January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • രാജ്‌കോട്ടില്‍ രാജകീയ ജയത്തോടെ പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ; ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്

രാജ്‌കോട്ടില്‍ രാജകീയ ജയത്തോടെ പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ; ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്

By on January 14, 2026 0 34 Views
Share

CRICKET

ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നര മുതല്‍ രാജ്‌കോട്ടിലാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.വഡോദരയിലെ ഒന്നാം ഏകദിനത്തില്‍ ഇടയ്‌ക്കൊന്ന് പതറിയെങ്കിലും 4 വിക്കറ്റിനായിരുന്നു ന്യൂസീലന്‍ഡിനെതിരായ ഇന്ത്യന്‍ ജയം.301 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 2ന് 234 റണ്‍സെന്ന നിലയില്‍ നിന്ന് പൊടുന്നനെ 5ന് 242ലേക്ക് വീണെങ്കിലും ഹര്‍ഷിത റാണയുടെ കാമിയോ ഇന്നിങ്‌സും ക്രീസില്‍ ഉറച്ച് നിന്ന കെഎല്‍ രാഹുലിന്റെയും കരുത്തില്‍ വിജയലക്ഷ്യം തൊട്ടു.

പരമ്പര വിജയം അവസാന കളിയിലേക്ക് നീട്ടാതെ രാജ്‌കോട്ടില്‍ തന്നെ കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയാണ് ശുഭ്മാന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഏകദിന ക്യാപ്റ്റനായി ആദ്യ കിരീടവും ഗില്‍ മോഹിക്കുന്നു. വിരാട് കോലിയുടെ ഉജ്ജ്വല ഫോമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. 93 റണ്‍സ് നേടിയ കോലിയായിരുന്നു വഡോദരയില്‍ കളിയിലെ താരമായത്. കഴിഞ്ഞ അഞ്ച് കളിയിലും 50 പ്ലസ് സ്‌കോര്‍ നേടിയ കോലിയുടെ രാജ്‌കോട്ടിലെ റെക്കോര്‍ഡും കരുത്തുറ്റതാണ്. നാല് മത്സരങ്ങളില്‍ മൂന്നിലും അര്‍ധസെഞ്ചുറി നേടിയ കോലിയാണ് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണടിച്ച താരം.

കഴിഞ്ഞ മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം 26ല്‍ വീണെങ്കിലും ഹിറ്റ്മാന്‍ രോഹിത് ശര്‍മയിലും പ്രതീക്ഷകളേറെയാണ്. വാഷിങ്ടണ്‍ സുന്ദര്‍ പരുക്കേറ്റ് പുറത്തായതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയോ അതോ ആയുഷ് ബദോനിക്ക് അരങ്ങേറ്റത്തിന് അവസരമോ എന്നതിലാണ് കൗതുകം.

കഴിഞ്ഞ കളിയില്‍ ആവോളം തല്ല് വാങ്ങിക്കൂട്ടിയ പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി അര്‍ഷ്ദീപ് സിങിനെ പ്ലയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ബാറ്റര്‍മാരെല്ലാം തകര്‍ത്തടിച്ചപ്പോള്‍ പരിചയ സമ്പന്നരല്ലാത്ത ബൗളിങ് നിരയാണ് ആദ്യ കളിയില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. പരമ്പര നഷ്ടമാകാതിരിക്കാന്‍ ജീവന്മരണപ്പോരിന് ഇറങ്ങുമ്പോള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെ തീരൂ കിവികള്‍ക്ക്.

Leave a comment

Your email address will not be published. Required fields are marked *