February 20, 2026
  • February 20, 2026
Breaking News
  • Home
  • Uncategorized
  • കേരള സ്റ്റോറി 2 വിവാദം; MSF നിലപാട് കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഒറ്റുകൊടുക്കുന്നത്; വിമർശിച്ച് SFI നേതാവ്

കേരള സ്റ്റോറി 2 വിവാദം; MSF നിലപാട് കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഒറ്റുകൊടുക്കുന്നത്; വിമർശിച്ച് SFI നേതാവ്

By on February 20, 2026 0 53 Views
Share

തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറി 2 വിനെതിരായ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റിനെതിരെ രംഗത്തുവന്ന എംഎസ്എഫ് നേതാവിന് മറുപടിയുമായി എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ്. ‘കേരള സ്റ്റോറി’ വിഷയത്തിൽ എംഎസ്എഫ് സ്വീകരിക്കുന്ന വിചിത്ര നിലപാട് കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഒറ്റുകൊടുക്കുന്നതും സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിന് വളം പകരുന്നതുമാണെന്ന് സയ്യിദ് മുഹമ്മദ് സാദിഖ് ആരോപിച്ചു.

 

കേരളീയ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന സംഘപരിവാറിന്റെ കള്ള സ്റ്റോറികളോട് മലയാളികൾ ഒന്നടങ്കം പ്രതിഷേധമുയർത്തുന്ന സന്ദർഭമാണിത്. മലയാളികൾ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിർബന്ധപൂർവ്വമല്ലെന്നും ആഘോഷത്തിന്റെയും ആതിഥേയത്വത്തിന്റെയും ഭാഗമായാണെന്നും വിളംബരം ചെയ്യുന്ന ബീഫ് ഫെസ്റ്റിവലുകളിലൂടെ ‘റിയൽ കേരള സ്റ്റോറി’ മുന്നോട്ട് വെയ്ക്കുകയാണ് എസ്എഫ്‌ഐയെന്നും സയ്യിദ് മുഹമ്മദ് സാദിഖ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റിനെതിരെ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫാണ് രംഗത്തുവന്നത്. ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നിൽക്കുമെന്നോ തെറ്റിദ്ധാരണ സിപിഐഎമ്മിന് ഇപ്പോഴുമുണ്ടോയെന്നും വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്, ആർഎസ്എസ്സിന്റെ വർഗീയ-ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും നജാഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

 

വിശ്വാസികളെല്ലാം വർഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ആർഎസ്എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല. കേരളത്തിലെ ഹൈന്ദവരിൽ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവർ കഴിക്കട്ടെ പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂർവം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കിൽ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആർഎസ്എസ്സ് അല്ലെന്നും നജാഫ് കുറിപ്പിൽ പറഞ്ഞിരുന്നു.

ബീഫ് നിരോധനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന പോലെ ബീഫ് കഴിക്കാൻ നിർബന്ധിതരാക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. ആരോടും ബീഫ് കഴിക്കരുതെന്ന് മലയാളികൾ പറയാറില്ല. അതുപോലെ ബീഫ് കഴിക്കാൻ ആരെയും നിർബന്ധിക്കാറുമില്ല. ഗോമാംസം കഴിക്കുന്നത് നിഷിദ്ധമാണെന്ന് കരുതുന്ന ഒരു ഹൈന്ദവ വിശ്വാസിയുണ്ടെങ്കിൽ അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടണം. വെജിറ്റേറിയനായ സാത്വികരുണ്ടെങ്കിൽ അതും ബഹുമാനിക്കപ്പെടണം. ഗോമാംസം നിഷിദ്ധമായ ഒരു വിശ്വാസ സമൂഹത്തെ സംബന്ധിച്ച് ബീഫ് ഫെസ്റ്റ് തീർത്തും അരോചകമാണ്. വിശ്വാസത്തോടുള്ള വെല്ലുവിളിയാണ്. ആർഎസ്എസ്സിന്റെ വർഗീയ -ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല. ഒരു മുസ്ലിം വിശ്വാസിയാണെങ്കിൽ പന്നിമാംസം കഴിക്കില്ല. എന്ന് കരുതി ആരും കഴിക്കരുതെന്ന നിർബന്ധവും ഇല്ല. പക്ഷെ ഒരു പോർക്ക് ഫെസ്റ്റ് നടത്തി ആഘോഷിച്ചാൽ അതിൽ മതവിരുദ്ധതയുണ്ട്, പരിഹാസവുമുണ്ട്. എല്ലാ വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണണം. അല്ലാതെ വിശ്വാസികളെ മുഴുവൻ വർഗീയതയുടെ ആലയിൽ കൊണ്ടുപോയി കെട്ടരുതെന്നും നജാഫ് വിമർശിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *