July 3, 2026
  • July 3, 2026
Breaking News
  • Home
  • Uncategorized
  • ഇക്കുറി പൊങ്കലില്‍ പുതുപുത്തൻ സാരിയും മുണ്ടും; മാസങ്ങള്‍ക്ക് മുൻപേ പണിതുടങ്ങി വിജയ് സര്‍ക്കാര്‍; 300 കോടി അനുവദിച്ചു

ഇക്കുറി പൊങ്കലില്‍ പുതുപുത്തൻ സാരിയും മുണ്ടും; മാസങ്ങള്‍ക്ക് മുൻപേ പണിതുടങ്ങി വിജയ് സര്‍ക്കാര്‍; 300 കോടി അനുവദിച്ചു

By editor on July 3, 2026
0 14 Views
Share

 

ചെന്നൈ: തമിഴ്നാട്ടിലെ അടുത്ത പൊങ്കല്‍ മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ ആരംഭിച്ച്‌ ടിവികെ സർക്കാർ. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകള്‍ക്കും സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തുടരുന്നതിന് സ‍ർ‌ക്കാർ ഭരണാനുമതി നല്‍കി.

വസ്ത്ര നി‍ർമ്മാണത്തിനും സംഭരണത്തിനുമുള്ള ആദ്യ ഗഡുവായി 300 കോടി രൂപ സ‍ർക്കാർ അനുവദിച്ചു. ഇതുസംബന്ധിച്ചു കൈത്തറി കരകൗശല, വസ്ത്രവകുപ്പ് ഉത്തരവിറക്കി.

സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി മേഖലയ്ക്ക് താങ്ങാകാനായി സഹകരണ സംഘങ്ങളിലെ കൈത്തറി നെയ്ത്തുകാരില്‍ നിന്നാണ് മുണ്ടും സാരിയും സ‍ർക്കാർ വാങ്ങുന്നത്. ഹാൻഡ്‍ലൂം ഡയറക്ടറേറ്റിൻ്റെ മേല്‍നോട്ടത്തിലാണ് വസ്ത്ര നി‍ർമ്മാണവും സംഭരണവും നടക്കുന്നത്. വസ്ത്രങ്ങള്‍ നിർമ്മിച്ച ശേഷം തമിഴ്നാട് സിവില്‍ സപ്ലൈസ് കോർപറേഷൻ്റെ വെയർഹൗസുകളിലേക്ക് അവ മാറ്റും.

പദ്ധതി നടത്തിപ്പിനായി 642.88 കോടി രൂപയാണ് സർക്കാർ ചെലവ് കണക്കാക്കുന്നത്. വർഷങ്ങളായി ഒരേ നിലവാരത്തിലുള്ള സാരിയും മുണ്ടുമാണ് പൊങ്കലിന് വിതരണം ചെയ്തുവരുന്നത്. എന്നാല്‍ അടുത്ത വർഷത്തെ പൊങ്കലിന് പുതിയ തരം സാരിയും മുണ്ടും അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റോക്കുള്ള പഴയ തരം വസ്ത്രങ്ങള്‍ വാർധക്യ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ദീപാവലിയോട് അനുബന്ധിച്ച്‌ വിതരണം ചെയ്യും.

 

ജില്ലകളില്‍നിന്ന് ലഭിച്ച കണക്കനുസരിച്ച്‌ 2,27,83,417 സാരികളും 2,25,14,094 മുണ്ടുകളുമാണ് വിതരണത്തിന് വേണ്ടത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന തല മേല്‍നോട്ട സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണ‍ർ, സിവില്‍ സപ്ലൈസ് ആൻ്റ് കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷണർ, ഹാൻഡ്‍ലൂം ആൻ്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടർ എന്നിവരാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നത്. പൊങ്കലിന് മുന്നോടിയായി വസ്ത്രങ്ങള്‍ കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പാക്കാനായി സമിതി നിർമ്മാണ, സംഭരണ ഘട്ടങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

Leave a comment

Your email address will not be published. Required fields are marked *