April 10, 2026
  • April 10, 2026
Breaking News
  • Home
  • Uncategorized
  • ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പാതി വഴിയിലോ?

ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പാതി വഴിയിലോ?

By on April 10, 2026 0 4 Views
Share

United Nations Day 2022:ഐക്യരാഷ്ട്ര ദിനം 2022: ചരിത്രവും പ്രാധാന്യവും അറിയാം - United Nations Day 2022: History and all you need to know - Malayalam News

ടി ഷാഹുൽ ഹമീദ്

“നമ്മുടെ ഗൃഹത്തിന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി മറ്റാരെങ്കിലും അത് രക്ഷിക്കുമെന്ന വിശ്വാസമാണ്”

റോബർട്ട് സ്വാൻ (പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ )

2015 ൽ ഐക്യരാഷ്ട്ര സഭ ‘അജണ്ട 2030’ എന്ന പേരിൽ 17 ലക്ഷ്യങ്ങൾ നേടാൻ വിഭാവന ചെയ്യുകയും ആയത് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്തിരിന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ വെറും ഒരു പട്ടികയല്ല മറിച്ച് വരും തലമുറക്കായി കരുതിവെക്കുന്ന സുരക്ഷിതമായ നിക്ഷേപമാണ്.ഒരു രാജ്യം മാത്രം വികസിച്ചത് കൊണ്ട് കാര്യമില്ല ലോകം ഒന്നായി മുന്നേറിയാൽ മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതമായി നിലനിൽക്കുവാൻ സാധിക്കുകയുള്ളൂ. ഐക്യരാഷ്ട്രസഭ ആവിഷ്കരിച്ച സുസ്ഥിരവികസന ലക്ഷ്യങ്ങൾ വെറും വികസന പദ്ധതികൾ അല്ല മറിച്ച് ഭൂമിയുടെയും മനുഷ്യരാശിയുടെയും നിലനിൽപ്പിനുള്ള ഒരു ബ്ലൂ പ്രിന്റ് ആണ്. സുസ്ഥിര വികസനം എന്നത് ഇന്നത്തെ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം ഭാവി തലമുറയുടെ അവസരങ്ങളെ ഇല്ലാതാക്കാതിരിക്കലുമാണ്.എല്ലാ ലക്ഷ്യങ്ങളും 100% പൂർത്തീകരിക്കുവാൻ പ്രയാസമാണെങ്കിലും ഓരോ രാജ്യവും അവരുടെ തദ്ദേശീയമായ ഇടപെടലുകളിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.
2030 ലേക്കുള്ള ദൂരം കുറഞ്ഞു വരികയാണ് ആരെയും പിന്നിലാക്കാതെയുള്ള സമീപനം ഐക്യരാഷ്ട്രസഭ സ്വീകരിച്ചിട്ടും പ്രധാന ലക്ഷ്യങ്ങൾ നേടാൻ നിശ്ചയിച്ച 169 ലക്ഷ്യങ്ങളിൽ 13 മുതൽ 17% വരെ മാത്രമാണ് പുരോഗതി ഉണ്ടായിട്ടുള്ളത്,ചില ലക്ഷ്യങ്ങളിൽ 35% പുരോഗതി കാണിക്കുന്നുണ്ടെങ്കിലും 2030നകം പൂർത്തീകരിക്കുവാൻ സാധിക്കുകയില്ല,മറ്റ് ലക്ഷ്യങ്ങളുടെ പ്രവർത്തനം ഒന്നുകിൽ നിശ്ചലമാവുകയോ അല്ലെങ്കിൽ നടപ്പിലാക്കുന്നതിൽ പിറകോട്ടോ ആണ്.

17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ

1) ദാരിദ്രനിർമാർജനം
2) പട്ടിണിരഹിത ലോകം
3) എല്ലാ പ്രായത്തിലുള്ളവരുടെയും ആരോഗ്യവും ക്ഷേമവും

4)ഗുണനിലവാരമുള്ള വിദ്യാഭ്യാസം
5) ലിംഗ സമത്വം 6)എല്ലാവർക്കും ശുദ്ധജല ലഭ്യതയും ശുചിത്വ പരിപാലനവും
7) കുറഞ്ഞ ചെലവിൽ വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊർജ്ജം ലഭ്യമാക്കുക
8) മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും
9) കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക
10) അസമത്വം കുറക്കുക 11)സുസ്ഥിരനഗരങ്ങളും സമൂഹങ്ങളും

12) ഉത്തരവാദിത്വത്തോടെയുള്ള ഉപഭോഗവും ഉൽപാദനവും
13) കാലാവസ്ഥ പ്രതിരോധം 14)ജലത്തിനടിയിലുള്ള ജീവിതം സുസ്ഥിരമാക്കൽ 15)കരയിലെ ജീവിതം സുസ്ഥിരമാക്കൽ 16)സമാധാനം നീതി ശക്തമായ സ്ഥാപനങ്ങൾ
17) ലക്ഷ്യങ്ങൾക്കായി പങ്കാളിത്തം

ലക്ഷ്യങ്ങളിൽ മൂന്നാമതായി പറഞ്ഞ ആരോഗ്യരംഗത്ത് ശിശു മരണനിരക്ക് കുറക്കുന്നതിലും പടരുന്ന രോഗങ്ങളെ നിയന്ത്രിക്കുന്നതിലും പല രാജ്യങ്ങളും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. നാലാമതായി പറഞ്ഞ വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തിൽ വലിയ മുറ്റം മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ശുദ്ധമായ ഊർജ്ജം നേടുക എന്ന ലക്ഷ്യത്തിൽ പുനരൂപയോഗ ഊർജ്ജ സ്രോതസുകളിലേക്കുള്ള മാറ്റം പലയിടത്തും വേഗത്തിൽ നടക്കുന്നുണ്ട്,എങ്കിലും കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യവും അസമത്വവും, ലിംഗസമത്വം എന്നീ ലക്ഷ്യങ്ങൾ പൂർണമായും കൈവരിക്കുവാൻ ഇനിയും ദശാബ്ദങ്ങൾ വേണ്ടി വരുന്നതാണ്. എല്ലാ ലക്ഷ്യങ്ങളും ഒന്നിച്ചു നേടാൻ കഴിയുകയില്ല എന്ന യാഥാർത്ഥ്യത്തിൽ നിന്നും ആറ് മേഖലകളിൽ പ്രത്യേക ഊന്നൽ നൽകിയാണ് ഐക്യരാഷ്ട്രസഭ മുന്നോട്ടുപോകുന്നത്. ഭക്ഷ്യ സുരക്ഷ, ഊർജ്ജം,ഡിജിറ്റൽ വിനിമയം, വിദ്യാഭ്യാസവും തൊഴിലും, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് അത്.

ലക്ഷ്യങ്ങളുടെ ഇന്നത്തെ അവസ്ഥ :-

ദാരിദ്ര്യവും പട്ടിണിയും ഇല്ലാത്ത ലോകം, പരിസ്ഥിതി സംരക്ഷിച്ച്‌ കാലാവസ്ഥാ നീതി ഉറപ്പുവരുത്തുന്ന ലോകക്രമം,ശുദ്ധ വായു,ശുദ്ധജലം എന്നിവ സകല മനുഷ്യർക്കും ലഭ്യമാകുന്ന സംവിധാനം, തുല്യത ഉറപ്പുവരുത്തി അസമത്വം കുറച്ച് സാമൂഹ്യ രീതി ലഭ്യമാകുന്ന പ്രതലം, ലോകരാജ്യങ്ങൾ തമ്മിലും ജനങ്ങൾ തമ്മിലും ഉള്ള സമാധാനപരമായ സഹവർത്തിത്വം നൂതന സാങ്കേതികവിദ്യ എല്ലാ ജനങ്ങൾക്കും പ്രാപ്യമാക്കി സാങ്കേതിക ഭദ്രത ഉറപ്പുവരുത്തും എന്നിങ്ങനെയുള്ള ഉദാത്തവും പുരോഗമനപരമായ ലക്ഷ്യങ്ങളാണ് ലോകം 2030 നേടാൻ ആഗ്രഹിച്ചത്, പ്രസ്തുത ലക്ഷ്യങ്ങളുടെ നിലവിലുള്ള അവസ്ഥ ഒന്ന് പരിശോധിക്കാം.

