March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • കായിക സംഘടനകളുടെ തലപ്പത്ത് വരേണ്ടത് മുൻ താരങ്ങള്‍’, ബാറ്റുപോലും പിടിക്കാനറിയാത്തവര്‍ എന്തിന് ക്രിക്കറ്റ് ഭരിക്കണമെന്ന് സുപ്രീംകോടതി

കായിക സംഘടനകളുടെ തലപ്പത്ത് വരേണ്ടത് മുൻ താരങ്ങള്‍’, ബാറ്റുപോലും പിടിക്കാനറിയാത്തവര്‍ എന്തിന് ക്രിക്കറ്റ് ഭരിക്കണമെന്ന് സുപ്രീംകോടതി

By editor on February 5, 2026
0 151 Views
Share

ദില്ലി:കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളുമെല്ലാം അധികാരം കൈയാളുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി.ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണമെന്നും, അല്ലാതെ ഒരു ബാറ്റ് പോലും പിടിക്കാന്‍ അറിയാത്തവരല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

 

 

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍. 1986 മുതല്‍ 2023 വരെ വെറും 164 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍, പെട്ടെന്ന് അംഗങ്ങളുടെ എണ്ണം വർധിച്ചതിനെ കോടതി ചോദ്യം ചെയ്തു. 1986 മുതല്‍ 2023 വരെ നിങ്ങള്‍ക്ക് 164 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 2023-ന് ശേഷം ഇതൊരു ‘ബമ്പർ ഡ്രോ’ പോലെ മാറിയത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം.

 

അസോസിയേഷൻ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനങ്ങള്‍ പ്രശസ്തരായ അന്താരാഷ്ട്ര താരങ്ങള്‍ക്കായി മാറ്റിവെക്കണമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.ക്രിക്കറ്റ് നിലനില്‍ക്കുന്നത് താരങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും ഭാരവാഹികളോ അധികാരികളോ ഉള്ളതുകൊണ്ടല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ക്രിക്കറ്റ് നിലനില്‍ക്കുന്നത് ക്രിക്കറ്റ് താരങ്ങള്‍ ഉള്ളതുകൊണ്ടാണ്. അതുപോലെ ഹോക്കി അസോസിയേഷൻ അറിയപ്പെടുന്നത് ഹോക്കി താരങ്ങള്‍ ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് അവര്‍ അർഹിക്കുന്ന ബഹുമാനം നല്‍കിയേ മതിയാകൂവെന്നും കോടതി പറഞ്ഞു.

 

മുൻ ഇന്ത്യൻ താരം കേദാർ ജാദവ് നല്‍കിയ പരാതിയെത്തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. എന്‍സിപി-എസ് പി എംഎല്‍എ രോഹിത് പവാറിന്‍റെ അടുത്ത ബന്ധുക്കളെയും ബിസിനസ് പങ്കാളികളെയും ഉള്‍പ്പെടുത്തി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്നാണ് കേദാർ ജാദവിന്‍റെ ആരോപണം. ഏകദേശം 401 പുതിയ അംഗങ്ങളെ നിയമവിരുദ്ധമായി തിരുകിക്കയറ്റിയെന്ന് ഹർജിയില്‍ പറയുന്നു. സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച്‌ ജനുവരി 6-ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജി പിൻവലിക്കാൻ അനുമതി നല്‍കിയ സുപ്രീം കോടതി, എല്ലാ വാദങ്ങളും ബോംബെ ഹൈക്കോടതിയില്‍ ഉന്നയിക്കാൻ നിർദ്ദേശിച്ചു. ഹൈക്കോടതി ഈ വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Leave a comment

Your email address will not be published. Required fields are marked *