July 16, 2026
  • July 16, 2026
Breaking News
  • Home
  • Uncategorized
  • അന്ന് മെസ്സി കുളിപ്പിച്ച കുഞ്ഞ്, ഇന്ന് കലാശപ്പോരിൽ അതേ മെസ്സിയുടെ എതിരാളി; മെസ്സി – യമാൽ ചിത്രം വൈറൽ

അന്ന് മെസ്സി കുളിപ്പിച്ച കുഞ്ഞ്, ഇന്ന് കലാശപ്പോരിൽ അതേ മെസ്സിയുടെ എതിരാളി; മെസ്സി – യമാൽ ചിത്രം വൈറൽ

By on July 16, 2026 0 30 Views
Share

മ്യൂണിക്: ഫോട്ടോഗ്രാഫർമാർ ഈ ചിത്രം പകർത്തിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ട് തികയാൻ പോകുന്നതേയുള്ളൂ. 2007 ഡിസംബറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ താരമായിരുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒരു കുട്ടിയെ കുളിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞിനെ ഫുട്‌ബോൾ ലോകകപ്പിന്റെ ഫൈനലിൽ നേരിടാനൊരുങ്ങുകയാണ് മെസ്സി. അന്ന് അഞ്ച് മാസം മാത്രം പ്രായമുണ്ടായിരുന്നു കുഞ്ഞ് മറ്റാരുമല്ല, ബാഴ്‌സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും വലതു വിങ്ങിലെ വിശ്വസ്തൻ ലമിൻ യമാൽ.
ഫ്രാൻസിനെ കീഴടക്കി സ്‌പെയിനും ഇംഗ്ലണ്ടിനെ കീഴടക്കി അർജന്റീനയും കലാശപ്പോരിന് ടിക്കറ്റെടുത്തതോടെ ഈ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.


ബാഴ്സലോണയുടെ ആസ്ഥാനത്തുവെച്ചായിരുന്നു ഈ ചിത്രങ്ങൾ പകർത്തിയത്. യമാലിന് അഞ്ചു മാസം മാത്രമായിരുന്നു അന്ന് പ്രായം. മെസ്സിക്കാകട്ടെ 20 വയസും. ഫുട്‌ബോൾ ലോകത്ത് അന്നേ തന്റെ പ്രതിഭയെ അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു മെസ്സി.

ആ മെസ്സിക്ക് ഇന്ന് 39 വയസ്, യമാലിന് 19-ഉം. മെസ്സി തന്റെ അവസാന ലോകകപ്പിന്റെ ഫൈനലിനൊരുങ്ങുമ്പോൾ യമാലിനിത് തന്റെ കന്നി ലോകകപ്പാണ്. യമാലിന്റെ പിതാവ് മുനിർ നസ്രോയിയാണ് മുമ്പ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മെസ്സിയെ പോലെ തന്നെ ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെയായിരുന്നു യമാലിന്റെയും വളർച്ച.


ഈ പഴയ ചിത്രത്തിലെ കഥാപാത്രങ്ങൾ ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരികയാണ്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും അച്ചടക്കമുള്ള പ്രതിരോധവും മധ്യനിരയുമാണ് സ്പെയിനിന്റെ കരുത്ത്. മറുവശത്ത് കടുത്ത മത്സരങ്ങളും പ്രതിസന്ധികളും അതിജീവിച്ചാണ് മെസ്സിയും സംഘവുമെത്തുന്നത്. ലോകകപ്പിലെ നോക്കൗട്ട് ഘട്ടങ്ങളിലെല്ലാം തന്നെ തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചുവന്ന് വിജയം കൊയ്‌തവരാണ് അർജന്റീന സംഘം.
തന്റെ ഐതിഹാസികമായ കരിയറിന്റെ അവസാന ഘട്ടത്തിൽ നിൽക്കുന്ന ലയണൽ മെസ്സി, അർജൻ്റീനയ്ക്കായി ഒരു ലോകകപ്പ് കൂടി നേടാനുള്ള ശ്രമത്തിലാണ്. മറുവശത്ത്, 2024-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഇതിനകം സ്വന്തമാക്കിയ 19-കാരനായ ലാമിൻ യമാൽ തന്റെ കരിയറിന്റെ ഉദയത്തിലും. 20-ാം തീയതി ന്യൂ ജേഴ്സി സ്റ്റേഡിയത്തിലെ കലാശപ്പോരിൽ ആരുടെ ചുണ്ടിലായിരിക്കും അവസാന പുഞ്ചിരി എന്ന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

Leave a comment

Your email address will not be published. Required fields are marked *