February 11, 2026
  • February 11, 2026
Breaking News
  • Home
  • Uncategorized
  • മഞ്ചക്കലിൽ ബാർ ഹോട്ടൽ തുറക്കാൻ നീക്കം: പ്രദേശവാസികൾ പ്രതിഷേധക്കൂട്ടായ്മ നടത്തി

മഞ്ചക്കലിൽ ബാർ ഹോട്ടൽ തുറക്കാൻ നീക്കം: പ്രദേശവാസികൾ പ്രതിഷേധക്കൂട്ടായ്മ നടത്തി

By on February 4, 2026 0 16 Views
Share

മാഹി: മഞ്ചക്കലിലെ പഴയ വി.എൻ.എം ഗോൾഡ് കെട്ടിടം രൂപ മാറ്റം വരുത്തി ലോഡ്ജാക്കി മാറ്റുന്നതിനെതിരെ മഞ്ചക്കൽ റസിഡൻ്റ്സ് അസോസിയേഷൻ പ്രതിഷേധക്കൂട്ടായ്മ നടത്തി. ടൂറിസത്തിൻ്റെ മറവിൽ ഇവിടെ ബാർ ഹോട്ടൽ ആരംഭിക്കാനുള്ള നീക്കം നടക്കുന്നതിനാലാണ് ജനകീയ പ്രതിഷേധം.15-ഓളം ലോഡ്ജ് മുറികളുള്ളതാണ് ഈ ബാർ ഹോട്ടൽ. ഹോട്ടലോ ലോഡ്ജോ തുടങ്ങുന്നതിനുള്ള നിയമങ്ങളൊന്നും പാലിക്കാതെയാണ് അധികൃതരെ സ്വാധീനിച്ച് ഇത് തുടങ്ങുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു. മാലിന്യ – മലിനജല സംസ്കരണം, വാഹന പാർക്കിങ്ങ് തുടങ്ങിയ സംവിധാനങ്ങളൊരുക്കാൻ സ്ഥലമില്ലാത്തിടത്താണ് ലോഡ്ജ്, ഹോട്ടൽ കം ബാർ തുടങ്ങുന്നത്. മഞ്ചക്കൽ ജുമാ മസ്ജിദിനും മദ്രസക്കും മഞ്ചക്കൽ ശ്രീനാരായണ മഠത്തിനും സമീപത്താണിത്. ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പർശമേറ്റ പ്രദേശമാണിത്.
പുഴയോര നടപ്പാതയോട് ചേർന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ഈ പ്രദേശത്ത് അനധികൃതമായി ബാർ ഹോട്ടൽ തുറക്കാൻ അനുവദിക്കില്ലെന്ന് യോഗത്തിൽ പ്രഖ്യാപിച്ചു. മാഹിയിൽ മിക്കയിടങ്ങളിലും ജനങ്ങളുടെ പ്രതിഷേധങ്ങൾ അവഗണിച്ചാണ് നിയമ ലംഘനങ്ങൾ നടക്കുന്നത്. ഇത് മാതൃകയാക്കാനാണിവർ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ബാർ ഹോട്ടൽ തുറക്കുന്നത് ജനങ്ങളുടെ സ്വൈരജീവിതത്തെയും പുഴയോരത്ത പരിസ്ഥിതിയെയും സാരമായി ബാധിക്കുമെന്ന ആശങ്കയുമായാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മഞ്ചക്കൽ മദ്രസ പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ മേരി ജോർജ് അധ്യക്ഷത വഹിച്ചു. പി.വി.ചന്ദ്രദാസ്, പള്ളിയൻ പ്രമോദ്, ഉത്തമരാജ് മാഹി, കെ.പി. ജയരാജൻ, ഗഫൂർ മണ്ടോളി, പി.പ്രദീപ്, വസന്ത് മങ്ങാട്, ലുബിന എന്നിവർ പ്രസംഗിച്ചു.

ബാർ തുടങ്ങാൻ അനുവദിക്കില്ല – എം.എൽ.എ.

മഞ്ചക്കലിൽ മസ്ജിദിനും ശ്രീനാരായണ മഠത്തിനും സമീപം തുടങ്ങുന്ന ഹോട്ടലിൽ ബാർ തുടങ്ങാൻ അനുവദിക്കില്ലെന്ന് രമേശ് പറമ്പത്ത് എം.എൽ.എ.അറിയിച്ചു.

മുണ്ടോക്ക് റസിഡൻ്റ്സ് അസോസിയേഷൻ ബാർ ഹോട്ടൽ തുറക്കുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതായി പ്രസിഡൻ്റ് പള്ളിയൻ പ്രമോദ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *