June 4, 2026
  • June 4, 2026
Breaking News
  • Home
  • Uncategorized
  • കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്താമാകുന്ന ധവളപത്രം ഇന്ന് സഭയില്‍; കിഫ്ബിയില്‍ പൊളിച്ചെഴുത്തിന് സാധ്യത

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്താമാകുന്ന ധവളപത്രം ഇന്ന് സഭയില്‍; കിഫ്ബിയില്‍ പൊളിച്ചെഴുത്തിന് സാധ്യത

By editor on June 4, 2026
0 32 Views
Share

തിരുവനന്തപുരം: കേരളത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.

രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ധവളപത്രത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കും. തുടർന്ന്, മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും വിശദാംശങ്ങള്‍ സഭയെ അറിയിക്കുകയും ചെയ്യും.

 

കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക നീക്കിയിരുപ്പുകളും ബാധ്യതകളുമാകും ധവളപത്രത്തില്‍ പ്രധാനമായും ഉണ്ടാവുക. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക വിനിയോഗം, നികുതി പിരിവിലുണ്ടായ വലിയ വീഴ്ചകള്‍ എന്നിവ റിപ്പോർട്ടില്‍ അക്കമിട്ട് നിരത്തും. ഇതിനുപുറമെ, കേന്ദ്ര സർക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ കൃത്യമായ കണക്കുകളും അവയുടെ വിനിയോഗവും സംബന്ധിച്ച വിവരങ്ങളും ഇതില്‍ വിശദീകരിക്കും.

 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന പരിഷ്കരണ നിർദേശങ്ങള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻ സർക്കാർ വലിയ തോതില്‍ ആശ്രയിച്ചിരുന്ന കിഫ്ബിയുടെ ഘടനയിലും പ്രവർത്തനത്തിലും കാര്യമായ പൊളിച്ചെഴുത്തുകള്‍ വി.ഡി. സതീശൻ സർക്കാർ ഈ റിപ്പോർട്ടിലൂടെ മുന്നോട്ട് വച്ചേക്കും.

 

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പഠിക്കാൻ സർക്കാർ നിയോഗിച്ച കെ.എം. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലുള്ള സമിതി തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്ന് സഭയില്‍ വയ്ക്കുന്നത്. ഈ സമിതിയുടെ കണ്ടെത്തലുകളും നിർദേശങ്ങളുമാകും വരാനിരിക്കുന്ന വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക.

 

സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തന്നെ വിസ്മയിപ്പിക്കുന്ന വിവരങ്ങളടങ്ങുന്ന ധവളപത്രം വരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ‘ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാൻ നോക്കേണ്ട’ എന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നല്‍കിയ മറുപടി. അതിനാല്‍ റിപ്പോർട്ട് അവതരിപ്പിക്കുന്ന വേളയില്‍ ഇന്നത്തെ നിയമസഭാ സമ്മേളനം ഏറെ പ്രക്ഷുബ്ധമാകാനാണ് സാധ്യത.

 

അതേസമയം, സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരുമ്പോള്‍, ജൂണ്‍ 15 മുതല്‍ കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്ര എങ്ങനെ നടപ്പാക്കുമെന്നത് പ്രധാന ചർച്ചയാകും. ആദ്യഘട്ടത്തില്‍ ഓർഡിനറി ബസുകളില്‍ മാത്രം ഈ സൗകര്യം ഏർപ്പെടുത്തിയാല്‍ മതിയെന്നാണ് വകുപ്പ് മന്ത്രിയുടെ നിലപാടെങ്കിലും, ഓർഡിനറിയിലും ഫാസ്റ്റ് പാസഞ്ചറിലും ഇത് നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശിച്ചിട്ടുള്ളത്.

 

മുഖ്യമന്ത്രിയുടെ നിർദേശം അംഗീകരിച്ചാല്‍ പ്രതിമാസം 80 മുതല്‍ 90 കോടി രൂപ വരെ കെഎസ്‌ആർടിസിക്ക് അധികമായി നല്‍കേണ്ടിവരുമെന്നതിനാല്‍, ഇതിനായുള്ള വരുമാന സ്രോതസ് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിലും മന്ത്രിസഭയില്‍ വിശദമായ ചർച്ച നടക്കും. ഇതിനുപുറമെ, കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷണത്തിന് വിടുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനവും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും.

Leave a comment

Your email address will not be published. Required fields are marked *