന്റെ ലോകമാണ്. കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും മികച്ച സൗകര്യങ്ങൾ കുടിയേറ്റക്കാർക്ക് നൽകുവാനും സുരക്ഷിതമായ കുടിയേറ്റം ഊട്ടി ഉറപ്പിക്കുവാനുമാണ് ഡിസംബർ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനമായി ആചരിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.
വ്യത്യസ്ത സാഹചര്യങ്ങൾ കൊണ്ട് നടക്കുന്ന ആഗോള പ്രതിഭാസമാണ് കുടിയേറ്റം. ഒരു വ്യക്തിയൊ ഒരു കൂട്ടം ആളുകളോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സ്ഥിരമായോ താൽക്കാലികമായോ വാസസ്ഥലം മാറ്റുന്ന പ്രക്രിയയാണ് കുടിയേറ്റം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. രാജ്യങ്ങളുടെ അതിർത്തി കടന്നുപോകുന്ന കുടിയേറ്റത്തെയാണ് അന്താരാഷ്ട്ര കൂടിയേറ്റമായി കണക്കാക്കുന്നത്.

കുടിയേറ്റത്തിന്റെ ചരിത്രം :-

മനുഷ്യ ജീവിതം ആരംഭിച്ചത് മുതൽ കുടിയേറ്റവും തുടങ്ങിയിട്ടുണ്ട്. നല്ല ജീവിത വിജയത്തിനും, സുരക്ഷിതത്തിനും, പുതിയ തൊഴിലവസരങ്ങൾക്കും വേണ്ടിയുള്ള കുടിയേറ്റ യാത്ര ഇന്ന് പല രീതിയിലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ചരിത്രപരമായി കുടിയേറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. മനുഷ്യന്റെ ഭൂമിയിലെ ആവിർഭാവം മുതൽ കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്. ആദിമ മനുഷ്യൻ ആഫ്രിക്കയിൽ നിന്ന് 70,000 വർഷങ്ങൾക്കു മുമ്പ് വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കുവാൻ തുടങ്ങിയതോടെ ഭൂമിയിലെ ആദ്യത്തെ കുടിയേറ്റം ആരംഭിച്ചു, തുടർന്ന് പതിനായിരം വർഷങ്ങൾക്ക് ശേഷം നവീന ശിലായുഗത്തിൽ എത്തിയതോടെ കുടിയേറ്റതോടൊപ്പം കൃഷിയും ആരംഭിച്ചു. 4000 വർഷങ്ങൾക്കു മുമ്പ് വലിയ സാമ്രാജ്യങ്ങളുടെ കുടിയേറ്റം ഉണ്ടായി.16 മുതൽ 20 വരെ നൂറ്റാണ്ടുകൾക്കിടയിൽ കൊളോണിയൽ കാലഘട്ടത്തിൽ കോളനികൾ സ്ഥാപിച്ച് കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം 1970 കാലഘട്ടത്തിൽ ഗൾഫ് മേഖലയിലേക്കുള്ള കുടിയേറ്റം കുടിയേറ്റത്തിന് പുതിയ മാനമാണ് സൃഷ്ടിച്ചത്.

നിലവിലെ അവസ്ഥ:-

ആത്മാഭിമാനം, സുരക്ഷ, സമാധാനം എന്നീ കാര്യങ്ങൾക്ക് വേണ്ടിയാണ് കുടിയേറ്റം രൂപപ്പെടുന്നത് എങ്കിലും ഇത് മൂന്നും ഇല്ലാതാകുന്ന കാഴ്ചയാണ് ലോകത്ത് കാണുന്നത്.ജോലിക്ക് കൂടാതെ വിദ്യാഭ്യാസത്തിനും കുടുംബക്കാരുടെ കൂടെ താമസിക്കുന്നതിനും കുടിയേറ്റം രൂപപ്പെടുന്നതായി കാണുന്നു. കുടിയേറ്റക്കാരുടെ അന്താരാഷ്ട്ര സംഘടനയുടെ 2024ലെ വാർഷിക റിപ്പോർട്ട് പ്രകാരം ലോകത്ത് 30 കോടി പത്തുലക്ഷം കുടിയേറ്റക്കാർ ഉണ്ട്. ലോക ജനസംഖ്യയുടെ 3.6 % വും കുടിയേറ്റക്കാരാണ്. 1970ൽ 8.5 കോടി മാത്രം ഉണ്ടായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം 3 ഇരട്ടിയായാണ് വർദ്ധിച്ചത്. കുടിയേറ്റക്കാരിൽ 13.5 കോടി സ്ത്രീകളും 28 ലക്ഷം കുട്ടികളും ഉണ്ട് എന്ന് കണക്കാക്കുന്നു. സ്ത്രീകളുടെ കുടിയേറ്റത്തിൽ വർദ്ധനവ് ഉള്ളതായി അന്താരാഷ്ട്ര കൂടിയേറ്റ സംഘടനയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവിത സംസ്കാരം, ജീവിതച്ചെലവ്, ഭൂമിശാസ്ത്രപരമായ ഘടന എന്നിവയൊക്കെ ആശ്രയിച്ചാണ് കുടിയേറ്റം നടക്കുന്നത്.


നാട്ടിൽ ജോലി ചെയ്താൽ ലഭിക്കുന്നതിന്റെ എത്രയോ മടങ്ങ് വരുമാനം ലഭിക്കുന്നു എന്ന് കാരണത്താൽ ഉറ്റവരെയും ഉടയവരെയും വിട്ട് ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതിന് വേണ്ടിയാണ് പലരും കുടിയേറ്റം നടത്തുന്നത്.
കഴിഞ്ഞ 25 വർഷത്തെ കുടിയേറ്റം പരിശോധിച്ചാൽ സ്ഥിരമായി കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിൽ പല കാരണങ്ങളാൽ കുടിയേറ്റം കുറഞ്ഞു വരികയും മേച്ചിൽ പുറങ്ങളായി പുതിയ രാജ്യങ്ങൾ കടന്നു വരികയും ചെയ്തതായി കാണുന്നുണ്ട്. അമേരിക്കയുടെ ജനസംഖ്യയിലെ 15% വും ഏതാണ്ട് 5.06 കോടി ജനങ്ങൾ വിദേശത്ത് ജനിച്ചവരാണ് അതിൽ 25 % വും മെക്സിക്കോ വിൽ നിന്നുള്ളവരാണ്. ഇന്ത്യാ, റഷ്യ, ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറ്റം വർദ്ധിക്കുന്നു. 2022ലെ റഷ്യ- ഉക്രൈൻ യുദ്ധവും, ഇസ്രായേലിന്റെ ഗാസ അതിക്രമവും, എത്യോപ്യ, സുഡാൻ, സിറിയ,യമൻ എന്നീ രാജ്യങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളും കുടിയേറ്റത്തിന് പുതിയ അർത്ഥതലമാണ് നൽക്കുന്നത്.


ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്,ചൈന ശ്രീലങ്ക, ബംഗ്ലാദേശ്, ബ്രസീൽ,കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നും കുടിയേറ്റം വർദ്ധിക്കുന്നു. മികച്ച സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളായ അമേരിക്ക,യുഎഇ സൗദ്യ അറേബ്യ, ജർമ്മനി എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമാണ് ഉണ്ടാകുന്നത്.
ലോകത്ത് കുടിയേറ്റത്തിനായി ഇടനാഴികൾ രൂപപ്പെട്ടിട്ടുണ്ട്, മെക്സിക്കോവിൽ നിന്നും അമേരിക്കയിലേക്കും, സിറിയയിൽ നിന്ന് തുർക്കിയിലേക്കും, ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും, UAE യിലേക്കും കുടിയേറ്റത്തിന് പ്രത്യേക ഇടനാഴികൾ തന്നെ നിലവിലുണ്ട്. മികച്ച സാധ്യതകൾ തേടിയുള്ള യാത്രകൾ മരണത്തിലേക്കോ, സ്ഥിരമായ നിഷ്കാസനത്തിലേക്കോ എത്തിപ്പെടുന്ന സംഭവങ്ങളും ഉണ്ടാവുന്നുണ്ട്. ലോകത്ത് പ്രതിവർഷം 8500 പേർക്ക് ഇങ്ങനെ ജീവഹാനി സംഭവിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് പ്രകാരം കാണാവുന്നതാണ്. തന്റേതല്ലാത്ത കാരണത്താൽ ജനിച്ച നാടും വീടും മറ്റ് ഉടയവരെയും വിട്ടു മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണവും 117 ദശ ലക്ഷമായി വർദ്ധിച്ചിട്ടുണ്ട്.

കുടിയേറ്റത്തിലെ ആശങ്കകൾ:-

സാമ്പത്തിക വിനിമയം, വംശീയ വൈവിധ്യം, സാമ്പത്തിക വളർച്ച എന്നിവയിൽ അധിഷ്ഠിതമായിരുന്ന മുൻകാലങ്ങളിലെ കുടിയേറ്റത്തിൽ നിന്നും വ്യത്യസ്തമായി പുതിയ സാഹചര്യങ്ങളിലൂടെയാണ് കുടിയേറ്റം കടന്നുപോകുന്നത്.
കാലാവസ്ഥ വ്യതിയാനം കുടിയേറ്റത്തിന് വലിയ വിപത്താണ് ഉണ്ടാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കാലാവസ്ഥാ വ്യതിയാനം എന്ന UN സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസിന്റെ അഭിപ്രായം കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. ലോകത്ത് 257 ദശലക്ഷം പേർക്ക് ഭക്ഷണം ലഭിക്കുന്നില്ല, കൃത്യമായി ഭക്ഷണം ലഭിക്കാത്തവരുടെ പട്ടികയിൽ കുടിയേറ്റക്കാരും ഉണ്ട്.


വിവിധ രാജ്യങ്ങളിൽ ഉണ്ടായിട്ടുള്ള നിയമങ്ങളും പരിഷ്കാരങ്ങളും കുടിയേറ്റത്തിന് വിലങ്ങ് തടിയായിട്ടുണ്ട്. തൊഴിലാളികളെ ആകർഷിക്കുവാനുള്ള ശ്രമങ്ങൾ ഒരു വശത്തും അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ശ്രമം മറു വശത്തും നടക്കുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് വർദ്ധിച്ച ഡിമാൻഡ് ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ രക്തത്തിൽ വിഷം കലർത്തുന്നവരാണ് അനധികൃത കുടിയേറ്റക്കാർ എന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശേഷണം ഇത്തരുണത്തിൽ ഓർമിക്കപ്പെടേണ്ടതാണ്.11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ ഉണ്ടെന്നും ഭാവിയിൽ അവരെ പുറത്താക്കുമെന്നും ട്രംപ് അധികാരത്തിൽ വന്നതിനുശേഷം 90000 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത് കുടിയേറ്റ മേഖലയിൽ വലിയ ഭീഷണിയാണ് ഉണ്ടാക്കിയത്. വിദേശികളെ ശത്രുവായി കാണുന്ന സമീപനം( Xenophobia) ലോകത്ത് വളർന്നുവരുന്നുണ്ട്.
ഇന്ത്യയിൽ കൊണ്ട് വന്ന ഓവർസീസ് മൊബിലിറ്റി ബില്ലിലെ 12 ആം വകുപ്പ് പ്രകാരം കുടിയേറ്റക്കാരായ ഇന്ത്യൻ പൗരരെ വ്യത്യസത വിഭാഗങ്ങളായി തിരിക്കുവാനും ഏതെങ്കിലും വിഭാഗത്തിന്റെ കുടിയേറ്റത്തിന് പ്രത്യേക നടപടിക്രമങ്ങളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുവാൻ സർക്കാരിന് കഴിയും എന്നുള്ളത് ആശങ്കഉള്ളവാകുന്നു

കുടിയേറ്റത്തിലെ സാമ്പത്തികം :-

ലോകത്തെ കുടിയേറ്റക്കാർ എല്ലാവരും കൂടി അവരുടെ നാടുകളിലേക്ക് 2000 ത്തിൽ 128 ബില്യൺ യുഎസ് ഡോളർ ആണ് അയച്ചിരുന്നുതെങ്കിൽ 2024 ൽ അത് 831 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചു.ഇന്ത്യക്ക് 2024ൽ 10.84 ലക്ഷം കോടി രൂപ വിദേശ നാ ണ്യമായി ലഭിച്ചിട്ടുണ്ട് .2022 വരെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ വിദേശ നാണ്യം ലഭിച്ചിരുന്നുവെങ്കിൽ 2024 മുതൽ മെക്സിക്കോ, ചൈന, ഫിലിപ്പീൻസ്,ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് കൂടുതൽ വിദേശ പണം കുടിയേറ്റക്കാരിലൂടെ ലഭിക്കുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളത്തിലാക്കായിരിന്നു ഏറ്റവും കൂടുതൽ വിദേശത്തു നിന്നും പണം ഒഴുകിയത്. അമേരിക്ക, UAE എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ പണം കുടിയേറ്റക്കാരിലൂടെ ഇന്ത്യയിൽ എത്തിയത്. കുടിയേറ്റ ജനത അയക്കുന്ന പണം കൊണ്ട് സമ്പത്ത് വ്യവസ്ഥ നടത്തിക്കൊണ്ടുപോകുന്ന രാജ്യങ്ങളെയും നമുക്ക് ലോകത്ത് കാണാം. താജികിസ്താൻ, ടോംഗോ, ലെബനോൻ, നേപ്പാൾ, ജമൈക്ക, എൽസൽവഡോർ എന്നീ രാജ്യങ്ങളാണ് അവ.

കുടിയേറ്റത്തിലെ ഭാവിസാധ്യതകൾ :-

ലോകത്ത് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന കാനഡയിൽ എക്സ്പ്രസ് എൻട്രി വിസ പദ്ധതി ആവിഷ്കരിച്ചതും, നോർവേ ഡെന്മാർക്ക് സ്വീഡൻ എന്നീ നോർഡിക്ക് രാജ്യങ്ങളിൽ സ്ഥിരം വിസ നൽകുന്ന പദ്ധതി തുടങ്ങിയതും, അമേരിക്കയിൽ ഗ്രീൻ കാർഡ് വിസകൾക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുട്ടെങ്കിലും സാങ്കേതിക വിദഗ്ധർക്ക് വിസ ലഭിക്കുന്നുണ്ട് എന്ന കാര്യവും, നികുതിരഹിത വരുമാനം ലഭിക്കുന്നതിന് UAE യിൽ ഗോൾഡൻ വിസ,ഗ്രീൻ വിസ എന്നിവ ലഭിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്. അതിവേഗം വളരുകയും വികസിക്കുകയും ചെയ്യുന്ന സിംഗപ്പൂരിലേക്കും കുടിയേറ്റക്കാർക്ക് നല്ല ഭാവിയാണ് ഉള്ളത്. അയർലൻഡിൽ സാങ്കേതിക മേഖലയിലും ഫാർമ മേഖലയിലും വലിയ സാധ്യതകൾ ഉണ്ടാവുന്നതും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കുടിയേറ്റക്കാർക്ക് അനുകൂലമായി നിയമങ്ങൾ നിലവിൽ വന്നതും കുടിയേറ്റക്കാരുടെ ഭാവി സാധ്യതകളാണ്. വികസിത രാജ്യങ്ങളിൽ പ്രായമുള്ളവരുടെ ജനസംഖ്യ വർദ്ധിക്കുന്നതും, വിദേശത്ത് പഠനത്തിനു പോയാൽ വിദ്യാഭ്യാസം കഴിഞ്ഞാൽ ജോലി ലഭിക്കുന്ന കാഴ്ചയും വലിയ രീതിയിൽ കുടിയേറ്റത്തിന് പ്രോത്സാഹനം നൽകുന്ന കാര്യങ്ങളാണ് . സ്വന്തം രാജ്യത്തിരുന്ന് മറ്റു രാജ്യങ്ങളിലെ കമ്പനിക്ക് വേണ്ടി ജോലി ചെയ്യാൻ കഴിയുന്ന റിമോട്ട് വർക്ക് വിസകളും വ്യാപകമാകുന്നുണ്ട്. കുടിയേറ്റത്തിന്റെ കാര്യത്തിൽ ഗിഗ് സമ്പത്ത് വ്യവസ്ഥയിലേക്ക് മാറാനുള്ള സാഹചര്യവും ഉണ്ടാകുന്നുണ്ട്. STEM (സയൻസ്, ടെക്നോളജി, എൻജിനീയറിങ്,മാത് സ് )എന്നീ മേഖലയിലെ വിദഗ്ധ തൊഴിലാളികൾക്ക് ഓസ്ട്രേലിയ, ന്യൂസിലാൻഡ്,ജർമ്മനി,
ബ്രിട്ടൻ,അയർലൻഡ് എന്നി രാജ്യങ്ങളിൽ വലിയ ഡിമാൻഡ് ഉള്ളതായി കാണുന്നുണ്ട്. നൂറ്റാണ്ടിന്റെ പ്രത്യേകതയായ നിർമ്മിത ബുദ്ധിയും അതിനോടനുബന്ധിച്ചുള്ള മേഖലകളിലും വൻ സാധ്യതകൾ കുടിയേറ്റക്കാരെ കാത്തിരിക്കുന്നു

ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം :-

അമേരിക്ക :45 ലക്ഷം
UAE :35 ലക്ഷം
മലേഷ്യ :29 ലക്ഷം
സൗദി അറേബ്യ :26 ലക്ഷം
മ്യാൻമാർ :20 ലക്ഷം
കാനഡ :17.7 ലക്ഷം
ബ്രിട്ടൻ :17.5 ലക്ഷം
ശ്രീലങ്ക :16 ലക്ഷം
ദക്ഷിണാഫ്രിക്ക :15 ലക്ഷം
കുവൈറ്റ് :11 ലക്ഷം
ഒമാൻ :7.79 ലക്ഷം
ഖത്തർ :7.45 ലക്ഷം
ബഹ്റൈൻ :3.23 ലക്ഷം
by

ടീ ഷാഹുൽ ഹമീദ്

9895043496

shahul1971@gmail.com

Leave a comment

Your email address will not be published. Required fields are marked *