February 13, 2026
  • February 13, 2026
Breaking News
  • Home
  • Uncategorized
  • കള്ളനോട്ടില്‍ ദാവൂദ് ബന്ധം കണ്ടെത്തിയ, കടല്‍ക്കൊലയില്‍ ഇറ്റാലിയന്‍ നാവികരെ അഴിക്കുള്ളിലുമാക്കിയ എസ്.പി പി വിക്രമന് ഐ.പി.എസ് തിളക്കം

കള്ളനോട്ടില്‍ ദാവൂദ് ബന്ധം കണ്ടെത്തിയ, കടല്‍ക്കൊലയില്‍ ഇറ്റാലിയന്‍ നാവികരെ അഴിക്കുള്ളിലുമാക്കിയ എസ്.പി പി വിക്രമന് ഐ.പി.എസ് തിളക്കം

By editor on February 12, 2026
0 98 Views
Share

തിരുവനന്തപുരം: രാജ്യത്തെ കള്ള നോട്ട് ഇടപാടില്‍ രാജ്യാന്തര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ബന്ധം കണ്ടെത്തുകയും കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ അഴിക്കുള്ളിലാക്കുകയും ചെയ്ത, കുറ്റാന്വേഷണ മികവില്‍ കേരള പോലീസിന്റെ അഭിമാനമായ എസ്.പി പി വിക്രമന് ഐ.പി.എസ് തിളക്കം.

നിലവില്‍ തിരുവനന്തപുരം എക്‌സൈസ് വിജിലന്‍സ് എസ്.പിയാണ് അദ്ദേഹം. മലപ്പുറം ജില്ലയിലെ ചാലിയാര്‍ മൊടവണ്ണ സ്വദേശിയായ വിക്രമന് ഐ.പി.എസ് അനുവദിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.

 

എന്‍.ഐ.എയിലും സംസ്ഥാന പോലീസിലുമായി രാജ്യത്തിന് അഭിമാനമായ അന്വേഷണ മികവിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ അടക്കം മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് വിക്രമന്‍.

 

കേരളത്തിലേക്ക് ഒരു കോടിയിലേറെ രൂപയുടെ കള്ള നോട്ട് കടത്തിയ കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ പങ്ക് കണ്ടെത്തിയ അന്വേഷണമികവിനാണ് എന്‍.ഐ.എ എ.എസ്.പി യായിരിക്കെ 2016ല്‍ വിക്രമന് രാഷ്ട്രപതിയുടെ സുസ്ത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്. 2008 ആഗസ്റ്റ് 16ന് കരിപ്പൂര്‍ വിമാനത്താവളംവഴി കടത്തിയ 72 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ച കേസില്‍ വിക്രമന്റെ നേതൃത്വത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി അംഗവും മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയുമായ താഹിര്‍ മര്‍ച്ചന്റ് എന്ന താഹിര്‍ തക്ലിയ ദാദയുടെ പങ്ക് പുറത്ത് വന്നത്. ദുബൈ വഴി ഇന്ത്യയിലെത്തിച്ച ഇയാളെ കള്ളനോട്ടുകേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ നിന്നും അച്ചടിച്ച്‌ ദുബായ് വഴിയാണ് കള്ളനോട്ട് കേരളത്തിലേക്കെത്തിച്ചത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി

വിമാനത്താവളം വഴി കടത്തിയ ഒരു കോടിയിലേറെ രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐ പരിശീലനം ലഭിച്ച താഹിര്‍ തക്ലിയ ദാദ ഐ.എസ്.ഐ ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു. പാക്കിസ്ഥാനിലെ അഫ്ഖാന്‍ ബോര്‍ഡറിലെ ജയിലില്‍വെച്ചാണ് ഐ.എസ്.ഐയുടെ നേതൃത്വത്തില്‍ കള്ളനോട്ടുകള്‍ അടിച്ച്‌ ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്കെത്തിച്ചതെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ചാവക്കാട്ടുകാരനായ മുഹമ്മദ് റാഫിയെയും അറസ്റ്റു ചെയ്തിരുന്നു. നേരത്തെ കൊഫോപോസ കേസില്‍ പിടിയിലായ റാഫിക്കിന് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതും വിക്രമന്റെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘമാണ്.

എന്‍.ഐ.എ ചെന്നൈ യൂണിറ്റിലായിരിക്കുമ്പോഴാണ് ഇറ്റാലിയന്‍ നാവികര്‍ മലയാളി മത്സ്യതൊഴിലാളികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. 1995ല്‍ എസ്.ഐയായി പോലീസ് സര്‍വീസില്‍ കയറിയ വിക്രമന്‍ നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച്‌ നൂറ്റി അന്‍മ്പതിലേറെ ഗുഡ് സര്‍വീസ് എന്‍ട്രി നേടിയ ഉദ്യോഗസ്ഥനാണ്. ഡി.വൈ.എസ്.പിയായിരിക്കെ കുറ്റാന്വേഷണമികവ് കണക്കിലെടുത്താണ് 2012ല്‍ വിക്രമനെ എന്‍.ഐ.എയിലേക്ക് എ.എസ്.പിയായി ഡെപ്യൂട്ടേഷനില്‍ നിയോഗിച്ചത്. ചേലേമ്പ്ര സൗത്തമലബാര്‍ ഗ്രാമീണ ബാങ്കില്‍ നിന്നും 80 കിലോ സ്വര്‍ണവും 15 ലക്ഷം രൂപയും കൊള്ളയടിച്ച പ്രതികളെ പിടികൂടിയത് വിക്രമന്‍ അടങ്ങുന്ന സംഘമാണ്. കാസര്‍ഗോഡ് പേര്യ, പൊന്ന്യം തിരൂര്‍ ബാങ്ക് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തിലുമുണ്ടായിരുന്നു അദ്ദേഹം.

 

ഏറെ കോളിളക്കം സൃഷ്ടിച്ച കൃഷ്ണപ്രിയ വധക്കേസ്, മഞ്ചേരി മേലാക്കം ഫാത്തിമ വധക്കേസ് എന്നിവയില്‍ കുറ്റമറ്റ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. കൂടാതെ തമിഴ് കവര്‍ച്ചാ സംഘത്തെ അതിസാഹസികമായി പിടികൂടിയിരുന്നു. കുപ്രസിദ്ധ ഹൈവേ കവര്‍ച്ചാ സംഘത്തലവന്‍ കോടാലി ശ്രീധരനെയും പിടികൂടിയിട്ടുണ്ട്. കുറ്റാന്വേഷണത്തില്‍ എന്‍.ഐ.എ അമേരിക്കയില്‍ പരിശീലനം നല്‍കിയിരുന്നു. കൂടാതെ എന്‍.ഐ.എക്കു വേണ്ടി വിദേശരാജ്യങ്ങളില്‍ പോയി അന്വേഷണവും നടത്തിയിട്ടുണ്ട്. ചാലിയാര്‍ മൊടവണ്ണയിലെ പരേതനായ വെട്ടിക്കോട്ട് ശങ്കരന്‍നായരുടെയും പ്രഭാവതിയുടെയും മകനാണ് ഇദ്ദേഹം. ഇപ്പോള്‍ വണ്ടൂരിനടുത്ത് നടുവത്താണ് താമസം മമ്പാട്ട് മൂല പാറല്‍ ഹൈസ്‌ക്കൂള്‍ അധ്യാപിക ബിന്ദുവാണ് ഭാര്യ. മക്കള്‍: വിദ്യാര്‍ത്ഥികളായ ലക്ഷ്മി, പാര്‍വ്വതി

Leave a comment

Your email address will not be published. Required fields are marked *