June 29, 2026
  • June 29, 2026
Breaking News
  • Home
  • Uncategorized
  • ‘പ്രിയദര്‍ശിനി’ മൂലം പ്രതിദിനം 3000 രൂപ നഷ്ടം’; വയനാട്ടില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക് പ്രതിഷേധം

‘പ്രിയദര്‍ശിനി’ മൂലം പ്രതിദിനം 3000 രൂപ നഷ്ടം’; വയനാട്ടില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക് പ്രതിഷേധം

By on June 29, 2026 0 46 Views
Share

കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി പ്രതിഷേധം. ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. പ്രിയദര്‍ശിനി സൗജന്യ യാത്രയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പ്രിയദര്‍ശിനി സൗജന്യ യാത്ര മൂലം തങ്ങള്‍ പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു.

പ്രിയദര്‍ശനി പദ്ധതി മൂലം പ്രതിദിനം 3000 രൂപ വരുമാനത്തില്‍ കുറവെന്നാണ് ബസുടമകള്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കാനും തീരുമാനമുണ്ട്. സര്‍വീസ് നിര്‍ത്തി വെയ്ക്കാനായി 280 സ്വകാര്യ ബസുകളാണ് ജില്ലയില്‍ ജി ഫോം നല്‍കിയത്.

കഴിഞ്ഞ ദിവസം കാസര്‍കോട് ഇരുപതോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്നാണ് വിവരം. അന്തര്‍ സംസ്ഥാന ബസുകളിലുള്‍പ്പടെ യാത്രക്കാരില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. കോഴിക്കോട് നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ഒരു ദിവസം ഒരു ബസിന് മാത്രം 4000 രൂപയോളം നുഷ്ടമെന്നാണ് ഇവര്‍ പറയുന്നത്.

കാസര്‍കോട് നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അടക്കം കെഎസ്ആര്‍ടിസി ബസുകളെയാണ് ഇപ്പോള്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത്. കാസര്‍കോട് എഴ് ബസ് റൂട്ടുകളോളം കര്‍ണാടകയുമായി ബന്ധിപ്പിക്കുന്നതാണ്. ഈ റൂട്ടുകളിലൊന്നും സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറുന്നില്ല. ഒരു ദിവസം 115 രൂപ മാത്രമാണ് സര്‍ക്കാരില്‍ നിന്ന് കിട്ടുന്നതെന്നതും പ്രതിസന്ധിയാണ്.തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സ്വകാര്യ ബസ് മേഖലയിലുള്ളതെന്നും ഇവര്‍ പറയുന്നു. കാസര്‍കോട് വെറും മൂന്ന് റൂട്ടുകളില്‍ മാത്രമാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്തത്. എന്നാല്‍ ഇതൊക്കെ പരമാവധി 15 -18 രൂപ പോയിന്റുകള്‍ മാത്രമാണെന്നതും പ്രതിസന്ധിയാണ്.

കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകളടക്കം നിര്‍ത്താനാണ് തീരുമാനം. ഒരു ദിവസം 4000 മുതല്‍ 6000 വരെയാണ് നഷ്ടം എന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. പ്രിയദര്‍ശിനി സൗജന്യ യാത്ര വന്ന പശ്ചാത്തലത്തില്‍ സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറുമ്പോള്‍ അവരോടൊപ്പമുള്ള പുരുഷന്‍മാരും അത്തരം ബസുകള്‍ തന്നെ ഉപയോഗിക്കുന്നതും സ്വകാര്യ ബസില്‍ യാത്രക്കാര്‍ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

കോഴിക്കോടിന്റെ ഉള്‍പ്രദേശങ്ങളായ കുറ്റ്യാടി, കുന്ദമംഗലം, താമരശേരി, മുക്കം, മാവൂര്‍, വടകര, കൊയിലാണ്ടി അടക്കമുള്ള പ്രദേശങ്ങളില്‍ വലിയ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്. ഇത്തരം മേഖലകളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. പകുതി സര്‍വീസുകളോളം ഇപ്പോള്‍ തന്നെ നിര്‍ത്തിയിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധന നടപ്പിലാക്കുകയോ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഇതിനോടകം ബസുടമകള്‍ നിവേദനം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഒരു സമരത്തിലേക്ക് പോകാന്‍ ബസ് സംഘടനകള്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്നാണ് ബസുടമകള്‍ പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *