March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • ‘അഫാന് കടുത്ത കുറ്റബോധം, കൂട്ടക്കൊലയിലേക്ക് നയിച്ച കാരണവും പറഞ്ഞു, മകനെ രക്ഷിക്കാനല്ല സിനിമക്കെതിരെ കേസ് നല്‍കിയത്’; അബ്ദുള്‍ റഹീം

‘അഫാന് കടുത്ത കുറ്റബോധം, കൂട്ടക്കൊലയിലേക്ക് നയിച്ച കാരണവും പറഞ്ഞു, മകനെ രക്ഷിക്കാനല്ല സിനിമക്കെതിരെ കേസ് നല്‍കിയത്’; അബ്ദുള്‍ റഹീം

By editor on February 5, 2026
0 96 Views
Share

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും പ്രതി അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം.

മിണ്ടാൻ പോലും ഒരു ബന്ധുവും വരാറില്ലെന്നും നാട്ടുകാരും ജമാഅത്തുമാണ് ആകെ ആശ്രയമെന്നും അബ്ദുള്‍ റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടക്കല്‍ ചിതറയില്‍ പച്ചക്കറി കട നടത്തിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. കടയില്‍ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പം കഴിയുന്നു.

 

അധ്വാനിച്ച്‌ പണിത വെഞ്ഞാറമൂടിലെ വീടിന്‍റെ ബാധ്യത കഴിഞ്ഞിട്ടില്ല.വല്ലപ്പോഴും അവിടെ പോയി ഒറ്റക്കിരുന്ന് കരയും. മകനും ഭാര്യയും 50 ലക്ഷം രൂപയുടെ കടമാണ് വരുത്തി വെച്ചത്. എന്തിനു വേണ്ടി ഈ പണം വാങ്ങിയെന്ന് ഇന്നും ഇവർ പറഞ്ഞിട്ടില്ല. ഇത്രയധികം പണം കടം വാങ്ങിയത് എന്തിനാണെന്ന് അഫാനോടും തന്‍റെ ഭാര്യയോടും ചോദിച്ചെങ്കിലും രണ്ടുപേരും മറുപടി നല്‍കിയില്ല. കൊലപാതകങ്ങള്‍ നടന്ന ദിവസം രണ്ടു ലക്ഷം രൂപ കടക്കാർക്ക് നല്‍കേണ്ട അവസ്ഥയിലായിരുന്നു ഭാര്യയും മകൻ അഫാനും. അന്ന് പല ബന്ധുക്കളെയും കണ്ടു ചോദിച്ചെങ്കിലും അവർ ആട്ടിയോടിച്ചു. അങ്ങനെയാണ് കൂട്ടക്കൊലയിലേക്ക് തിരിഞ്ഞതെന്നും അബ്ദുള്‍ റഹീം പറഞ്ഞു. കടബാധ്യതയാണ് കൂട്ടക്കൊലക്ക് കാരണം. നാട്ടില്‍ എത്തിയശേഷമാണ് ഇതൊക്കെ താൻ അറിയുന്നത്. വായ്പ നല്‍കിയതിന് അടുത്ത ബന്ധുക്കള്‍ അടക്കം വൻ പലിശ അഫാനില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. പലിശക്കാർ നിരന്തരം വിളിച്ചു ഭീഷണിയാണ് തിരികെ കൊടുക്കാൻ ഒരു നിവർത്തിയുമില്ല.

 

അഫാനെ ആദ്യം മെഡിക്കല്‍ കോളേജില്‍ പോയി കണ്ടത് ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ്. മാനസികമായി ഒറ്റപ്പെട്ട നിലയില്‍ ആയതിനാല്‍ താനും ഭാര്യയും കാണണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് ജയില്‍ അധികൃതർ ആവശ്യപ്പെട്ട് പല തവണ ജയിലില്‍ പോയി കണ്ടു. പൂർണമായും തകർന്ന നിലയിലാണ് മകൻ. അനിയൻ അഫ്സാൻ, സുഹൃത്ത് ഫർസാന, വല്ലുമ്മ സല്‍മ എന്നിവരെ ഓർത്തു കരയും. തന്നെ കാണുമ്പോ ഇത് മാത്രമേ അഫാൻ പറയാറുള്ളൂ. കടുത്ത കുറ്റബോധം അഫാനുണ്ട്. ഞാൻ മാപ്പു കൊടുത്താലും എന്ത് പ്രയോജനമെന്നും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലലോയെന്നും അബ്ദുള്‍ റഹീം ചോദിച്ചു. അഫ്സാനയുടെ കുടുംബത്തെ കണ്ടു മാപ്പ് പറയണം എന്നുണ്ട്

 

എന്നാല്‍, അവർ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തതു കൊണ്ട് വേണ്ടെന്ന് ജനപ്രതിനിധികള്‍ അടക്കം ഉപദേശിച്ചു. മകനെ സംരക്ഷിക്കാനാണ് താൻ സിനിമക്കെതിരെ കേസ് കൊടുത്തതെന്നു പറഞ്ഞു സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപിക്കുകയാണ്. സിനിമക്കെതിരെ കേസ് കൊടുത്തത് അത് കേസിനെ ബാധിക്കുമെന്ന നിലയിലാണെന്നും അതല്ലാതെ മകനെ സംരക്ഷിക്കാൻ വേണ്ടിയല്ലെന്നും അബ്ദുള്‍ റഹീം പറഞ്ഞു. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമക്കെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ളതാണ് സിനിമയെന്നും ഇത് കേസിനെ ബാധിക്കുമെന്നും ചൂണ്ടികാട്ടിയാണ് അബ്ദുള്‍ റഹീം ഹര്‍ജി നല്‍കിയത്.

 

സിനിമയുടെ റിലീസ് മാറ്റിവെച്ചു

 

അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന കാലം പറഞ്ഞ കഥ എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. സിനിമയുടെ സ്ക്രീനിങ് പൂർത്തിയായില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതോടെയാണ് റിലീസ് മാറ്റിയത്. ഫെബ്രുവരി എട്ടിനാണ് സ്ക്രീനിങ് എന്ന് ബോർഡ് ഹൈക്കോടതിയില്‍ അറിയിച്ചു. ഫെബ്രുവറി ആറിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം, സിനിമയുടെ ട്രെയ്ലറും അപകീർത്തികരമാണെന്ന് പ്രതി അഫാൻ്റെ പിതാവ് അബ്ദുള്‍ റഹീം പറഞ്ഞു. ഇതോടെ ട്രെയ്ലർ കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സിനിമ തടയണമെന്ന അഫാൻ്റെ പിതാവിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായത്.

 

Leave a comment

Your email address will not be published. Required fields are marked *