April 10, 2026
  • April 10, 2026
Breaking News
  • Home
  • Uncategorized
  • പാലക്കാട് വോട്ടിന് കോഴ; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർ ഡി ഒ

പാലക്കാട് വോട്ടിന് കോഴ; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർ ഡി ഒ

By on April 10, 2026 0 5 Views
Share

വോട്ടിന് കോഴ ആരോപണത്തിൽ പാലക്കാട് എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ആർ ഡി ഒയാണ് ശോഭാസുരേന്ദ്രന്റെ മൊഴി എടുത്തത്. ശോഭാ സുരേന്ദ്രന് ഒപ്പമെത്തി പണം നൽകിയ സിമി സജീവിന്റെ ചിത്രങ്ങൾ കോൺഗ്രസ്‌ പുറത്തുവിട്ടിരുന്നു. ശോഭ വോട്ട് ചോദിച്ച് മടങ്ങിയ ഉടനെയാണ് സിമി പണം നൽകിയത്. ഈ ദൃശ്യങ്ങളാണ് കോൺഗ്രസ്‌ പുറത്തുവിട്ടത്.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലായിരുന്നു സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പാലക്കാട് പ്രചാരണത്തിന് എത്തിയപ്പോൾ സിമി ശോഭ സുരേന്ദ്രൻ ഒപ്പമുണ്ടായിരുന്നു. എന്നാൽ തന്റെ ഒപ്പം പ്രമീള ശശിധരൻ ഒഴികെ മറ്റൊരു വനിത ഉണ്ടായിരുന്നില്ല എന്നാണ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചിരുന്നത്.ആരോപണങ്ങൾ പൂർണമായും ശോഭാ സുരേന്ദ്രൻ നിഷേധിച്ചിരുന്നു.

പണം കൊടുക്കാൻ എത്തിയ വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ ശോഭാസുരേന്ദ്രൻ ഉണ്ടായിരുന്നുവെന്നാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കാറിന്റെ ദൃശ്യങ്ങൾ കോൺ​ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ സ്ഥാനാർഥി ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *