February 16, 2026
  • February 16, 2026
Breaking News
  • Home
  • Uncategorized
  • ശബരിമല യുവതീ പ്രവേശനം; യെസ് ഓര്‍ നോ പറയേണ്ട വിഷയമല്ല, എല്ലാ വശങ്ങളും ആലോചിച്ച് തീരുമാനിക്കും: പി രാജീവ്

ശബരിമല യുവതീ പ്രവേശനം; യെസ് ഓര്‍ നോ പറയേണ്ട വിഷയമല്ല, എല്ലാ വശങ്ങളും ആലോചിച്ച് തീരുമാനിക്കും: പി രാജീവ്

By on February 16, 2026 0 36 Views
Share

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ടെന്ന് മന്ത്രി പി രാജീവ്. യെസ് ഓര്‍ നോ പറയേണ്ട വിഷയമല്ലിത്. എല്ലാ വശങ്ങളും ആലോചിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീംകോടതി വിധി അനുസരിക്കലാണ്. സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങളുണ്ട്. ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും പി രാജീവ് വ്യക്തമാക്കി.

 

യുവതീ പ്രവേശനത്തെ അനുകൂലിക്കുമോ തിരുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പി രാജീവ് മറുപടി നൽകിയില്ല. വിശ്വാസവും സാമൂഹിക പരിഷ്കരണവും ഒപ്പം പോകണം. ഇതേ നിലപാടാണ് സർക്കാർ സത്യവാങ്മൂലത്തിലുള്ളതെന്നും പി രാജീവ് പറഞ്ഞു.

അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഏപ്രിലിൽ ഏഴിന് വിശദവാദം തുടങ്ങും. ശബരിമല യുവതീ പ്രവേശമുൾപ്പെടെ മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനസംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. അഭിഭാഷകനായ കെ പരമേശ്വറിനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ക്കുകയായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നിലപാടെടുത്തു.

പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22ഓടുകൂടി വാദം അവസാനിപ്പിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ വിവരങ്ങള്‍ അറിയിക്കും.

Leave a comment

Your email address will not be published. Required fields are marked *