നേടാൻ ഉദ്ദേശിച്ച ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. 2030 ഓടെ വിശപ്പില്ലാത്ത ലോകത്തിനായി ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടി വരും. പ്രതിദിനം 2.15 അമേരിക്കൻ ഡോളറിൽ താഴെ വരുമാനമുള്ള വരെയാണ് അതി ദരിദ്രർ (Extreem poor ) ആയി കണക്കാക്കുന്നത്. ലോക ജനസംഖ്യയുടെ 10% ജനങ്ങളും ഇപ്പോഴും അതി ദരിദ്രരാണ്.84.7 കോടി ജനങ്ങളെ അതി ദാരിദ്ര്യത്തിൽ നിന്നും എങ്ങനെ മോചിപ്പിക്കുവാൻ സാധിക്കും എന്നത് വലിയ ചോദ്യചിഹ്നമാണ്. ലോകത്ത് 11ൽ ഒരാൾ പട്ടിണി അനുഭവിക്കുന്നു. 77 ലക്ഷം പേർ കടുത്ത ക്ഷാമം അനുഭവിക്കുന്നു. ലോകത്തെ 29 % അതായത് 240 കോടി ജനങ്ങൾ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. ആഫ്രിക്കയിലെ ജനങ്ങളിൽ അഞ്ചിൽ ഒന്നും പട്ടിണിയിലാണ്. വിലക്കയറ്റം 12% കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളാണ് ലോകത്ത് കൂടുതൽ ഉള്ളത്. ലോകത്ത് നടക്കുന്ന യുദ്ധവും സംഘർഷവുമാണ് ആഗോള പട്ടിണിയുടെ 60% ന്റെയും കാരണം.3.1 കോടി ജനങ്ങൾ പട്ടിണിയിലായ നൈജീരിയ, 2.5 കോടിയിൽ അധികം പട്ടിണിയിലായ സുഡാൻ. 95 % ജനങ്ങളും പട്ടിണിയിലായ ഗാസ. ഹെയ്ത്തി,സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ ജനങ്ങളിൽ 50% പേരും പട്ടിണിയിലാണ് ഈ സാഹചര്യത്തിൽ പട്ടിണിയില്ലാത്ത ലോകം 2030 ൽ സാധ്യമാകുമോ എന്നത് സംശയമാണ്.

ലോകത്ത് 280 കോടി ജനങ്ങൾക്കും ഗുണനിലവാരമുള്ള പോഷകാഹാരം വാങ്ങിക്കുവാനുള്ള സാമ്പത്തികശേഷിയില്ല.കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 71% വരെയാണ്. ലോകത്ത് സംഭവിക്കുന്ന ശിശു മരണങ്ങളിൽ 50 % വും പോഷകാഹാര കുറവുകൊണ്ടാണ് സംഭവിക്കുന്നത്. ഓരോ വർഷവും പട്ടിണി മൂലം മരിക്കുന്ന 90 ലക്ഷം ആളുകളിൽ മൂന്നിൽ ഒന്നും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ്.
ഇതിനെ മറികടക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്രസഭ ആവിഷ്കരിച്ച് യു എൻ വേൾഡ് ഫുഡ് പ്രോഗ്രാം നടപ്പിലാക്കണമെങ്കിൽ 2026ൽ മാത്രം 1.3 ബില്യൺ യുഎസ് ഡോളർ ആവശ്യമാണ്. അസ്തിത്വ പ്രശ്നം നേരിടുന്ന ഐക്യരാഷ്ട്രസഭയ്ക്ക് എത്ര ഭീമമായ തുക എങ്ങനെ ഉണ്ടാക്കുവാൻ കഴിയും എന്നത് ആശങ്കയുള്ളവാക്കുന്നു.

വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 2026 ൽ ആഗോളതാപനില 1.43 ഡിഗ്രി സെൽഷ്യസ് ആയി വർദ്ധിച്ചു.2029 ൽ ഇത് 1.5 ഡിഗ്രി സെൽഷ്യസ് കടക്കും. ഹരിതഗൃഹവാതകങ്ങളായ കാർബൺഡയോക്സൈഡ്,മീഥയിൻ എന്നിവയുടെ അളവ് അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കുന്നു. ചൂടുകാരണം ഹിമാനി കൾ ഉരുകുന്ന പ്രതിഭാസം വർദ്ധിച്ചുവരുന്നു.2015 -25 കാലയളവിലാണ് ചരിത്രത്തിൽ ഏറ്റവും ചൂടറിയ വർഷങ്ങൾ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിൽ ഏറ്റവും കുറവ് സംഭാവന ചെയ്യുന്ന ആഗോള തെക്ക് രാജ്യങ്ങളിലെ ദരിദ്ര രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കേണ്ടി വരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിലൂടെ ദരിദ്ര രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഐക്യരാഷ്ട്രസഭ ആവിഷ്കരിച്ച പദ്ധതികൾക്ക് 1.3 ട്രില്യൺ യൂ എസ് ഡോളർ വേണം, ഇത് നൽകുവാൻ വൻകിട രാജ്യങ്ങൾ മടിച്ചു നിൽക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ജനങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാത്തത് വലിയ പ്രശ്നമായി ലോകത്ത് നിലനിൽക്കുകയാണ്.
10 % ജനങ്ങൾക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നുള്ളൂ.
2026 ൽ 100ലധികം രാജ്യങ്ങൾ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് നീങ്ങുന്നുവെങ്കിലും ലോകം കാലാവസ്ഥ പ്രതിസന്ധിയുടെ മുമ്പിൽ തന്നെയാണ് ഉള്ളത് എന്ന് ലോകത്ത് നടന്ന പല പ്രകൃതി ദുരന്തങ്ങളും ചൂണ്ടിക്കാണിക്കുന്നു.

2026 ലെ ലോക അസമത്വ റിപ്പോർട്ട് പരിശോധിച്ചാൽ ലോകത്ത് ഏറ്റവും സമ്പന്നരായ 10% ആളുകളുടെ കൈകളിലാണ് ആഗോള സമ്പത്തിന്റെ 75% ഉള്ളതെന്ന് മനസ്സിലാക്കാവുന്നതാണ്.താഴെത്തട്ടിലുള്ള 50% ജനങ്ങളുടെ കയ്യിൽ ആഗോള സമ്പത്തിന്റെ വെറും 2% മാത്രമാണ് ഉള്ളത്. ഇന്ത്യയിൽ 10% സമ്പന്നർ 58% വരുമാനം കൈകാര്യം ചെയ്യുന്നു.പുരുഷന്മാർക്ക് ലഭിക്കുന്നതിന്റെ 61 % ആണ് സ്ത്രീകൾക്ക് വേതനം ലഭിക്കുന്നുള്ളൂ. ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 15 % മാത്രമാണ് ഇതൊക്കെ കാണിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ നേടുന്നതിന് നിലവിൽ ഈ മേഖലയിലുള്ള പ്രവർത്തനങ്ങൾ നിരാശജനകമാണ് എന്നതാണ്.

ലോകം ഏറ്റവും അസമാധാനമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്.
0.56 % സമാധാനം ലോകത്ത് കുറഞ്ഞു. പലസ്തീനിലെ ഇസ്രയേൽ അധിനിവേശം,ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം, സുഡാനിലെ ആഭ്യന്തര കലഹം, ഉക്രൈൻ -റഷ്യ സംഘർഷം, മ്യാൻമാർ,ഹെയ്ത്തി എന്നീ രാജ്യങ്ങളിൽ ഉണ്ടായിട്ടുള്ള ആഭ്യന്തര കലഹങ്ങൾ, ഐക്യരാഷ്ട്രസഭയുടെ സമാധാന സേന ലോകത്ത് 12 രാജ്യങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്, ചില രാജ്യങ്ങളിൽ നിന്നും സേന പിൻവലിയുന്നത് ചൂടുള്ള ചർച്ചക്ക് കാരണമായിട്ടുണ്ട്.

ലോകത്തിന്റെ സാമ്പത്തിക വളർച്ച കോവിഡ് മുമ്പുള്ള കാലത്തിലേക്കുള്ള വളർച്ച നിരക്കിൽ എത്തിയിട്ടില്ല. നിലവിൽ ആഗോള സാമ്പത്തിക വളർച്ച 2.8% മാത്രമാണ് പഴയകാലത്ത് 3.2% വരെയായിരുന്നു. തൊഴിലില്ലായ്മ 5% നും വിലക്കയറ്റം 12% നും മുകളിലാണ്. വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ 60% വും വലിയ കടക്കണിയിലാണ്.

പ്രതീക്ഷ

2025 ൽ ബ്രസീലിലെ ബേലത്ത് നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിലെ ആക്ഷൻ പ്ലാൻ പ്രകാരം തൊഴിൽ മനുഷ്യാവകാശമായി പ്രഖ്യാപിച്ചതും, പരിസ്ഥിതി അവകാശം രാജ്യങ്ങൾക്കിടയിൽ നീതിപൂർവമായി ഉറപ്പിക്കുവാൻ തീരുമാനിച്ചതും, വലിയ പ്രതീക്ഷയാണ് നൽകുന്നത്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള സാങ്കേതികവിദ്യയുടെ വിടവുകൾ കുറക്കുവാൻ ദോഹ പൊളിറ്റിക്കൽ ഡിക്ലറേഷൻ 2026 പ്രകാരം പല പുതിയ തീരുമാനങ്ങളും ഉണ്ടായത് നേട്ടമായി കരുതുന്നു. ഇതുവഴി ഓപ്പൺ ഡാറ്റ പോളിസിയും സാമൂഹ്യ സുരക്ഷിതത്വം എന്നിവയിൽ പുതിയ ചലനങ്ങൾ രാജ്യങ്ങൾക്കിടയിൽ ഉണ്ടാകുവാൻ വേണ്ടി പോവുകയാണ്.

2026 ൽ തുർക്കിയിലെ അന്റാലിയയിൽ വച്ച് നടക്കുന്ന COP 31 ഉച്ചകോടി, ഫോസിൽ ഇന്ധനങ്ങളായ കൽക്കരി,പെട്രോൾ എന്നിവയുടെ ഉപയോഗം പൂർണമായി നിർത്തലാക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടാനുള്ള പ്രയാണത്തിലെ വലിയ ദിശാസൂചകമായി മാറുന്നതാണ്.2026 ൽ നടന്ന ഹൈലൈവൽ പൊളിറ്റിക്കൽ ഫോറത്തിൽ വിദഗ്ധന്മാർ മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതായിട്ടുണ്.നിലവിലുള്ള രീതിയിൽ നിന്നും ഇന്റർനാഷണൽ മോണിറ്ററിങ് ഫണ്ട്‌ (ഐഎംഎഫ് ),വേൾഡ് ബാങ്ക് എന്നിവയെ ഉടച്ച് വാർക്കണം. വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് ഉപാധിരഹിത വായ്പകൾ നൽകണം. ലാഭേച്ഛയില്ലാതെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് രാജ്യങ്ങൾക്ക് ഗ്രാൻഡ് നൽകണം. ഡാറ്റാ ശേഖരണത്തിൽ രാജ്യങ്ങൾ ഏകാത്മകത പുലർത്തണം, സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് തദ്ദേശീയ പങ്കാളിത്തം ഉറപ്പുവരുത്തണം. 2026 നെ നിർമിതി ബുദ്ധിയുടെ പക്വതയുടെ വർഷം എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ 2026 ഹൈഡ്രജൻ ഏകീകരണത്തിന്റെ വർഷവുമാണ്. ഹരിത ഹൈഡ്രജൻ ഉൽപാദനം രാജ്യങ്ങൾ വർധിപ്പിക്കണം ചൈന 40% ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട് ഇത് മറ്റു രാജ്യങ്ങൾ പിന്തുടരണം. 100 മണിക്കൂറിലധികം ലൈഫുള്ള ബാറ്ററികളുടെ ഉല്പാദനം ലോകത്ത് സാർവത്രികമാകണം. ലീധിയം അയെൺ ഫോസ്ഫേറ്റ് ബാറ്ററികൾ രാജ്യങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കണം

2026 ജൂലൈയിൽ പാരീസിൽ വച്ച് നടക്കുന്ന ആഗോള നിർമിതി ബുദ്ധി AI സമ്മിറ്റിനെ രാജ്യങ്ങൾ ഉറ്റു നോക്കുകയാണ്.5 ജി സൗകര്യം 60% ജനങ്ങളിൽ എത്തിയതും,2026ൽ 6ജി കൂടുതൽ വ്യാപിപ്പിക്കുന്ന ഘട്ടത്തിലാണ് ഉച്ചകോടി നടക്കാൻ പോകുന്നത്. ഇന്റർനെറ്റ് ലഭ്യത ഭക്ഷണവും വെള്ളവും പോലെ അത്യന്താപേക്ഷിതമാണ് എന്ന ഐക്യരാഷ്ട്ര സഭ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുന്നതിന് ആഗോള ഉച്ചകോടി ഉപകരിക്കുന്നതാണ്. ഉപഗ്രഹത്തിലൂടെ യുള്ള ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കുകയും ഏജന്റിക്ക് AI ക്ക് പ്രചുര പ്രചാരം ലഭിച്ചതും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് വേഗത വർധിപ്പിക്കുന്നതാണ്. കൂടാതെ ജനീവയിൽ വച്ച് നടന്ന ഐടി യു യോഗത്തിൽ എല്ലാവർക്കും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാകണമെന്ന ആഹ്വാനം രാജ്യങ്ങൾ ഉൾക്കൊള്ളേണ്ടത് ആയിട്ടുണ്ട്.

ഉപസംഹാരം:-

ഐക്യരാഷ്ട്രസഭ വെറുമൊരു സ്ഥാപനമല്ല മറിച്ച് 193 രാജ്യങ്ങളെ ഒരുമിച്ചു കൊണ്ടു വന്ന് വികസനത്തിന്റെ മാനദണ്ഡം നിശ്ചയിക്കുവാൻ കഴിഞ്ഞ മഹാപ്രസ്ഥാനമാണ്. ഡാറ്റാ അധിഷ്ഠിതമായി ഭരിക്കാൻ ഐക്യരാഷ്ട്രസഭയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കുവാൻ അധികാരം ഇല്ലാത്തതും ചില ലക്ഷ്യങ്ങൾ ചില രാജ്യങ്ങളിൽ അപ്രയോഗികമാ കുന്നതും വലിയ പ്രശ്നം സൃഷ്ടിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ആഗോള പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നതും, 2026 ൽ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനത്തിന് അടിയന്തരമായും 4 ട്രില്ല്യൺ യുഎസ് ഡോളർ ആവശ്യമുള്ളത് ലഭിക്കാത്ത അവസ്ഥയിൽ വട്ടം കറങ്ങി നിൽക്കുന്ന ഐക്യരാഷ്ട്രസഭക്ക് എങ്ങനെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ നേടാൻ കഴിയും എന്നത് സംശയമായി തീർന്നിരിക്കുകയാണ്. അമേരിക്കയുടെ നിരന്തരമായ നിസ്സഹകരണം കൊണ്ട് ഐക്യരാഷ്ട്രസഭ വീർപ്പുമുട്ടുന്ന ഒരു സാഹചര്യത്തിൽ വികസന ലക്ഷ്യങ്ങളുടെ ഭാവി പ്രവചനാതീതമായി തന്നെ തുടരുന്നതാണ്. ലോകത്ത് പല അടിയന്തര പ്രശ്നങ്ങളും അടിക്കടി ഉണ്ടാകുന്നത് നിലവിൽ നിശ്ചയിച്ച പല മുൻഗണനകളെയും ലക്ഷ്യങ്ങളെയും മാറ്റിമറിച്ചിട്ടുണ്ട് ഇത് 20030 ൽ ഐക്യരാഷ്ട്രസഭ നേടാൻ നിശ്ചയിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്
by
ടി ഷാഹുൽ ഹമീദ്
9895043496
shahul1971@gmail.com

Leave a comment

Your email address will not be published. Required fields are marked *